Wednesday, October 18, 2006

ബൂര്‍ഷ്വാ സ്ങ്കള്‍പ്പമല്ലെ സഖാവേ?

കേട്ട കഥ-1

തൃശ്ശൂരിലെ ഏതോ വൈകുന്നേരങ്ങളിലെ സൊറപറച്ചിലിനിടയില്‍ എന്റെ പ്രിയസുഹൃത്തും എഞ്ചിനീയറുമായ ശ്രീ ഭരതേട്ടന്‍ ഒരു കഥ പറയുകയുണ്ടായി. അതു ഓഷോ യുടെ ഒരു നര്‍മ്മകഥയാണെന്നും ഒന്നാണെന്നും ഒരു വാദമുണ്ട്‌ അറിയില്ല.

ഒരിക്കല്‍ ഒരു പ്രമുഖ താടിക്കാരന്‍ സഖാവ്‌ മരിച്ചപ്പോ സ്വാഭാവികമായും തന്റെ ദൈവനിഷേധത്തിന്റെ പേരില്‍ നരകത്തില്‍ എത്തിയത്രെ. അവിടെ ചെന്നതും അവിടത്തെ കൊടും പീഠനങ്ങളും അന്യായങ്ങളും കണ്ട്‌ സഖാവിന്റെ വിപ്ലവവീര്യം പുറത്തുചാടി. അദ്ദേഹം ഭൂമിയില്‍ താന്‍ ഉണ്ടാക്കിയ സമരങ്ങളെയും വിപ്ലവങ്ങളെയും അവിടെയും അങ്ങട്‌ തുടങ്ങാന്‍ തീരുമാനിച്ചു.

കുറച്ചാളുകളെ കൂട്ടി പൊതുയോഗം വിളിച്ചു. ജീവിച്ചിരുന്നപ്പോ ഭൂമിയില്‍ ഉണ്ടായിരുന്ന അറിയപ്പെടുന്ന പുണ്യാളന്മാര്‍ നേതാക്കന്മാര്‍ സാമൂഹികപ്രവര്‍ത്തകര്‍ ബുദ്ധിജീവികള്‍ ഒക്കെ ആയിരുന്നു കൂടുതലും. മരണശേഷം ഭൂമീലെ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത്‌ അവര്‍ക്ക്‌ നേരിട്ട്‌ നരകത്തില്‍ക്ക്‌ എണ്ട്രി ലഭിച്ചതാണ്‌. ആദ്യ മീറ്റിങ്ങില്‍ തന്നെ പണിമുടക്കും സമരവും പ്രഖ്യാപിച്ചു. നരകത്തില്‍ പിന്നെ സമരങ്ങളുടേയും ഹര്‍ത്താലുകളുടേയും ഒരു നീണ്ട നിര. nsrtc (നരക സ്റ്റേറ്റ്‌ ട്രാന്‍സ്പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ വക ബസ്സുകള്‍ പന്തം കൊളുത്തിപ്പട അഗ്നിക്കിരയായി, കടകമ്പോളങ്ങള്‍ അടഞ്ഞു. നരകം ആകെ സ്തംബിച്ചു. ഇരിക്കപ്പൊറുതിയില്ലാണ്ടായപ്പോ നരകത്തിന്റെ ഇഞ്ചാര്‍ജുള്ള ചുള്ളന്‍ സമരക്കാരുമായി ചര്‍ച്ചക്ക്‌ തയ്യാറായി. ഒരു ഫലവും ഇല്ല. സമരക്കാര്‍ പുള്ളിയെ തടഞ്ഞു വച്ചു.. റിപ്പോര്‍ട്ടുചെയ്യാന്‍ ചെന്ന മാധ്യമക്കാര്‍ക്കു നേരെ ആക്രമണം ഉണ്ടായി. എഴുത്താളര്‍ വേറെ സമരം നടത്തി. ചുരുക്കിപ്പറഞ്ഞാ ത്രിവര്‍ണ്ണക്കാര്‍ ഭരിക്കുമ്പള്‍ത്തെ കേരളത്തിന്റെ അവസ്ഥയായി.

നരകത്തില്‍ നിന്നും മാസത്തില്‍ ഒരിക്കല്‍ റിപ്പോര്‍ട്ട്‌ സ്വര്‍ഗ്ഗത്തില്‍ നേരിട്ടെത്തിക്കുന്ന ഒരു പരിപാടിയുണ്ട്‌.റിപ്പോര്‍ട്ട്‌ ഏതാണ്ട്‌ കേരളത്തിലെ സമരദിനങ്ങളുടെ പത്രങ്ങള്‍ മാതിരി. സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കാരനായ മാലാഖയോട്‌ ഇവിടെ നടക്കുന്ന കാര്യങ്ങള്‍ നരകകാവല്‍ക്കാരന്‍ വിശദമായി പറഞ്ഞു. പുതിയതായി എത്തിയ ഒരുവന്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണിതൊക്കെ എന്നും അവനെ എത്രയും വേഗം ഒതുക്കാന്‍ ഒരു ഉപായം ഉണ്ടാക്കിത്തരണം എന്നും നരകകാവല്‍ക്കാരന്‍ കരഞ്ഞു പറഞ്ഞു. തല്‍ക്കാലം അവനെ ദൈവം അറിയാതെ ഒരാഴ്ച്ച ഇവിടെ പാര്‍പ്പിക്കണം എന്നും അതോടെ പ്രശ്നങ്ങള്‍ തെരുമെന്നു പറഞ്ഞു.

"ഹേയ്‌ കേട്ടടത്തോളം അതോണ്ടൊന്നും അവന്‍ നേരയാകുന്ന് തോന്നുന്നില്ല."സ്വര്‍ഗ്ഗത്തിലെ കാവല്‍ക്കാരന്‍ പറഞ്ഞു.
"തീര്‍ച്ചയായും ഇവിടെയുള്ള ഈ സുഖഭോഗങ്ങളും സുന്ദരിമാരേയും കണ്ടാല്‍ അവന്റെ വിപ്ലവം അതോടെ തീരും. ഭൂമിയില്‍ അതിനു നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്‌."
ജനങ്ങള്‍ പ്രതീക്ഷയോടെ തിരഞ്ഞെടുത്ത്‌ ഡര്‍ഹിയിലെക്കയച്ച ചിലരുടെ ഉദാഹരണം നിരത്തി നരകത്തിന്റെ കാവല്‍ക്കാരന്‍ തെന്റെ വാദം സമര്‍ഥിച്ചു.
ഒടുവില്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രശ്നമാകും എന്ന് മനസ്സിലാക്കിയ സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കാരന്‍ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.
"ഒരാഴ്ച്ച ഇവിടെ നിര്‍ത്താം അതിനുള്ളില്‍ അവിടെയുള്ള മുഴുവന്‍ സമരക്കാരെയും അടിച്ചു നിരത്തിയേക്കണം.ദേ ദൈവം അറിഞ്ഞാ എന്റെ പണി പോകും, എല്ലാം നിന്റെ ഈ സങ്കടം കണ്ടിട്ടാ ഓര്‍മ്മവേണം" സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കാരന്‍ പറഞ്ഞു.
"ശരി"
അങ്ങിനെ സഖാവ്‌ സ്വര്‍ഗ്ഗത്തില്‍ എത്തി.ഒരാഴ്ച്ചകൊണ്ട്‌ നമ്മുടെ വിദ്യാര്‍ഥികളെ അടിച്ചോതുക്കുന്നപോലെ മൃഗീയ മായ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകപ്രയോഗങ്ങള്‍ ഇടിമുറികള്‍ എന്നിവകൊണ്ട്‌ നരകത്തെ പുള്ളി ശരിപ്പെടുത്തി.
ദിവസങ്ങള്‍ പെട്ടന്നു പോയി. അടുത്തയാഴ്ച്ച മനസ്സില്ല മനസ്സോടെ നരകത്തിന്റെ കാവല്‍ക്കാരന്‍ സഖാവിനെ തിരികെ കൊണ്ടുവരാന്‍ അനുചരന്മാരുമായി പുറപ്പെട്ടു.
അവിടെ ചെന്നാപ്പ്പ്പോ ഒരു സമ്മേളനം നടക്കുന്നു. എന്താകര്യമ്ന്ന് തിരക്കി വരാന്‍ ഒരു കിങ്കരനെ വിട്ടു.കുറച്ചു കഴിഞ്ഞപ്പോ അവന്‍ തിരികെ വന്നു.
"അവിടേയ്‌ ഒരു സമ്മേളനം നടക്കുകയാ നമുക്ക്‌ പിന്നെ വരാം."

"സ്വര്‍ഗ്ഗത്തില്‍ സമ്മേളനമോ? ഇവിടെ ആട്ടവും പാട്ടും മാത്രമേ ഉണ്ടാകാറുള്ളൂ. ശരി ഞാന്‍ തന്നെ നേരിട്ടു പോയി അന്വേഷിക്കാം"
നരകത്തിനെ കാവല്‍ക്കാരന്‍ സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കാരന്റെ അടുക്കല്‍ മടിച്ചുമടിച്ച്‌ എത്തുന്നു,കാരണം മറ്റേചുള്ളനെ തിരികെ ഏല്‍പ്പിക്കുമല്ലോ.
എന്തായി അവന്‍ കുഴപ്പം വല്ലതും ഉണ്ടാക്കിയോ. ദൈവം അറിഞ്ഞില്ലല്ലോ? പിന്നെ ഒരാഴ്ചകൂടെ അവിടെ കാര്യങ്ങള്‍ നേരെയാകുവാന്‍ എടുക്കും അതുവരെ അവന്‍ ഇവിടെ...നരക കാവല്‍ക്കാരന്‍ പൂര്‍ത്തിയാക്കും മുമ്പേ സ്വര്‍ഗ്ഗത്തിന്റെ കാവല്‍ക്കരന്റെ മറുപടി

"ദൈവോ അതൊരു ഭൂര്‍ഷ്വാ സങ്കല്‍പ്പമല്ലെ സഖാവേ"

*ദൈവനിന്ദയായി ആരും കണക്കാക്കല്ലെ. പിന്നെ ഈ കഥയിലെ സ്വര്‍ഗ്ഗവും നരകവും ഏതെങ്കിലും മതക്കരുടെ സ്വന്തം അല്ല. ഇനി അതിന്റെ മേല്‍ കുതിരകയറാനും തല്ലുണ്ടാക്കാനും നിക്കണ്ട. അതൊരു സങ്കല്‍പ്പത്തിലെ സ്വര്‍ഗ്ഗവും നരകവും ആണ്‌ അതുപോലെ കഥാ പാത്രങ്ങളും.

5 comments:

s.kumar said...

ബൂര്‍ഷ്വാ സ്ങ്കള്‍പ്പമല്ലെ സഖാവേ?

തഥാഗതന്‍ said...

ഇത്‌ ഞാന്‍ ഇവിടെ വേറെ ഒരു രൂപത്തില്‍ എഴുതിയിട്ടുണ്ട്‌
http://thathhaagathan.blogspot.com/2006/08/blog-post_30.html

s.kumar said...

താങ്കളുടെ ബ്ലോഗ്ഗില്‍ ഇതു പ്രസിദ്ധീകരിച്ചിരുന്നു എന്ന് അറിഞ്ഞിരുന്നില്ല. ചൂണ്ടിക്കാണിച്ചതിനു നന്ദി.എന്റെ പോസ്റ്റിലെ വരികളേക്കാള്‍ വളരെ നന്നായിരിക്കുന്നു.പേരുകള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയതാണ്‌. തങ്കള്‍ക്ക്‌ എതിരഭിപ്രായം ഉണ്ടെങ്കില്‍ തീര്‍ച്ചയായും പോസ്റ്റ്‌ പിന്‍ വലിക്കുന്നതാണ്‌.

വേണു venu said...

ദര്‍പ്പണത്തില്‍ വന്ന കഥ ഞാന്‍ തഥാഗതന്‍റെ ബ്ലോഗിലും മറ്റൊരു രൂപത്തില്‍ വായിച്ചിരുന്നു.മൂല കഥ സ്വന്തമാരുടേതുമല്ലാത്ത സ്ഥിതിയ്ക്കു് കുമാറിതു ഡിലീറ്റു ചെയ്യണ്ട കാര്യമില്ല എന്നാണു് എനിക്കു തോന്നുന്നതു്.‍കഥയുടെ പുനരാവിഷ്കരണം മനോഹരമായി രണ്ടു പേരും ചെയ്തിരിക്കുന്നു.

തഥാഗതന്‍ said...

കുമാര്‍ജീ

ഞാന്‍ അങ്ങനെ ഒരു വിക്രിയ ചെയ്തിട്ടുണ്ടെന്ന് സൂചിപ്പിച്ചു എന്നു മാത്രം. മൂല കഥ നമ്മള്‍ രണ്ടു പേരുടേയും അല്ലല്ലോ.. താങ്കളുടെ ഭാവനയ്ക്ക്‌ അനുസരിച്ച്‌ താങ്കള്‍ മനോഹരമായി എഴുതിയിരിക്കുന്നു. പിന്‍വലിക്കേണ്ട കാര്യമേ ഇല്ല മറിച്ച്‌ ഇനിയും ഇങ്ങനെ ഉള്ള സൃഷ്ടികള്‍ പോരട്ടെ..