Sunday, October 01, 2006

രാഷ്ട്രീയക്കാര്‍ എന്തുകൊണ്ട്‌ ആത്മഹത്യ ചെയ്യുന്നില്ല?

ഓരോദിവസവും കേരളം ഉണരുന്നത്‌ കടക്കെണിയില്‍പെട്ട കര്‍ഷകരുടേയോ ചെറുകിട വ്യാപാരി/വ്യവസായിയുടേയോ വിദ്യാര്‍ഥികളുടേയോ ആത്മഹത്യാ വാര്‍ത്തകള്‍ കേട്ടുകൊണ്ടാണ്‌.എന്നാല്‍ ഒരു രാഷ്ട്രീയക്കാരനും സാമ്പത്തിക പ്രതിസന്ധിമൂലം ആത്മഹത്യ ചെയ്തതായി വാര്‍ത്തകളൊന്നും പ്രത്യക്ഷപ്പെടുന്നില്ല എന്നത്‌ ശ്രദ്ധേയമാണ്‌. (അടുത്ത കാലാത്ത്‌ ഏറ്റവും അധികം കര്‍ഷക ആത്മഹത്യകള്‍ നടന്ന വയനാട്ടില്‍ ഏതെങ്കിലും "രാഷ്ട്രീയ കൃീഷിക്കാരന്‍" ആത്മഹത്യ ചെയ്തിട്ടില്ല)കേരളത്തില്‍ എന്തുകൊണ്ട്‌ അധ്വാനിച്ച്‌ ജീവിക്കുവാന്‍ ശ്രമിക്കുന്നവര്‍ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുവാനാകാതെ ആത്മഹത്യ ചെയ്യുകയും എന്നാല്‍ പ്രത്യേകിച്ച്‌ തൊഴിലോ "പ്രത്യക്ഷത്തില്‍" വരുമാനമോ ഇല്ലാത്ത രാഷ്ട്രീയ തൊഴിലാളികളും രാഷ്ട്രീയവ്യാപാരികളും ആത്മഹത്യ ചെയ്യുന്നില്ല എന്നത്‌ ചിന്തിക്കേണ്ട ഒരു വിഷയമാണ്‌പ്രത്യേകിച്ച്‌ തൊഴില്‍ ഒന്നും ഇല്ലാത്ത ഇന്നാട്ടിലെ രാഷ്ട്രീയക്കാര്‍ക്ക്‌ ആര്‍ഭാടകരമായജീവിതം മുന്നോട്ടുകൊണ്ടുപോകുവാന്‍ എങ്ങിനെ സാധിക്കുന്നു. തിരഞ്ഞെടുപ്പു പരാജയങ്ങളും സ്ഥാനമാനങ്ങള്‍ നഷ്ട്ടപ്പെടുന്നതൊന്നും ഇവര്‍ക്ക്‌ ആത്മഹത്യാ കാരണങ്ങള്‍ ആകുന്നില്ല, എന്നാല്‍ പരീക്ഷയില്‍ തോല്‍ക്കുമ്പോഴും ബിസിനസ്സിലും കൃഷിയിലും പരാജയം ഉണ്ടാകുമ്പോഴും ഇവിടെ മനുഷ്യര്‍ ജീവനൊടുക്കുന്നു. എന്താണ്‌ വിചിത്രമായ ഈ സമസ്യക്ക്‌ കാരണം?ചില പ്രസ്ഥാനങ്ങള്‍ തങ്ങളുടെ മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക്‌ ചെറിയ ഒരു തുക ശമ്പളമായി നല്‍കുന്നു എന്നത്‌ നേരുതന്നെ, എന്നാല്‍ അത്‌ അത്ര വലിയ ഒരു തുകയൊന്നും അല്ല.അപ്പോള്‍ അഴിമതിയിലൂടെയും മറ്റുമാര്‍ഗ്ഗങ്ങളിലൂടേയും വന്തോതില്‍ സമ്പത്താര്‍ജിക്കുവാനുള്ള ഒരു വേദിയായി തീര്‍ന്നിരിക്കുന്നു എന്ന് വ്യക്തം.


ഒരുകാലത്ത്‌ സേവനം മാത്രം ലക്ഷ്യമാക്കിയിരുന്നവര്‍ ആയിരുന്നു ഈരംഗത്തേക്ക്‌ കടന്നുവന്നിരുന്നതെങ്കില്‍ ഇന്ന് രാഷ്ട്രീയം ഒരു തൊഴില്‍ മേഘലയായും ബിസിനസ്സായും അധ്‌:പതിച്ചിരിക്കുന്നു എന്നുകരുതിയാല്‍ അല്‍ഭുതപ്പെടേണ്ടതില്ല..സമീപകാലത്തെ ചില പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം എടുത്തുനോക്കിയാല്‍ ഇതിന്റെ ഭീകരമായ സത്യാവസ്ഥ വെളിവാകും, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സമൂഹത്തോടോ ജനങ്ങളോടോ യാതൊരു പ്രതിബദ്ധതയും കാണിക്കാതെ ചിലവ്യക്തികളുടെ താല്‍പര്യാര്‍ഥം രാജിവെക്കുകയും മറ്റൊരു പ്രസ്ഥാനവുമായി രംഗത്തുവരികയും ചെയ്യുന്നു. തങ്ങളെ തിരഞ്ഞെടുക്കുവാന്‍ ജനങ്ങള്‍ ചിലവിട്ട നികുതിപ്പണത്തേക്കുറിച്ചോ ജനങ്ങള്‍ തങ്ങളില്‍ ഏല്‍പ്പിച്ച വിശ്വാസത്തേയും ഉത്തരവാധിത്വത്തേയും കുറിച്ചോ ചിന്തിക്കാതെ ഇത്തരം ഒരു തീരുമാനം എടുക്കുകയും ആവ്യക്തിയോടുള്ള കൂറിനേക്കാള്‍ വലുതല്ല മറ്റൊന്നും എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നവര്‍ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ സമൂഹത്തെ വെല്ലുവിളിക്കുകയല്ലെ ചെയ്യുന്നത്‌. കേവലം ഒരു വര്‍ഷംകൊണ്ട്‌ പുതിയ പ്രസ്ഥാനത്തില്‍ നിന്നും രാജിവെച്ച്‌ പഴയ സ്ഥലത്തേക്കുതന്നെ തിരികെ വരുന്നവര്‍ക്ക്‌ പഴയ സ്ഥാനമാനങ്ങളോാടെ തിരിച്ചെടുക്കുവാന്‍ തയ്യാറായാല്‍ അത്‌ അതിലും വലിയ അപരാധമെന്നേ പറയാനൊക്കൂ. ഇത്തരക്കാരെ യാതൊരു കാരണവശാലും തികെ എടുക്കാതിരിക്കുകയോ അല്ലെങ്കില്‍ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവധിക്കുയോ ആണ്‌ നേതാക്കന്മാര്‍ ചെയ്യേണ്ടത്‌.

പഴയ പ്രസ്ഥാനത്തെയും അവരുടെ ഭരണത്തിന്റെ പോരായമകളേയും കേരളമൊട്ടുക്ക്‌ വിമര്‍ശിച്ചു നടന്നവര്‍ ഏതാനും നാളുകള്‍ക്കകം പുതിയപ്രസ്ഥനം വിട്ട്‌ യാതൊരു ഉളുപ്പുമില്ലാതെ വീണ്ടും പഴയപ്രസ്ഥാനത്തെ പുകഴ്ത്തിക്കൊണ്ട്‌ നമുക്കിടയിലേക്ക്‌ വരുമ്പോള്‍ സ്വയം ചിന്തിക്കുക നമ്മള്‍ എന്തിനിവരെ ചുമക്കണം. സംഘടന വിടുമ്പോള്‍ അതില്‍ ഉള്ളവര്‍ക്കെതിരായി കോടികളുടെ അഴിമതി ആരോപണങ്ങള്‍ ആണ്‌ ഇക്കൂട്ടര്‍ നടത്തുക. പിന്നീട്‌ തിരികേവരുമ്പോള്‍ അത്‌ അന്ന് തങ്ങളുടെ നേതാവിന്റെ സമ്മര്‍ദ്ധം മൂലം നടത്തിയ പരാമര്‍ശങ്ങള്‍ ആണെന്ന് തിരുത്തിപ്പറയുമ്പോള്‍ ഇത്തരക്കാരുടെ വാക്കുകള്‍ക്ക്‌ എന്തു വിലയാണുള്ളത്‌. ഒരു പൊതു പ്രവര്‍ത്തകന്‍ കേവലം ഒരു ചട്ടുകം മാത്രമായി വര്‍ത്തിക്കുന്ന ഇവര്‍ക്ക്‌ എന്ത്‌ ആദര്‍ശം എന്ത്‌ സത്യസന്ധത ! നാളെ മറ്റൊരാളുടെ "രാഷ്ട്രീയ കമ്പനിയില്‍" ചേക്കേറുമ്പോള്‍ വീണ്ടും ഇതാവര്‍ത്തിക്കില്ലെ?

"അവസരവാദത്തിന്റെ" കലയാണ്‌ രാഷ്ട്രീയം എന്ന വാചകത്തെ വേദവാക്യമായി കരുതുന്നവര്‍ക്ക്‌ ആദര്‍ശവും അവസരങ്ങള്‍ക്കനുസരിച്ച്‌ മാറ്റുവാന്‍ യാതൊരു മടിയും ഇല്ലാ എന്ന് തിരിച്ചറിയുക. ഇത്തരക്കാരുടെ സമൂഹത്തോടുള്ള പതിബദ്ധത എത്രമാത്രമെന്ന് സ്വയം ചിന്തിക്കുക.

അടുത്തകാലത്തെ ചില രാഷ്ട്രീയ നാടകങ്ങള്‍ക്ക്‌ മാധ്യമങ്ങള്‍ അനാവശ്യ പ്രാധാന്യം നല്‍കുന്നതായി തോന്നി.കേവലം വ്യക്തിതാല്‍പ്പര്യങ്ങള്‍ മുന്‍ നിറുത്തി ചിലര്‍ നടത്തുന്ന വിട്ടുപോകലും തിരികെ വരലും ഇത്രയധികം സമയം ന്യൂസില്‍ ചര്‍ച്ച്‌ ചെയ്യേണ്ടതുണോ? ജനങ്ങളുമായി ബന്ധപ്പെട്ട എന്റെങ്കിലും വിഷയങ്ങള്‍ ആണോ ഇത്തരക്കാരുടെ "നാടകങ്ങളുടെ" അടിസ്ഥാനം അല്ലെന്നിര്‍ക്കെ ജനങ്ങളും മാധ്യമങ്ങളും ഇത്തരക്കാരെ തള്ളിക്കളയുകായാണ്‌ വേണ്ടിയിരുന്നത്‌. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും ബന്ധുക്കളുടേയും ആസ്ഥി പരിശോധിക്കുവാന്‍ "കുറ്റമറ്റ" സംവിധാനം ഉണ്ടായേതീരൂ. അതിനായി ഉദ്ധ്യോഗസ്ഥ-ജനകീയ അന്വേഷണ സംവിധാനം കൊണ്ടുവരേണ്ടിയിരിക്കുന്നു. നിലവിലുള്ള സംവിധാനങ്ങളെ ഭരിക്കുന്നത്‌ രാഷ്ട്രീയനേതൃത്വങ്ങള്‍ ആണെന്നിരിക്കെ ജനങ്ങളുടെ കൂടെ പങ്കാളിത്തത്തോടെയുള്ള ഒരു സംവിധാനമാണിനി വേണ്ടത്‌. ഇപ്രകാരം ഉള്ള അന്വേഷണത്തില്‍ കണ്ടെത്തുന്ന അനധികൃത സ്വത്തുക്കള്‍ ഖജനാവിലേക്ക്‌ കാലതാമസം ഒട്ടും ഇല്ലാതെ കണ്ടുകെട്ടുകയും വേണം. ഓരോ വ്യക്തിയും സ്ഥാനാര്‍ഥികളായി നില്‍ക്കുമ്പോള്‍ അവര്‍ തിരഞ്ഞെടുപ്പുകമ്മീഷനു മുമ്പാകെ വരുമാനവും സ്വത്തുവിവരങ്ങളും പ്രഖ്യാപിക്കുക ആവശ്യമാണല്ലോ അതുപോലെ അവര്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനം ഒഴിയുമ്പോളും സ്വത്തുവിവരം പ്രഖ്യാപിക്കുന്ന രീതി കൊണ്ടുവരേണ്ടിയിരിക്കുന്നു.വിവിധ പ്രസ്ഥാനങ്ങള്‍ ഇന്നലത്തെ മഴയില്‍ പൊട്ടിമുളക്കുന്ന "തകര" കളെ സ്ഥാനാര്‍ഥികളാക്കി ജെയിപ്പിക്കാറുണ്ട്‌. ഇതിനു തടയിടുവാന്‍ ജനങ്ങള്‍ തന്നെ തീരുമാനിക്കണം. ഇത്തരം പേയ്‌മന്റ്‌ സീറ്റുകളില്‍ ജയിക്കുന്നവര്‍ക്ക്‌ യാതൊരു വിധ പ്രവര്‍ത്തിപരിചയവും ഇല്ലാ എന്നിരിക്കെ ഒരു ജനപ്രധിനിധി എന്ന നിലയില്‍ എന്താണിവരില്‍ നിന്നും നാം പ്രതീക്ഷിക്കുക.സമൂഹത്തെ ഒരേസമയം ചൂഷണം ചെയ്യുകയും ജനങ്ങളെ കൂടുതല്‍ ദുരിതത്തിലേക്ക്‌ തള്ളിവിടുന്ന നയങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്ന വരെ തിരിച്ചറിയുകയും തള്ളിക്കളയുകയും ആണ്‌ ജനങ്ങള്‍ ചെയ്യേണ്ടത്‌. നമ്മളുടെ ആവശ്യങ്ങള്‍ക്ക്‌ വിനിയോഗിക്കേണ്ട നികുതിപ്പണത്തില്‍ നിന്ന് ഇവര്‍ക്ക്‌ ശമ്പളമായും ബത്തകളായും പിന്നീട്‌ പെന്‍ഷനായും നമ്മള്‍ തന്നെ നല്‍കണം എന്നത്‌ മറന്നുകൂടാ.

രാഷ്ട്രീയം ചെറുകിട വ്യവസായമായി കൊണ്ടു നടക്കുന്നവര്‍ തട്ടിക്കൂട്ടുന്ന ബ്രാക്കറ്റ്‌ പ്രസ്ഥാനങ്ങള്‍ ചില സമുദായപിന്തുണയോടെ ഏതെങ്കിലും മുന്നണിയില്‍ കയറിപ്പറ്റി അവരുടെ സഹായത്താല്‍ ജനപ്രധിനിധികളെ ഉല്‍പ്പാദിപ്പിക്കുന്നു. പിന്നീട്‌ ഇവര്‍ മന്ത്രിസ്ഥാനങ്ങളും മറ്റും നേടിയെടുത്ത്‌ കൊഴുക്കുന്നു.ഭരണം നിലനിര്‍ത്താന്‍ തങ്ങള്‍ അനിവാര്യമാണെന്ന് നിലവന്നാല്‍ പിന്നെ ഇവര്‍ നടത്തുന്ന സമ്മര്‍ദ്ധ തന്ത്രങ്ങള്‍ക്ക്‌ നാം നിരവധി തവണ സാക്ഷ്യം വഹിച്ചതും അതിന്റെ ദുരിതങ്ങള്‍ അനുഭവിച്ചതും ആണല്ലോ?

അര്‍ഹമായ പ്രാധിനിധ്യം ലഭിച്ചില്ല എന്ന് പറഞ്ഞു വിവിധ സമുദായ സംഘടനകള്‍ പ്രസ്ഥാവനയിറക്കാറുണ്ട്‌, ഒരു പൊതുപ്രവര്‍ത്തകന്‍ ജാതിമതാതീതനായി ജനങ്ങളെ സേവിക്കുവാന്‍ സദാ സന്നദ്ദനാണെന്ന പൊതു തത്വം വച്ചുനോക്കിയാല്‍ പിന്നെ എന്തിനാണീ സാമുദായിക പരിഗണന വച്ചുള്ള സ്ഥാനമാനങ്ങള്‍ പങ്കിടല്‍.അപ്പോള്‍ സ്വാഭാവികമായും ഓരോ സമുദായവും സ്പോണ്‍സര്‍ ചെയ്യുന്നവര്‍ അതതു സമുദായത്തിനനുകൂലമായ നിലപാടുകള്‍ എടുക്കുവാന്‍ ബാധ്യസ്ഥനാകുന്നു. ഇത്തരത്തില്‍ സമുദായത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക്‌ മുന്‍ തൂക്കം നല്‍കുമ്പോള്‍ അതു മറ്റുവിഭാഗങ്ങള്‍ക്കെതിരകുന്നതോ പൊതു സമൂഹത്തിനു ദോഷം വരുന്നതോ ആയിരിക്കുമല്ലോ? സ്വാഭാവികമായും ഇവിടെ സാമൂഹിക നീതി ഇല്ലാതക്കപ്പെടുന്നു.


ഇതേക്കുറിച്ച്‌ ഒരു സജീവ ചര്‍ച്ചയും ജനങ്ങള്‍ക്ക്‌ ഒരു അവഭോധവും വേണമെന്നത്‌ അത്യാവശ്യമാണ്‌ന്ന് തോന്നുന്നു.

3 comments:

paarppidam said...

രാഷ്ട്രീയക്കാര്‍ എന്തുകൊണ്ട്‌ ആത്മഹത്യ ചെയ്യുന്നില്ല?

കരീം മാഷ്‌ said...

എന്തു പറയാനാ പാര്‍പ്പിടം.
അവര്‍ ആത്മഹത്യ ചെയ്യാനായിരുന്നങ്കില്‍ രാഷ്ട്രീയത്തില്‍ വരുമോ?
ഞങളുടെ അടുത്ത ഗ്രാമത്തില്‍ ഒരു സമ്പന്ന തറവാടുണ്ട്‌. അവിടത്തെ നാലു മക്കളും നാലു വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍.
അതിനാല്‍ ആരു അധികാരത്തില്‍ വന്നാലും അവര്‍ക്കു നാട്ടില്‍ സ്വാധീനം കാണും.
മക്കള്‍ പുറത്തു കടിച്ചു കീറുന്നതായ് ഭാവിക്കും. അകത്തവര്‍ ഒരേ കുപ്പി തുറന്ന്! ഒന്നിച്ചടിക്കും

s.kumar said...

എന്റെ കരീം മാഷെ "അവസരവാദത്തിന്റെ" കലയാണ്‌ രാഷ്ട്രീയം,അഭിനയത്തിന്റേ അപാര സാധ്യതയും
കേവലം വ്യക്തി താല്‍പര്യങ്ങള്‍ക്കുപരിയായി മറ്റൊന്നും ഇന്നത്തെ രാഷ്ട്രീയക്കാരില്‍ നിന്ന് വല്ലതും പ്രതീക്ഷിക്കാന്‍ പറ്റുമോ? ഇന്നലെ സുഗതകുമാരിടീച്ചര്‍ കേരളത്തിലെ സംഭവങ്ങളെക്കുറിച്ച്‌ പറഞ്ഞതുകേട്ടപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി.അഴിമതിയായാലും ഒരു കേസിലും രാഷ്ട്രീയക്കാര്‍ ശിക്ഷിക്കപ്പെടാറില്ലാ, "തെളിവു" വേണ്ടേ?