Thursday, April 07, 2011

വിജയമുറപ്പിക്കുവാന്‍ വി.എസ്. സുനില്‍ കുമാര്‍

തൃശ്ശൂര്‍ ജില്ലയില്‍ പുതുതായി രൂപീകരിച്ച കയ്പമംഗലം മണ്ഡലത്തില്‍ ഇത്തവണ ഏറ്റുമുട്ടുന്നത് സി.പി.ഐയുടെ യുവ നേതാവും ചേര്‍പ്പ് എം.എല്‍.എയുമായ വി.എസ് സുനില്‍ കുമാറും യു.ഡി.എഫ് ഘടക കക്ഷിയായ ജെ.എസ്.എസ് നേതാവും മുന്‍ എം.എല്‍.എയുമായ ഉമേഷ് ചള്ളിയിലും തമ്മിലാണ്. ജെ.എസ്.എസിനെ സംബന്ധിച്ച് യു.ഡി.എഫ് ഘടക കക്ഷിയെന്ന നിലയിലല്ലാതെ കാര്യമായ സ്വാധീനം മണ്ഡലത്തിലില്ല. ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് ഏറെ സ്വാധീനമുള്ള പ്രദേശമാണ് കയ്പമംഗലം മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. യു.ഡി.എഫിലെ പ്രശ്നങ്ങള്‍ മൂലം സ്ഥാനാര്‍ഥി നിര്‍ണ്ണയം വൈകിയത് സുനില്‍ കുമാറിന് കൂടുതല്‍ ഗുണകരമായി മാറി. പുതിയ മണ്ഡലത്തില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുവാനും മറ്റും അദ്ദേഹത്തിനു കൂടുതല്‍ അവസരം ലഭിച്ചു.

യുവജനങ്ങള്‍ക്കിടയില്‍ ഏറെ സ്വാധീനമുള്ള നേതാവെന്ന നിലയില്‍ വി.എസ്.സുനില്‍ കുമാര്‍ മണ്ഡലത്തില്‍ വലിയ ചലനമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി അന്തിക്കാട്-ചേര്‍പ്പ് പ്രദേശങ്ങളില്‍ നിന്നും വലിയ ഒരു യുവനിരതന്നെ സുനില്‍ കുമാറിനു പിന്തുണയുമായി എത്തിയിട്ടുണ്ട്. രാഷ്ടീയത്തിനതീതമായി പൊതു പ്രശ്നങ്ങളെ നോക്കികാണുകയും ഇടപെടുകയും ചെയ്യുന്നതു കൊണ്ട് തന്നെ ജനകീയ പിന്തുണ ആര്‍ജ്ജിക്കുന്നതില്‍ അദ്ദേഹം ഏറെ വിജയിച്ചിട്ടുണ്ട്. അതു കൊണ്ടു തന്നെ എം.എല്‍.എ എന്ന നിലയിലും യുജന നേതാവെന്ന നിലയിലും സുനില്‍ കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ചേര്‍പ്പ് മണ്ഡലത്തിന്റെ വികസനത്തില്‍ വലിയ കുതിച്ചു ചാട്ടമാണ് എം.എല്‍.എ എന്ന നിലയില്‍ സുനില്‍ കുമാര്‍ കാഴ്ചവെച്ചത്. കൃഷിയും, ഫര്‍ണ്ണീച്ചര്‍, സ്വര്‍ണ്ണപ്പണി എന്നിവയാണ് മണ്ഡലത്തില്‍ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗം. നെല്ലിന്റെ താങ്ങു വില ഉയര്‍ത്തിയതിലും നെല്ല്സംഭരണം കൃഷിക്കാവശ്യമായ മറ്റു സൌകര്യങ്ങള്‍ ഒരുക്കല്‍ എന്നിവയില്‍ എം.എല്‍.എയുടെ നേരിട്ടുള്ള കാര്യക്ഷമമായ ഇടപെടല്‍ പലപ്പോഴും പ്രശംസിക്കപ്പെട്ടു. അനധികൃതമായ വയല്‍ നികത്തലുകള്‍ക്കെതിരെ ശക്തമായ നിലപാടെടുത്ത് ഭൂമാഫിയകളെ നിയന്ത്രിക്കുന്നതിലും ശക്തമായ നിലപാടാണ് അദ്ദേഹം എന്നും എടുത്തുവരുന്നത്.

വിപ്ലവപ്രസ്ഥാനങ്ങള്‍ക്ക് എന്നും ഊര്‍ജ്ജം പകര്‍ന്ന അന്തിക്കാട്ടെ ഒരു സാധാരണ കുടുമ്പത്തിലാണ് വി.എസ്.സുനില്‍ കുമാറിന്റെ ജനനം. കൊലമുറിക്കേസെന്ന് പിന്നീട് പ്രസിദ്ധിയാര്‍ജ്ജിച്ച ചെത്തുതൊഴിലാളി സമരത്തിലെ സജീവ സാന്നിധ്യമായിരുന്ന അന്തരിച്ച സഖാവ് സുബ്രമണ്യനും ചന്ദ്രമതിയുമാണ് മാതാപിതാക്കള്‍‍. വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് വി.എസ്.സുനില്‍ കുമാര്‍ പൊതു പ്രവര്‍ത്തനത്തിലേക്ക് കടന്നുവരുന്നത്. വിദ്യാര്‍ഥി രാഷ്ടീയത്തിന്റെ ഈറ്റില്ലമായ കേരള വര്‍മ്മ കോളേജും തുടര്‍ന്ന് തിരുവനന്തപുരത്തെ ലോകോളേജിലെ പഠനവും കൂടാതെ അന്തരിച്ച സി.പി.ഐ നേതാവും മുന്‍ കൃഷിമന്ത്രിയുമായ വി.കെ. രാജനെ പോലുള്ളവരുമായി പുലര്‍ത്തിയിരുന്ന അടുത്ത ബന്ധവും സുനില്‍കുമാര്‍ എന്ന രാഷ്ടീയക്കാരനെ രൂപപ്പെടുത്തിയതില്‍ കാര്യമായ പങ്കുവഹിച്ചു. കേരളത്തില്‍ വിദ്യാര്‍ഥികളെയും വിദ്യാഭ്യാസ മേഘലയേയും ബാധിക്കുന്ന നിരവധി സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ച് തന്റെ രാഷ്ടീയ ദൌത്യം പലകുറി തെളിയിച്ചു. നിരാഹാര പന്തലില്‍ അടക്കം നിരവധി തവണ പോലീസ് മര്‍ദ്ദനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കുവാന്‍ പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ ചേര്‍പ്പ് മണ്ഡലത്തിലേക്ക് പാര്‍ട്ടി പരിഗണിച്ചത് വി.എസ്.സുനില്‍ കുമാറിനെയായിരുന്നു. കന്നിയങ്കത്തില്‍ തന്നെ പതിനാലായിരത്തില്‍ പരം വോട്ടുകള്‍ക്കാണ് ചേര്‍പ്പിലെ വോട്ടര്‍മാര്‍ ഈ യുവനേതാവിനെ വിജയിപ്പിച്ചത്. തന്നില്‍ അര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വം കൃത്യമായി നിര്‍വ്വഹിക്കുന്നതില്‍ വിജയം കണ്ട എം.എല്‍.എയെ ഒരിക്കല്‍ കൂടെ തങ്ങളുടെ തട്ടകത്തിലെക്ക് ക്ഷണിച്ചെങ്കിലും മണ്ഡല പുനര്‍ നിര്‍ണ്ണയത്തില്‍ നാട്ടികയായി മാറിയ ചേര്‍പ്പ് സംവണമണ്ഡലമായതിനാല്‍ ഇക്കുറി മറ്റൊരിടത്തേക്കായി അദ്ദേഹത്തിന്റെ നിയോഗം.

അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളെ നിശിതമായി വിമര്‍ശിച്ചും ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കിയ ജനോപകാരപ്രദമായ നടപടികളെ മുന്‍ നിര്‍ത്തിയാണ് സുനില്‍ കുമാറിന്റെ വോട്ടഭ്യര്‍ഥന. ഇന്നും കോണ്‍ഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ നിത്യ സംഭവമായിരിക്കുമ്പോല്‍ കേരളത്തില്‍ അതില്ലാ എന്നത് ഇടതു ഗവണ്മെന്റിന്റെ നേട്ടമായി എടുത്തുകാണിക്കപ്പെടുന്നു.പെട്രോളിയം വിലനിയന്ത്രണവും സബ്‌സിഡിയും എടുത്തുകളഞ്ഞതടക്കം തെറ്റായ കേന്ദ്ര നയങ്ങളുടെ ഭാഗമായി നിത്യോപയോഗ സാ‍ധനങ്ങളുടെ വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതി മുട്ടുന്നതിന്റെ ഇരകളായ കേരളത്തിലെ ജനങ്ങളെ സംബന്ധിച്ച് യു.ഡി.ഫ് നിരത്തുന്ന കള്ളക്കണക്കുകളും വ്യാജ വാര്‍ത്തകളും തിരിച്ചറിയുക വളരെ എളുപ്പമാണ്. ഈ പശ്ചാത്തലത്തില്‍ ചെര്‍പ്പിലെ വിജയം കൂടുതല്‍ ഭൂരിപക്ഷത്തോടെ കയ്‌പമംഗലത്തും ആവര്‍ത്തിക്കും എന്ന് തന്നെയാണ് സുനില്‍ കുമാറിന്റെ ഉറച്ച വിശ്വാസം. ആവേശം പകര്‍ന്ന് അദ്ദേഹത്തോടൊപ്പം അണിനിരക്കുന്ന നൂറുകണക്കിനു സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകരും പൊതു ജനവും ഇത് ശരിവെക്കുന്നു.

No comments: