Sunday, April 17, 2011

കാട്ടാനകള്‍ക്കിടയില്‍ നിന്നും മരത്തിലൂടെ ജീവിതത്തിലേക്ക്


വയനാട്ടിലും, ഇടുക്കിയിലും, കൊല്ലത്തും,പാലക്കാട്ടും, തൃശ്ശൂരുമെല്ലാമായി കാടിനോട് ചേര്‍ന്നു കിടക്കുന്ന ഗ്രാമങ്ങള്‍ നിരവധിയുണ്ട് കേരളത്തില്‍. ഈ വനാതിര്‍ത്തി ഗ്രാമങ്ങളിലേക്ക് ആനകള്‍ അടക്കം ഉള്ള കാട്ടു മൃഗങ്ങള്‍ വരിക സാധാരണം. ഇത്തരത്തില്‍ ഒന്നാണ് കൊല്ലം ഉറുകുന്ന് ഗ്രാമം . വേനല്‍ക്കാലം കനത്തതോടെ ഉള്‍ക്കാടുകളില്‍ നിന്നും ആനകള്‍ കൂട്ടമായി ഗ്രാമത്തിലേക്ക് ഇറങ്ങുന്നു തുടര്‍ന്ന് വാഴയടക്കമുള്ള കൃഷിയും മറ്റും തിന്നും. ഗ്രാമവാസികള്‍ക്ക് പലപ്പോളും കാട്ടിനുള്ളിലൂടെ യാത്രചെയ്യേണ്ടതായി വരും. എന്നാല്‍ ഇപ്പോള്‍ ആനകളുടെ സാന്നിധ്യം മൂലം നിവൃത്തിയില്ലെങ്കില്‍ മാത്രമേ ആളുകള്‍ കാട്ടിലൂടെ യാത്ര ചെയ്യുന്നുള്ളൂ. സന്ധ്യയാകുമ്പോളാണ് ആനക്കൂട്ടങ്ങള്‍ ഗ്രാമാതിര്‍ത്തിയില്‍ എത്തുന്നത്. ആനകളുടെ മുമ്പില്‍ ചെന്നു പെട്ടാല്‍ അവ നാട്ടുകാരെ ഓടിക്കും. ഏറ്റവും ഒടുവിലത്തേത് ഇക്കഴിഞ്ഞ ദിവസം ഉറുകുന്നു സ്വദേശി സോമനുണ്ടായ അനുഭവമാണ്.

കാട്ടാനക്കൂട്ടത്തിനിടയില്‍ പെട്ട സോമന്‍ എന്നയാള്‍ അല്‍ഭുതകരമായാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലുമണിയോടെ കാട്ടില്‍ നിന്നും മാങ്ങ ശേഖരിച്ചു മടങ്ങുകയായിരുന്നു സോമന്‍. കൂടെ വളര്‍ത്തുനായ്ക്കളുമുണ്ടായിരുന്നു. കാടിനുള്ളിലൂടെ വരുമ്പോള്‍ ആനയുടെ സാമീപ്യം തിരിച്ചറിഞ്ഞ നായ്ക്കള്‍ സൂചന നല്‍കി. അപ്പോളേക്കും ആനക്കൂട്ടം സോമനു നേരെ പാഞ്ഞടുത്തു. കൊലവിളിയുമായി പാഞ്ഞടുക്കുന്ന ആനകള്‍ക്കിടയിലൂടെ ഓടി രക്ഷപ്പെടുവാന്‍ സാധിക്കുമെന്നൊന്നും സോമന്‍ കരുതിയില്ല. എങ്കിലും അവസാന ശ്രമമെന്നോണം ആനകള്‍ക്കിടയിലൂടെ ഓടി നേരെ കണ്ട ഒരു വലിയ മരത്തില്‍ പൊത്തിപ്പിടിച്ചു കയറി. ആനകള്‍ മരത്തിനു സമീപത്ത് നിലയുറപ്പിച്ചു. അവയെ അവിടെ നിന്നും ഓടിക്കുവാന്‍ സോമന്റെ വളര്‍ത്തുനായ്ക്കള്‍ കുരച്ചു ബഹളം വച്ചുകൊണ്ടിരുന്നു. സോമന്റെ ഉറക്കെയുള്ള നിലവിളിയും ആനകളുടെ ചിഹ്നം വിളിയും നായ്ക്കളുടെ കുരയുമെല്ലാം കേട്ട് നാട്ടുകാര്‍ വിവരമറിഞ്ഞു. അവര്‍ വന്നു നോക്കുമ്പോള്‍ ഒരു കൂട്ടം ആനകള്‍ക്ക് നടുവില്‍ വലിയ ഒരു മരത്തിനു മുകളില്‍ പേടിച്ചരണ്ടിക്കുന്ന സോമനെയാണ്‌ കണ്ടത്‍. പടക്കം പൊട്ടിച്ചും പാട്ടയില്‍ കൊട്ടിയും മറ്റും ആളുകള്‍ ബഹളമുണ്ടാക്കിയെങ്കിലും ആനക്കൂട്ടം പെട്ടെന്ന് പിന്മാറിയില്ല. അരമണിക്കൂറിലധികം സമയത്തെ പരിശ്ര്ത്തിനൊടുവില്‍ ആനക്കൂട്ടത്തെ നാട്ടുകാര്‍ കാട്ടിലേക്ക് കയറ്റിവിട്ടു. ഈശ്വരാധീനവും ഒപ്പം തന്റെ വളര്‍ത്തു നായ്ക്കളുടെ യജമാനസ്നേഹവും നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലുമെല്ലാമാണ് തന്റെ ജീവന്‍ തിരിച്ചുകിട്ടാന്‍ കാരണമെന്ന് സോമന്‍ പറയുന്നു.

No comments: