Saturday, January 15, 2011

ശബരിമല ദുരന്തം “ആഘോഷിക്കരുത്“

ശബരിമലയില്‍ മകരജ്യോതി ദര്‍ശനം കഴിഞ്ഞു മടങ്ങുന്ന ഭക്തര്‍ അപകടത്തില്‍ പെട്ട് മരിച്ചു എന്ന വാര്‍ത്ത വളരെ ഞെടുക്കം ഉണ്ടാക്കുന്നതാണ്. ഏകദേശം 102 ജീവനാണവിടെ പൊലിഞ്ഞത് അഞ്ഞൂറില്‍ അധികം ആളുകള്‍ക്ക് പരിക്കുണ്ട്. അധികൃതരുടെ അനാസ്ഥയിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ ദുരന്തവും മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പ്രിയപ്പെട്ടവര്‍ നഷ്ടമാകും എന്നതിനപ്പുറം കാര്യമായ ഒന്നും സംഭവിക്കുകയില്ലെന്ന് മുന്‍ അനുഭവങ്ങള്‍ സാക്ഷ്യമാകുന്നു. തേക്കടിയിലെ ബോട്ടു മുങ്ങി മറ്റൊരു ദുരന്തം കഴിഞ്ഞിട്ട് എന്താണ് സംഭവിച്ചത് എന്ന് ഈ സമയത്ത് ഓര്‍ക്കുകയാണ്.

ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ തീര്‍ഥാടനകേന്ദ്രമെന്ന നിലയില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ട ഒരു ഇടമാണ് ശബരിമല. ലക്ഷക്കണക്കിനു ഭക്തര്‍ എത്തുന്ന ഈ കാനനക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കുടിവെള്ളത്തിനും മലമൂത്രവിസ്സര്‍ജ്ജനത്തിനും ഉള്ള സൌകര്യങ്ങള്‍ ആവശ്യാനുസരണം ഇനിയും ഒരുക്കിയിട്ടില്ല. ഏറ്റവും അധികം ഭക്തര്‍ ശബരിമലയില്‍ എത്തുന്നത് മകരജ്യോതി ദര്‍ശനത്തിനായിട്ടാണ്. പൊന്നമ്പല മേട്ടിലെ “മകരജ്യോതി“ ദര്‍ശിക്കുന്നതിനായി പമ്പമുതല്‍ സന്നിധാനം വരെയും കൂടാതെ പുല്ലുമേട്ടിലും മറ്റും ഭക്തരെ കൊണ്ട് തിങ്ങി നിറഞ്ഞിരിക്കും ഈ സമയത്ത്. കേരളത്തില്‍ തീവ്രവാദികളുടെ ( കൂലിക്കെഴുതുന്ന പുരോഗമന വാദികള്‍ ദയവായി ക്ഷമിക്കുക) സാന്നിധ്യം ഉണ്ടെന്ന റിപ്പോര്‍ടുകള്‍ കൂടെ ചേര്‍ത്തുവായിക്കുമ്പോള്‍ സ്വാഭാവികമായും ഇവിടെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത വളരെ ഉയര്‍ന്നതാണ്. എന്നാല്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടു ലക്ഷത്തോളം പേര്‍ തിങ്ങിക്കൂടിയ പുല്‍‌മേട്ടില്‍ വേണ്ടത്ര പോലീസ് സേനയേയോ വൈദ്യുതി സംവിധാനമോ ഏര്‍പ്പെടുത്തിയിരുന്നില്ല എന്നാണ് അറിയുവാന്‍ കഴിയുന്നത്.


മാധ്യമ റിപ്പോര്‍ടുകള്‍ പ്രകാരം
*അപകടം നടന്ന സ്ഥലത്ത് വേണ്ടത്ര പോലീസ് സംവിധാനം ഉണ്ടായിരുന്നില്ല
*പുല്‍‌മേട്ടിലേക്കുള്ളത് ഇടുങ്ങിയ വഴിയായിട്ടും അവിടെ വാഹനങ്ങളെ നിയന്ത്രിച്ചിരുന്നില്ല.
*പുല്‍‌മേടിനു സമീപം സ്ഥാപിച്ചിരുന്ന വനം വകുപ്പിന്റെ “ചങ്ങല” മാറ്റിയിരുന്നില്ല. ഈ ചങ്ങലയില്‍ തട്ടി ആളുകള്‍ വീണു. അവരുടെ മേലേക്ക് പുറകില്‍ നിന്നും വന്നവര്‍ ചവിട്ടി കയറി.
*ആയിരക്കണക്കിനു (അതോ ലക്ഷക്കണക്കിനോ?) ഭക്തര്‍ തിങ്ങി കൂടുന്ന ഒരിടത്ത് ആവശ്യാനുസരണം വെളിച്ചം ഉണ്ടായിരുന്നില്ല.
*ബഹുമാനപ്പെട്ട സംസ്ഥാന ആഭ്യന്തര മന്ത്രി സ്ഥലത്തില്ലെന്നും അദ്ദേഹം പാര്‍ടിയുടെ പോളിറ്റ് ബ്യൂറോയോഗത്തില്‍ പങ്കെടുക്കുവാനായി കൊല്‍ക്കത്തയില്‍ ആണെന്നും മാധ്യമങ്ങളില്‍ നിന്നും അറിയുന്നു.


വികസനമെന്നാല്‍ കാടുവെട്ടിത്തെളിച്ച് കുറേ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉണ്ടക്കലാണെന്ന ഒരു ധാരണയുണ്ട്. എന്നാല്‍ പ്രകൃതിക്ക് വലിയ തോതില്‍ ദോഷം വരുത്താത്ത രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങളാണ് വേണ്ടത്. പ്ലാസ്റ്റിക്കിന്റെ പൂര്‍ണ്ണമായ നിരോധനം പ്രവര്‍ത്തിയില്‍ തന്നെ കൊണ്ടുവരേണ്ടതുണ്ട്. സീസണ്‍ കഴിഞ്ഞാല്‍ അവിടെ അവശേഷിക്കുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ “കടലാസില്‍” മാത്രം നീക്കം ചെയ്യാതെ സ്ഥലത്തുനിന്നും മാറ്റേണ്ടത് അവിടത്തെ ആവാസവ്യവസ്ഥിതിയെ സംരക്ഷിക്കുവാന്‍ അനിവാര്യമാണ്.

മാധ്യമങ്ങള്‍ അപകടങ്ങളെ “ആഘോഷിക്കുന്ന” തലത്തിലേക്ക് തരം താഴുന്നത് നിയന്ത്രിക്കേണ്ട കാലം അധിക്രമിച്ചിരിക്കുന്നു. അപകടം ഉണ്ടായാല്‍ മാധ്യമങ്ങളുടെ ക്യാമറകള്‍ സംയമനം പാലിച്ചേതീരൂ. ദുരന്തങ്ങളുടെ നേര്‍ക്കാഴ്ചകള്‍ ആരാദ്യം നല്‍കും എന്ന മത്സരം പുല്ലുമേട് അപകടത്തിലും കാണുവാനായി. എന്തിന്റെ പേരിലാണ് മത്സരം എന്നും എന്താണ് ഈ “ആദ്യവിഷ്വല്‍” എന്നും ആരെകാണിക്കുവാനാണെന്നും സ്വയം ചിന്തിക്കുന്നത് നന്ന്. ആളുകളുടെ മൃതശരീരങ്ങള്‍ കൂടിക്കിടക്കുന്ന ഭീകരമായ ദൃശ്യങ്ങള്‍ ലൈവ് ആയി കാണിക്കുകയും ക്രിക്കറ്റിന്റെയോ ഫുഡ്ബോളീന്റെയോ കമന്ററി പോലെ നിര്‍ത്താതെ വായ്ത്താരി നടത്തുന്നതും പലപ്പോഴും അരോചകമായി മാറുന്നു. ക്രിക്കറ്റിന്റെ റണ്‍സ് പറയുന്ന ലാഘവത്തോടെ ആയിരുന്നു ചിലര്‍ മനുഷ്യരുടെ മരണ സംഖ്യ പറയുന്നതെന്ന് ഇടയ്ക്ക് തോന്നി. ഇവര്‍ പ്രക്ഷേപണം ചെയ്യുന്നത് ടെലിവിഷനിലൂടെ ലക്ഷക്കണക്കിന് ആളുകളുടെ മുമ്പിലേക്കാണ് എത്തുന്നത്. അതില്‍ മരിച്ചവരുടെ ബന്ധുക്കളും ഉള്‍പ്പെടും. ഇത്തരം ദുരന്ത ദൃശ്യങ്ങള്‍ കാണുവാന്‍ ആര്‍ക്കും താല്പര്യം ഉണ്ടകും എന്ന് തോന്നുന്നില്ല. മനുഷ്യനെ മറ്റൊരു മനുഷ്യന്‍ മുക്കി കൊല്ലുന്നതും ആന ഒരാളെ കാലുകള്‍ക്കിടയില്‍ ഇട്ട് ചവിട്ടിക്കൂട്ടുന്നതും (തൃപ്പൂണിത്തുറയില്‍ ഉണ്ണികൃഷണന്‍ എന്ന ആന) എല്ലാം യാതൊരു മറവും ഇല്ലാതെ ചാനലുകള്‍ കാണിച്ചു.

ബോട്ടപടകത്തില്‍ ആളുകളുടെ മൃദശരീരങ്ങള്‍ എടുത്തുകൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ കാണിച്ചപ്പോളേ അതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്നിപ്പോള്‍ ശബരിമലയില്‍ മറ്റൊരു ദുരന്തം ഉണ്ടായപ്പോളും അത്തരം ദൃശ്യങ്ങള്‍ കാണിക്കുന്ന കാര്യത്തില്‍ സംയമനം പാലിച്ചുകണ്ടില്ല. ഇനിയെന്നാണ് ഇവര്‍ ഇതില്‍ ഒരു സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുക?