Sunday, April 19, 2009

അക്കാദമി അവാർഡും ബ്ലോഗ്ഗുകളും.

അവാർഡിനൊപ്പം വിവാദവും എന്നത്‌ ആവർത്തിക്കപ്പെടുന്ന ഒരു പ്രതിഭാസമാണല്ലോ? ഇത്തവണയും അതിനു മാറ്റമൊന്നും ഉണ്ടായിട്ടുമില്ല.അവാർഡുജേതാക്കളിൽ ഭൂരിപക്ഷവും ഇടതുപക്ഷത്തോട്‌ ചേർന്നുനിൽക്കുന്നവരോ ഇടതുപക്ഷപ്രസ്ഥാനങ്ങളിൽ അംഗങ്ങളായവരോ ആണെന്നത്‌ ഒരു സത്യം തന്നെ. എന്നാൽ ഇവിടെ അവാർഡിനു പരിഗണിക്കാതെ പോകുന്ന മറ്റൊന്നാണ്‌ ബ്ലോഗ്ഗ്‌ രചനകൾ. സമാന്തരമായി വളർന്നുകൊണ്ടിരിക്കുന്ന ഒന്നാണ്‌ മലയാളം ബ്ലോഗ്ഗു രചനകൾ.ശൈശവ ദിശയിലൂടെ ആണ്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെങ്കിൽ കൂടെ ശ്രദ്ധേയമായ പല സൃഷ്ടികളും ഇതിനോടകം ബ്ലോഗ്ഗുകളിൽ വന്നുകഴിഞ്ഞിരിക്കുന്നു.കാലഘട്ടത്തിന്റെ മറ്റത്തിനനുസരിച്ച്‌ എഴുത്തിന്റെ മാധ്യമത്തിൽ വന്ന മാറ്റത്തെ പക്ഷെ ഇനിയും സാമ്പ്രദായിക സാഹിത്യലോകം അംഗീകരിക്കുവാൻ വിമുഖതകാണിക്കുന്നു എന്നുവേണം കരുതുവാൻ.കേരള സാഹിത്യ അക്കാദമിയുടെ അവാർഡ്‌ നിർണ്ണയത്തിൽ ഇനിയും ബ്ലോഗ്ഗ്‌ സൃഷ്ടികൾ ഉൾപ്പെടുത്തിയിട്ടില്ല.എന്നാൽ പുതിയ പല എഴുത്തുകാർക്കും തങ്ങളുടെ പ്രതിഭ തെളിയിക്കുവാൻ കഴിഞ്ഞെന്നുമാത്രമല്ല മലയാള ഭാഷക്കും സാഹിത്യത്തിനും ബ്ലോഗ്ഗുകൾ ചുരുങ്ങിയകാലം കൊണ്ട്‌ നിരവധി സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്നു എന്നതാണ്‌ യാദാർത്ഥ്യം.

ജീവിതത്തിന്റെ രീതികൾ മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ മലയാളിയുടെ വായനക്ക്‌ മറ്റൊരു ദിശയാണ്‌ ബ്ലോഗ്ഗുകൾ നൽകിയത്‌.ക്രിയാത്മകമായ സംവാദങ്ങളും ഊർഷ്മളമായ സൗഹൃദങ്ങളും ഇവിടെ നടക്കുന്നു.ഇതിനോടകം തന്നെ ബ്ലോഗ്ഗുകളിൽ പ്രസിദ്ധീകൃതമായ ചില രചനകളുടെ പുസ്തകങ്ങൾ ഇറങ്ങിക്കഴിഞ്ഞു.ശ്രീ സജീവ്‌ എടത്താടന്റെ കൊടകരപുരാണം മലയാളിക്ക്‌ ഹാസ്യത്തിന്റെ പുതിയ ഒരു വാതായനം തുറന്നു തന്നു.നാട്ടിൻ പുറത്തെ കൊച്ചുകൊച്ചു സംഭവങ്ങളെ തന്റേതായ ശൈലിയിലൂടെ അവതരിപ്പിച്ചപ്പോൾ വായനക്കാർ അതിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. വി.എകെ.എന്നിനു ശേഷം ഇത്തരത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു ശൈലി ഇപ്പോഴാണുണ്ടായതെന്ന് വേണം പറയുവാൻ.ഇതോടൊപ്പം എടുത്തുപറയേണ്ട മറ്റൊരു സംഗതി ഇന്ത്യൻ ഭാഷകളിലുള്ള മികച്ച ബ്ലോഗ്ഗുകൾക്കായി മൈക്രോസോഫ്റ്റിന്റെ ഇന്ത്യൻ ഭാഹ്സാ സംരംഭം - ഭാഷാ ഇന്ത്യ ഡോട്‌.കോം കൊടകരപുരാണം ബ്ലോഗ്ഗിനു ലഭിക്കുകയും ഉണ്ടായി.

കുറുമാന്റെ "എന്റെ യൂറോപ്പ്‌ സ്വപ്നങ്ങൾ" വായനക്കാർക്ക്‌ നൽകുന്നത്‌ യാത്രാവിവരണത്തിന്റെ പതിവു വിരസതകൾ ഒട്ടുമില്ലാത്ത ഒരു അനുഭവം ആണ്‌. ഒരു ത്രില്ലർ വായിക്കുന്ന രസാനുഭൂതിയാണീ പുസ്തകം പകർന്നു തരുന്നത്‌. യൂറോപ്പിലെ വിവിധ രാജ്യങ്ങളിലൂടെ അവിടത്തെ അനുഭവങ്ങളിലൂടെ കുറുമാനോടൊപ്പം സഞ്ചരിക്കുവാൻ വായനക്കാരനു കഴിയുന്ന തരത്തിലാണതിന്റെ അവതരണം. ടി.പി വിനോദിന്റെ "നിലവിളിയെകുറിച്ചുള്ള കടം കഥകൾ" കവിതയുടെ പതിവു ചിട്ടവട്ടങ്ങളിൽ നിന്നും മാറിനിന്നൊകൊണ്ട്‌ തീഷ്ണമായ ജീവിത യാദാർത്ഥ്യങ്ങൾ വായനക്കാരിലേക്ക്‌ പകർന്നു നൽകുന്നുണ്ട്‌. ഇതുപോലെ അനവധി കാമ്പുള്ള സൃഷ്ടികൾ ബ്ലോഗ്ഗുകളിൽ നിന്നും വായിച്ചെടുക്കുവാൻ കഴിയും.എന്നാൽ അച്ചടിച്ച പുസ്തകങ്ങളേക്കാൾ കൂടുതലായി ഇന്റ്‌ർ നെറ്റിൽ പ്രസിദ്ധീകരിക്കുന്നവ വായിക്കപ്പെടുന്ന കാലത്ത്‌ അവാർഡു പരിഗണനക്ക്‌ പുസ്തകരൂപത്തിൽ അച്ചടിച്ചു പ്രസിദ്ധീകരിച്ചവ മാത്രമേ പരിഗണിക്കൂ എന്ന നിബന്ധന ബാലിശമായി മാറിക്കൊണ്ടിരിക്കുന്നു.

അവാർഡുകൾ നിശ്ചയിക്കുന്നവർ ജുബ്ബാ താടി പരിവേഷങ്ങൾക്കപ്പുറം വളർന്നുവരുന്ന ലോകത്തെകുറിച്ച്‌ അഞ്ജതനടിക്കുന്നതിൽ അർത്ഥമില്ല. പുസ്തകരൂപത്തിൽ ഉള്ള സാഹിത്യം കാലഘട്ടത്തിനനുസരിച്ച്‌ ഇലക്ട്രോണിക്ക്‌ സംവിധാനത്തിന്റെ സങ്കേതങ്ങളിലേക്ക്‌ രൂപപരിണാമം പ്രാപിക്കുമ്പോൾ,വായനക്കാർ അതിനെ സ്വാഗതം ചെയ്യുമ്പോൾ സാഹിത്യ അക്കാദമിയും,സാഹിത്യവിമർശകന്മാരും,ബുദ്ദിജീവികളും അത്തരം ഒരു "അപ്ഡേഷനു" തയ്യാറാകേണ്ടിയിരിക്കുന്നു. വരും നാളുകൾ ഇന്റർനെറ്റിലും അതുപോലുള്ള ഇടങ്ങളിലും ആയിരിക്കും മലയാളസാഹിത്യത്തിന്റെ പുത്തൻ സൃഷ്ടികളെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുക എന്നതിൽ സംശയം വേണ്ട.അതിനോടു പുറം തിരിഞ്ഞു നിന്നുകൊണ്ട്‌ അധിക കാലം ഇത്തരം അവാർഡ്‌ പങ്കുവെക്കലുകൾക്ക്‌ നിലനിൽപ്പുണ്ടാകില്ല എന്നത്‌ നിസ്സംശയം പറയാനാകും.അതിനാൽ ബ്ലോഗ്ഗുകളിൽ പ്രസിദ്ധീകരിക്കുന്ന രചനകളെ കൂടി പ്രത്യേകസംവരണം ഇല്ലാതെ അവാർഡ്‌ നിർണ്ണയങ്ങളിലേക്ക്‌ പരിഗണിക്കുവാൻ തയ്യാറാകണം.

6 comments:

paarppidam said...

പുസ്തകരൂപത്തിൽ ഉള്ള സാഹിത്യം കാലഘട്ടത്തിനനുസരിച്ച്‌ ഇലക്ട്രോണിക്ക്‌ സംവിധാനത്തിന്റെ സങ്കേതങ്ങളിലേക്ക്‌ രൂപപരിണാമം പ്രാപിക്കുമ്പോൾ,വായനക്കാർ അതിനെ സ്വാഗതം ചെയ്യുമ്പോൾ സാഹിത്യ അക്കാദമിയും,സാഹിത്യവിമർശകന്മാരും,ബുദ്ദിജീവികളും അത്തരം ഒരു "അപ്ഡേഷനു" തയ്യാറാകേണ്ടിയിരിക്കുന്നു. വരും നാളുകൾ ഇന്റർനെറ്റിലും അതുപോലുള്ള ഇടങ്ങളിലും ആയിരിക്കും മലയാളസാഹിത്യത്തിന്റെ പുത്തൻ സൃഷ്ടികളെ ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുക എന്നതിൽ സംശയം വേണ്ട.അതിനോടു പുറം തിരിഞ്ഞു നിന്നുകൊണ്ട്‌ അധിക കാലം ഇത്തരം അവാർഡ്‌ പങ്കുവെക്കലുകൾക്ക്‌ നിലനിൽപ്പുണ്ടാകില്ല എന്നത്‌ നിസ്സംശയം പറയാനാകും.അതിനാൽ ബ്ലോഗ്ഗുകളിൽ പ്രസിദ്ധീകരിക്കുന്ന രചനകളെ കൂടി പ്രത്യേകസംവരണം ഇല്ലാതെ അവാർഡ്‌ നിർണ്ണയങ്ങളിലേക്ക്‌ പരിഗണിക്കുവാൻ തയ്യാറാകണം.

Anonymous said...

ഭാഷ ഇന്ത്യ അവാര്‍ഡ് കുറുമാന്റെ കഥയ്ക്കല്ലെ?

asdfasdf asfdasdf said...

ബ്ലോഗ് സാഹിത്യശ്രേണിക്ക് സാഹിത്യ അക്കാദമി അവാര്‍ഡൊന്നും കൊടുക്കുന്നില്ല. യാത്രാവിവരണമാണെങ്കില്‍ ഇത്തവണ ഒരു കൃതിയാണ് മത്സരത്തിനുണ്ടായിരുന്നതെന്ന് അറിയുന്നു. ആ കൃതിക്ക് തന്നെ അവാര്‍ഡും കിട്ടി. പ്രിന്ററോ പബ്ലിഷറോ സാഹിത്യകാരനോ ഉത്സാഹിക്കാതെ അക്കാദമി അവാര്‍ഡ് ഇക്കാലത്ത് കിട്ടുക പ്രയാസമാണ്. ഇത്തവണത്തെ അവാര്‍ഡില്‍ നോവലും കഥയുമൊഴിച്ചുള്ള കൃതികള്‍ അവാര്‍ഡിനു പരിഗണിക്കാന്‍ പോലും അര്‍ഹതയില്ലാത്തതാണെന്നാണ് സാഹിത്യ അക്കാദമിക്കു മുന്നില്‍ രോഡരികില്‍ പുസ്തകം വില്‍ക്കുന്ന പയ്യന്‍ പോലും പറയുന്നത്. (അവനെ എഴുത് തള്ളണ്ട. പൌലോ കൌലോയുടെ എല്ലാ കൃതികളും രണ്ടു തവണയെങ്കിലും വായിച്ചിട്ടുണ്ട് ചുള്ളന്‍.. സാഹിത്യ അക്കാദമിയില്‍ വരുന്ന സാഹിത്യകാരന്മാര്‍ക്ക് പാശ്ചാത്യ പൌരസ്ത്യ ദേശങ്ങളിലെ ബെസ്റ്റ് സെല്ലറുകളെ പരിചയപ്പെടുത്താന്‍ ഇവനല്ലാതെ അക്കാദമിയില്‍ ഒരു തേരട്ട പോലുമില്ല..)

paarppidam said...

കുട്ടൻ മേനോനെ താങ്കൾ പറഞ്ഞപോലെ അക്കാദമിയുടെ ഗേറ്റിന്റ അരികിൽ സെക്കന്റ്‌ ഹാന്റ്‌ പുസ്തകം വിൽക്കുന്ന പയ്യൻ തന്നെയാ പലപ്പോഴും നല്ല പുസ്തകങ്ങൾ തിരഞ്ഞെടുക്കുവാൻ സഹായിക്കാറ്‌. ആർക്കിടെക്ചറായാലും,എഞ്ചിനീയറിങ്ങായാലും,വിദേശ സാഹിത്യമായാലും മോശം പുസ്തകം എടുത്താൽ "അതുകൊള്ളില്ല ചുള്ളാ/ ചേട്ടാന്ന്" അവൻ പറയുകയും ചെയ്യും. വലിയ ബുക്സ്റ്റാളുകളിൽ നിന്നും ഒരിക്കലും ഒരു അഭിപ്രായം കിട്ടാറില്ല. കിട്യാതന്നെ "ഇമ്മിണി ആളോള്‌ വന്ന് വാങ്ങിക്കൊണ്ടോണ്ട്‌" എന്ന് പറയും.

അക്കാദമി അവാർഡിലേക്ക്‌ എന്തായാലും വരും കാലങ്ങളിൽ ബ്ലോഗ്ഗുകളിലെ യാത്രാവിവരണങ്ങളും,കവിതകളും,കഥകളും,എല്ലാം കടന്നുവരും എന്ന് പ്രത്യാശിക്കാം.....

വികടശിരോമണി said...

ശരിയാ,വേണ്ടതാണ്.പിന്നെ അതിനും യുദ്ധം ചെയ്യാലോ.വരട്ടെ.

Rajesh T.C said...

സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി... വേണം നമ്മുക്ക് ഒരു ബ്ലൊഗ്ഗ് അക്കാദമി..
അവാർഡ് പ്രഖാപനത്തിനു ശേഷമുള്ള തമ്മിൽ തല്ല് നമ്മൾ കാണുന്നതെല്ലെ മാഷെ.അത്തരമൊരു സാഹചര്യം ബ്ലൊഗ്ഗെർസിന്റെ ഇടയിലും ഉണ്ടാക്കണോ?