Tuesday, November 16, 2010

എന്തിനു ഇങ്ങനെ ഒരു കേന്ദ്ര സഹകന്ത്രി?

മനുഷ്യരുടെ ദുരിതത്തെയും വികാരത്തെയും മനസ്സിലാക്കാതെ അവരുടെ ആവശ്യങ്ങള്‍ക്ക് നേരെ മുഖം തിരിഞ്ഞു നില്‍ക്കുന്ന ഒരു മന്ത്രിയെ നമുക്കു വേണമോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
വര്‍ഷങ്ങളായി എന്റോ സള്‍ഫാന്‍ എന്ന മാരകമായ കീടനാശിനി നമ്മുടെ സഹജീവികളെ നിരന്തരം നരകതുല്യമായ ജീവിതത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു എന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ആ ദുരിതത്തിന്റെ ഒരു ഇരയെ (കെ.ഈ.എന്നിന്റെയും സമാനരുടേയും ഇരയല്ല) എങ്കിലും നേരിട്ടു കാണുകയോ മാധ്യമങ്ങളില്‍ വരുന്നത് കാണുകയോ ചെയ്തിരുന്നെങ്കില്‍ ഒരിക്കലും മനുഷ്യത്വം ഉള്ള ഒരു ആള്‍ക്കും ആ കീടനാശിനിയെ ന്യായീകരിക്കുവാന്‍ ആകില്ല. മനുഷ്യര്‍ക്ക് അടക്കം ജീവജാലങ്ങള്‍ക്കൊക്കെ ഇത്രയധികം ദുരിതം നല്‍കുന്നു എന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നിട്ടും അതിനെ നിരോധിച്ചുകൊണ്ട് ഗൌരവപൂര്‍വ്വം ഒരു നടപടിയിലേക്കു നീങ്ങുവാന്‍ ഭരണകൂട തമ്പുരാക്കന്മാര്‍ക്ക് ആകുന്നില്ല എങ്കില്‍ ഒരു നിമിഷം പോലും അവര്‍ ഈ ജനങ്ങളുടെ പ്രതിനിധിയായിരിക്കുവാന്‍ അര്‍ഹരല്ല എന്ന് നിസ്സംശയം പറയുവാന്‍ ആകും.

വിദ്യാഭ്യാസം ഇല്ലാത്ത വങ്കന്മാര്‍ക്കു പോലും എന്‍ഡോസള്‍ഫാനെ നിരോധിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാകും എന്നിരിക്കെ കെ.വി തോമസിനെ പോലെ ഒരു കെമിസ്ട്രി അദ്യാപകന്‍ ഇതിനെ ന്യായീകരിച്ച് സംസാരിച്ചതിന്റെ ചേതോവികാരം സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാവുന്നതേ ഉള്ളൂ. കുത്തകകളുടെ കുഴലൂത്തുകാരാ‍യി അധ:പതിച്ച രാഷ്ടീയ കോമാളികള്‍ക്കും കിങ്കരന്മാര്‍ക്കും സാമാന്യജനത്തിന്റെ ദുരിതങ്ങള്‍ എക്കാലത്തും ഒരു തമാശയാണ്. അധികാരത്തിന്റെ പടവുകള്‍ ഒന്നൊന്നായി കയറുമ്പോള്‍ ആ തമാശയുടെ ആസ്വാദ്യത അവര്‍ക്ക് കൂടിക്കൊണ്ടിരിക്കും. അധികാരത്തിനും അതു നല്‍കുന്ന പലവിധത്തിലുള്ള സുഖസൌകര്യങ്ങള്‍ക്കും കാരണം ഈ ദുരിതമനുഭവിച്ച് നരകതുല്യമായ ജീവിതം നയിക്കുന്നവരുടെ വിയര്‍പ്പും കണ്ണീരും രക്തവും ആണെന്ന് അവര്‍ സൌകര്യപൂര്‍വം മറക്കും. അന്തപുരങ്ങളില്‍ വിരുന്നു സല്‍ക്കാരങ്ങളും വങ്കിട ഡീലുകളുമായി കഴിയുന്ന മന്ത്രിപുംഗവന്മാര്‍ ഒരു നിമിഷം എങ്കിലും ഈ ജനങ്ങളെ ഓര്‍ക്കുക. ജനാധിപത്യം എന്നത് ജനങ്ങള്‍ അവരുടെ ജീവിതത്തെ സുഖകരമായി നടത്തിക്കൊണ്ടുപോകുവാനായി ഉണ്ടാക്കിയ ഒരു സംവിധാനമാണെന്നും ജനപ്രതിനിധി അതിന്റെ പേരില്‍ അവരുടെ കയ്യില്‍ നിന്നും ശമ്പളം പറ്റുന്ന ഒരു “രാഷ്ടീയ തൊഴിലാളി” മാത്രമാണെന്നും തിരിച്ചറിയുക. (ജനസേവനം ഒരു സേവനമായി കൊണ്ടു നടന്നവര്‍ ദയവായി ക്ഷമിക്കുക. ഇന്ന് കൂലിപറഞ്ഞുവാങ്ങുന്ന തെണ്ടിക്കൂട്ടങ്ങളായി അതില്‍ ഭൂരിപക്ഷവും അധ:പതിച്ചിരിക്കുന്നു)

കെ.വി തോമാസിനെ പോലെ മനുഷ്യത്വം ഇല്ലാതെ പ്രസ്താവനയിറക്കുന്നവരെയും, ജനഹിതത്തിനു അനുസരിച്ചു പ്രവര്‍ത്തിക്കാത്തവരെയും, രാജയെ പോലെ ഉള്ള അഴിമതി ആരോപണവിധേയവരെയും നമുക്കു വേണ്ട.
ഇനിയെങ്കിലും അഴിമതിക്കാര്‍ക്ക് ഒരിക്കലും അവസരം ലഭിക്കാത്തതും ജനഹിതം മാനിക്കാത്തവരെ തിരിച്ചു വിളിക്കുവാന്‍ അധികാരമുള്ളതുമായ ഒരു ജനാധിപത്യ സംവിധാനത്തെ പറ്റി ഉറക്കെ ചിന്തിക്കുവാന്‍ ഉള്ള സമയം ആയിരിക്കുന്നു.

No comments: