Wednesday, September 20, 2006

ആനയും ഉറുമ്പും

ആനയും ഉറുമ്പും

ബെന്യാമീന്‍ എന്ന എന്റെ സുഹൃത്ത്‌ പറഞ്ഞ മൂത്തകുന്നത്തെ ഒരു ഷാപ്പില്‍ നിന്നും അല്‍പ്പം അകത്താക്കിയതായിരുന്നു കുന്നംകുളം ഗിരീശന്‍ എന്ന ആന. അടിച്ച്‌ പിമ്പിരിയായപ്പോ പുള്ളി മോഹന്‍ലാലിന്റെ ആടുതോമാസ്റ്റെയിലില്‍ മുണ്ടൂരി തലേക്കെട്ടി ചില നാടന്‍ പാട്ടുകളുടെ അകമ്പടിയോടെ ദേശീയപാത ഉപരോധം എന്ന കേരളീയ കലാരൂപം അവതരിപ്പിക്കാന്‍ തുടങ്ങി. അപ്പോഴാണ്‌ തന്റെ ശത്രുവും ബൈജു ശിശിഷ്യനുമായ ഉറുമ്പിന്റെ കാര്യം ഓര്‍മ്മവന്നത്‌. നേരെ അന്തിക്കാട്ടേക്ക്‌ പുറപ്പെട്ടു. പോണവഴിക്ക്‌ തടസ്സം പിടിക്കാന്‍ വാഴ തെങ്ങ്‌ തുടങ്ങിയ മധ്യസ്തന്മാരെ കാലപുരിക്കയച്ച്‌ ഏതാണ്ട്‌ സന്ധ്യയോടെ അന്തിക്കാട്‌ "സെണ്ട്രീല്‍" എത്തി.

കക്ഷിയുടെ മുമ്പില്‍ വന്ന ഓട്ടോറിക്ഷ കള്ളിലെ ഈച്ചയാണെന്ന് കരുതി പറപ്പിച്ചു.കണ്ണീകണ്ടോരെ ഒക്കെ ചീത്തവിളിച്ചു ഉറുമ്പിനു നേരെ വെല്ലുവിളി തുടങ്ങി. ആളുകള്‍ കൂടിയതോടെ ആനക്ക്‌ ആവേശം മൂത്തു ഉറുമ്പിന്റെ പൊടിപോലും കാണാനില്ല. ഇതിനിടയില്‍ ആരോ ഉറുമ്പിനൊരു എസ്‌.എം. എസ്‌. വിട്ടു. ഉറുമ്പിന്റെ കൂടപ്പിറപ്പാണെന്ന് കരുതി അതുവഴി വന്ന ഒരു മാരുതി ഓമ്നിയെ ആന പൊക്കിയെടുത്തു നിലത്തടിച്ചു. കെ.കെ മേനോന്‍ ശ്രീശങ്കര തുടങ്ങിയ ബസ്സുകള്‍ വഴിമാറി ഓടി.

ഏതാണ്ട്‌ പത്തിരുപതു മിനിറ്റ്‌ കഴിഞ്ഞുകാണും വടക്കെ ആലിന്റെ അവിടുന്ന് ഉറുമ്പിന്റെ തല കാണാന്‍ തുടങ്ങി.വില്ലെജുകാരും പി.ഡബ്ലിയൂക്കാരും നിരവധി തവണ അളന്നതാണെങ്കിലും അതു ശരിയല്ല സ്വയം അളന്ന് ബോധ്യപ്പെട്ടാലേ വിശ്വസിക്കൂ എന്ന് പറഞ്ഞു കക്ഷി അവിടെ നിന്നും ഉള്ള ദൂരം അളന്നുകൊണ്ടാണ്‌ വരവ്‌. ഉറുമ്പിനെ കണ്ടതും ആന ഒന്നുകൂടി ഉഷാറായി.

"ടാ വേണ്ട്ര ഗട്യേ നീ ഇപ്പങ്ങ്ട്‌ പോണ്ട്രാ ആന നിന്നെ കൊല്ലുന്ന് പറഞ്ഞാ നിക്കണെ." ഉറുമ്പിനെ സമാധാനിപ്പിക്കാന്‍ പ്രതിയും മറ്റു നാട്ടുകാരും ശ്രമിച്ചെങ്കിലും കക്ഷിയും വാശിയില്‍ തന്നെ.

"അവനെ അങ്ങനഗ്ട്‌ വിട്ടാപിന്നെ ഇമ്മളൊക്കെ പിന്നെന്തിനാ ആണുങ്ങളാണെന്ന് പറഞ്ഞ്‌ നടക്കുന്നെ?' ഉറുമ്പിന്റെമറുചോദ്യം കേട്ട്‌ അവര്‍ പിന്തിരിഞ്ഞു.

"ടാ പീക്കിരീ ദൈര്യമുണ്ടേല്‍ ഇങ്ങ്‌ അടുത്തുവാ നിന്റെ പണി ഞാന്‍ ഇന്നു തീര്‍ക്കും" ആന വെല്ലുവിളിച്ചു.

ആളുകള്‍ ശ്വാസം പിടിച്ച്‌ നില്‍പ്പാണ്‌ എന്തും സമ്പവിക്കാം.ഉറുമ്പിനു യാതൊരുകൂസലും ഇല്ല.ഉറുമ്പിന്‌ എന്തെങ്കിലും പറ്റ്യാല്‍ നേരം കളയാണ്ടെ എത്തിക്കാന്‍ വേണ്ടി ചിലര്‍ അന്തിക്കാടാശുപത്രീല്‍ക്കുള്ള വഴിയില്‍ കിടന്ന വണ്ടികള്‍ ഒതുക്കി ഇട്ടു.

ഉറുമ്പ്‌ തന്റെ തലേക്കെട്ട്‌ ഒന്നുകൂടെ മുറുക്കിക്കെട്ടി മീശയ ഒന്നുകൂടെ പിരിച്ച്‌ മേളിലോട്ട്‌ വച്ചു പിന്നെ ഒന്നും മിണ്ടാതെ ആനേടെ അടുത്തുവന്ന് തുമ്പികയ്യിനകത്തേക്ക്‌ ഒറ്റ ഊത്‌. ദേ കിടക്കുന്നു ആന ബൊധം കെട്ട്‌.

എന്തായിരിക്കാം അനേടെ വീഴ്ച്ചക്ക്‌ കാരണം?

ആര്‍ക്കെങ്കിലും അറിയുന്നുണ്ടേല്‍ പറ.

9 comments:

Unknown said...

Urumbu pallu thechirunnilla

paarppidam said...

ജീവിതത്തീ ഇന്നേവരെ പേസ്റ്റും ബ്രഷും കാണാത്ത ആനക്കല്ലെ ഉറുമ്പിന്റെ വായ്‌ നാറ്റം ഏല്‍ക്കണെ? ഒന്നും കൂടങ്ങ്ട്‌ ആലോചിക്കെന്നെ.

കുഞ്ഞിരാമന്‍ said...

ഉറുബ് നേരത്തെ തന്നെ ആനമയക്കി or സെന്‍ഞ്ചുബിറീസ് അടിചു വാള്ളുവച്ചിരിക്കുകയായിരുന്നു.

ബെന്യാമിന്‍ said...

ഒരെത്തും പിടിയും കിട്ടിന്നില്ലല്ലോ സുഹൃത്തേ, ഉത്തരം തേടിയും മൂത്തുകുന്നം, അന്തിക്കാട്‌ ഷാപ്പുകള്‍ നിരങ്ങേണ്ടി വരുമോ..?
മറ്റുവല്ല പൂസന്മാര്‍ക്കും പിടിയുണ്ടെങ്കില്‍ പറയട്ടെ. കടംകഥകള്‍ക്കു മുന്നില്‍ ഏറെ നേരം പിടിച്ചുനില്‌ക്കാന്‍ എനിക്കാവില്ല. ഞാന്‍ സുല്ലിട്ടിരിക്കുന്നു!

ലിഡിയ said...

ഉറുമ്പ് നമ്മുടെ മൂലവെട്ടി വകുപ്പിലുള്ള ഏതെങ്കിലും ലോക്കല്‍ അടിച്ചിട്ടുണ്ടായിരുന്നോ??

-പാര്‍വതി.

ലിഡിയ said...

അയ്യോ സമാന സ്വഭാവമുള്ള വേറെ ഒരു ഉത്തരം കിടക്കുന്നു..എന്റേത് പിന്‍ വലിച്ചിരിക്കുന്നു

ഉത്തരം പറ...:-?

-പാര്‍വതി.

ലിഡിയ said...
This comment has been removed by a blog administrator.
Sreejith K. said...

അറിയത്തില്ല. ഉത്തരം പറ.

paarppidam said...

ഉത്തരം കുഞ്ഞിരാമന്‍ പറഞ്ഞതു തന്നെ.

ഉറുമ്പ്‌ ആനമയക്കി അടിച്ചാണ്‌ വന്നത്‌.

(ഒരു ആനയേമയക്കാന്‍ കെല്‍പ്പുള്ളതടിച്ചിട്ടും നമ്മുടെ ഉറുമ്പിനു യാതൊരു കുലുക്കോം ഇല്ല.)