Friday, February 29, 2008

അടിച്ചുപൂസായി ആനപ്പുറത്തുകിടന്ന്

ഈ വര്‍ഷവും ആനകള്‍ വിരണ്ടോടുവാന്‍ തുടങ്ങിയിരിക്കുന്നു. ഈ വര്‍ഷം ഞാന്‍ ആദ്യമായി അറ്റന്റു ചെയ്തത്‌ മുല്ലശ്ശ്രിയിലേ ആനയോട്ടമാണ്‌.നല്ല ചൂണയുള്ള ആനയാണ്‌. തലേന്ന് ഓടി പിറ്റേന്നാണ്‌ കക്ഷിയെ തളച്ചത്‌.

മറ്റൊരു സംഭവം പാപ്പാന്‍ അടിച്ചുപൂസായി ആനപ്പുറത്തുകിടന്ന് പാവറട്ടിയില്‍ നിന്നും ചാവക്കാടിന്റെ പ്രാന്തപ്രദേശത്തേക്ക്‌ നടത്തിയ യാത്രയാണ്‌.ഈ സംഗതി ഗിന്നസ്‌ ബുക്കില്‍ ഇടം പിടിക്കേണ്ടതാണ്‌.മൂന്നു പാപ്പാന്മാരില്‍ രണ്ടുപേര്‍ ഫിറ്റായി നേരത്തെ പാവറട്ടില്‍ സൗകര്യം ഒത്തുവന്ന സ്ഥലങ്ങളില്‍ കിടപ്പായി.പുറത്തിരുന്ന ചുള്ളന്‍ താഴെ ഇറങ്ങി റോഡുവക്കില്‍ കിടക്കാനൊന്നും മിനക്കെട്ടില്ല.ഇനി അധവാ റോഡുസൈഡില്‍ കിടന്നാല്‍ ആരുകാണാന്‍. കക്ഷി ആനപ്പുറം വിഷ്ണുലോകമാക്കി. പാപ്പാന്മാര്‍ സ്മോളടിച്ചപ്പോള്‍ തനിക്ക്‌ തരാഞ്ഞതൊന്നും ആന അതൊന്നും കാര്യമാക്കിയില്ല കക്ഷി നടപ്പുതുടര്‍ന്നു.പുറത്തു ഫിറ്റായി കിടക്കുന്ന പാപ്പാനെ കണ്ട്‌ ഒരു രസികന്‍ ചോദിച്ചത്രെ
"കുമാരോ പാപ്പാന്‍ ആനപ്പുറത്തിരുന്ന് വാളുവെക്കോ?"പാപ്പാനെ ഉണര്‍ത്തിയാല്‍ ആന ഇടയുമോന്ന് ഒരു അഭിപ്രായം "പണ്ടാരമടങ്ങാന്‍ ആ കുരിപ്പെങ്ങാനും ആനേടേ കാലിന്റെ ചുവട്ടിലൊട്ട്‌ വീണു പപ്പടാവോ?" തു വേറെ ഒരു കൂട്ടര്‍.
ആനപ്പുറത്തുനിന്നും പാപ്പാന്‍ അഥവാ താഴെവീഴുകയാണെങ്കില്‍ അതു ലൈവില്‍ പകര്‍ത്തുവാന്‍ ക്യാമറാക്കാര്‍.ആനപ്പുറത്തു "വെള്ളപ്പുറത്തുകിടക്കുന്ന" ചുള്ളന്റെ കയ്യില്‍ ഉണ്ടായിരുന്ന ചെപ്പിത്തോട്ടി താഴെ വീണപ്പോള്‍ ആന അതെടുത്ത്‌ ചുള്ളനൊരു പെടകൊടുത്ത്‌ തിരികെ ഏല്‍പ്പിച്ചു. "ഇടഞ്ഞ പാപ്പാന്റെ കൃഷ്ണമണിയില്‍ തോട്ടികേറ്റല്ലേ ആനേ" എന്ന് വീണ്ടും കമന്റ്‌.കാര്യങ്ങള്‍ നിയന്ത്രിക്കുവാനെത്തിയ പോലിസും ആനക്കാരനും ഇതിനിടയില്‍ ഒന്ന് ഇടഞ്ഞുവത്രെ!സംഗതി കേട്ടറിഞ്ഞു ചെല്ലുമ്പോഴേക്കും ആനയെ തളച്ചു.

സംഗതി കാണുവാന്‍ നൂറേനൂറില്‍ അന്തിക്കാട്ടുകാരനായ സനീബെന്ന ചെത്തുകാരന്റെ വണ്ടിയില്‍ ആയിരുന്നു പോയത്‌. "ഈ സംഭവം കൊടകരയില്‍ ആയിരുന്നേല്‍ നിന്റെ ആ ഗഡി കഥയാക്കിയേനേ" എന്നു പറഞ്ഞത്‌ സജീവേട്ടന്‍ എന്ന പുരാണക്കാരനെ വായനക്കാര്‍ എങ്ങിനെ ഉള്‍ക്കൊള്ളുന്നു എന്നുള്ളതിനു തെളിവായി.

1 comment:

സജീവ് കടവനാട് said...

പാമ്പിന്‍ പുറത്തുറങ്ങുന്ന ദൈവത്തെകുറിച്ച് കേട്ടിട്ടുണ്ട്. ആനപ്പുറത്തുറങ്ങുന്ന ദൈവം ഇതാദ്യം.


ഇപ്പൊ നാട്ടിലാ?