Friday, February 29, 2008

ഉഷാറില്ലാത്ത പെരിങ്ങോട്ടുകര ഉത്സവം.

അന്തിക്കാട്ടുകാരെ സംബന്ധിച്ചിടത്തോളം തിരുവോണം പോലെ ഒന്നാണ്‌ പെരിങ്ങോട്ടുകര ഉത്സവം.ബന്ധുവീടുകളീല്‍ നിന്നും വിരുന്നുകാര്‍ വരും ദൂര ദേശങ്ങളില്‍ നിന്നുപോലും ഉത്സവത്തിനു ലീവെടുത്ത്‌ ആളുകള്‍ എത്തും അത്രക്കും ഉത്സവം അവരുടെ ജീവിതവുമായി ഇഴപിരിക്കാനാവാത്ത രീതിയില്‍ ബന്ധപ്പെട്റ്റുകിടക്കുന്നു.ചെത്തുതൊഴിലാളീകളെ സംബന്ധിച്ചേടത്തോളം ഉത്സവത്തിനു ബോണസ്സുമുണ്ട്‌.

പെരിങ്ങോട്ടുകര ഉത്സവം എന്ന് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക തലയെടുപ്പുള്ള ഏഴുകൊമ്പന്മാരെയും വൈകുന്നേരത്തെ വെടിക്കെട്ടുമാണ്‌.കഴിഞ്ഞവര്‍ഷത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വെടിക്കെട്ടിനു ഉഷാറുകുറവായിരുന്നു.ചുള്ളിപ്പറമ്പില്‍ സൂര്യന്‍,ബാസ്റ്റ്യന്‍ വിനയശങ്കര്‍,പട്ടത്ത്‌ ശ്രീകൃഷ്ണന്‍,ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കര്‍,പാമ്പാടിരാജന്‍ തുടങ്ങിയ കൊള്ളാവുന്ന ഗജവീരന്മാര്‍ തന്നെയാണ്‌ പെരിങ്ങോട്ടുകര ഉത്സവത്തിനു ഇത്തവണയും അണിനിരന്നത്‌,പക്ഷെ ആനകള്‍ തലയുയര്‍ത്തിപ്പിടിക്കുവാന്‍ മടിക്കുന്ന കാഴ്ചയാണ്‌ അവിടെ കണ്ടത്‌.ഏതുത്സവത്തിനു ചെന്നാലും അവിടെ തന്റെ തലപിടുത്തം കൊണ്ട്‌ മൊത്തം കാണികളെ തന്നിലേക്ക്‌ ആകര്‍ഷിക്കുന്ന വിഷ്ണുശങ്കര്‍ പോലും എന്തുകൊണ്ടോ തലപൊക്കിപ്പിടിക്കാതെ നില്‍ക്കുന്നത്‌ കാണികളില്‍ നിരാശയുളവാക്കി.ആനകളില്‍ തിടമ്പ്‌ ചുള്ളീപ്പറമ്പില്‍ സൂര്യനും വലം കൂട്ട്‌ പട്ടത്ത്‌ ശ്രീകൃഷ്ണനും ഇടം കൂട്ട്‌ ബാസ്റ്റ്യന്‍ വിനയശങ്കറും ആയിരുന്നു.തുടര്‍ന്ന് പാമ്പാടിരാജന്‍ ,ചുള്ളിപ്പറമ്പില്‍ വിഷ്ണു,പട്ടിമറ്റം രാമന്‍ കുട്ടി,ചുള്ളിപ്പറമ്പില്‍ ശ്രീരാം എന്നിവര്‍ യഥാക്രമം സ്ഥാനങ്ങളില്‍ അണിനിരന്നു.

ആനപ്രേമികളെ സംബന്ധിച്ചേടത്തോളം പാമ്പാടിരാജനു ഇത്‌ രണ്ടാം ജന്മമാണ്‌. എരണ്ടക്കെട്ടില്‍ നിന്നും ഒരു പറ്റം ആളുകളുടെ പ്രാര്‍ഥനയും വൈദ്യന്മാരുടെ മികച്ച ചികിത്സയും പരിചരണവും കൊണ്ട്‌ മാത്രം രക്ഷപ്പെട്ട അവനെ അതുകൊണ്ടുതന്നെ ആനപ്രേമികള്‍ പ്രത്യേകം ശ്രദ്ദിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ആനയുടെ പാപ്പാന്‍ ആനയെ അനാവശ്യമായി തോട്ടികൊണ്ട്‌ കുത്തിയും തല്ലിയും അസ്വസ്ഥനാക്കുന്ന കാഴ്ചയാണ്‌ കാണുവാന്‍ കഴിഞ്ഞത്‌.പല ആനപ്രേമികളും ഇതിനെതിരെ രോഷത്തോടെ പ്രതികരിക്കുകയും ചെയ്തു.

No comments: