Monday, July 06, 2009

കുമാരനും കൊച്ചൂട്ടനും...1

പ്രിയപ്പെട്ടവരെ തികച്ചും സാങ്കൽപ്പികമായ രണ്ടുകഥാപാത്രങ്ങൾ ആണിവർ.ഒരു നാട്ടിൻ പുറത്തുകാർ.എന്നും രാവിലെ രാഘവന്റെ ചായക്കടയിലും വൈകീട്ട്‌ ഷാപ്പിലും കണ്ടുമുട്ടും.രാഷ്ടീയവും മറ്റുമായി നേരം പോക്കും. മരിച്ചിരിക്കുന്നവരോ,ജീവിച്ചിരിക്കുന്നവരോ ഇനി ജീവിക്കാൻ പോണവരോ ആയ ഏതെങ്കിലും മനുഷ്യന്മാരുമായി ബന്ധവും ഇല്ല. പക്ഷെ ഇവരുടെ രൂപം നിങ്ങളുടെ മനസ്സിലോ ഗ്രാമത്തിലോ കണ്ടെന്ന് വരാം.അതെന്റെ കുഴപ്പം അല്ല. അന്തിക്കാട്‌ രാഘവേട്ടന്റെ കടയിൽ ചായകുടിക്കാൻ വരുന്ന അന്തോണ്യേട്ടനുമായി ഈ കുമാരനോ ചന്ദ്രേട്ടനുമായി കൊച്ചൂട്ടനോ യാതൊരു സാദൃശ്യവും ഇല്ലാന്ന് പ്രത്യേകം പറയട്ടെ.ഇല്ലേൽ ഇനി അതുമതി ചെക്കൻ ഞങ്ങൾടെ വർത്താനം കണ്ടോർക്കൊക്കെ വായിക്കാൻ പാകത്തിനു എഴുതീന്ന് പറഞ്ഞ്‌ പറഞ്ഞു എന്റെ ചെവിക്ക്‌ പിടിക്കാൻ.
---------------------
എന്താ കൊച്ചൂട്ടാ രാവിലെതന്നെ ആരോടാ കെലിപ്പ്‌ രാഘവന്റെ ചായക്ക്‌ കടുപ്പം ഇല്ലേ?

"എന്റെ കുമാരാ ഈ സ്വാശ്രയ കോളേജിന്റെ കാര്യമ കൊച്ചൂട്ടന്റെ ഇന്നത്തെ പ്രശ്നം."

"അതിനു നല്ലകാലത്ത്‌ സ്കൂളിൽ പോകാത്ത കൊച്ചൂട്ടൻ ഈ വയസ്സുകാലത്ത്‌ എന്നതിനാ സ്വാശ്രയകോളേജിനെ കുറിച്ച്‌ ബേജാറാകുന്നെ?"

"എന്നെകുറിച്ചല്ല കുമാരാ ഭാവിതലമുറയെ കുറിച്ചാ എന്റെ വേവലാതി."

"കൊച്ചൂട്ടന്റെ മോളേ കെട്ടിച്ചുകൊടുത്തില്ലെ?അവൾക്ക്‌ പിള്ളാരുമായി.മൂത്ത മോൻ ബസ്സിൽ ജോലി? രണ്ടാമത്തവൻ നന്നായില്ലേലും ഫീസുവങ്ങണ സ്ഥാപനത്തിൽ ടെക്നോളജി പഠിക്കുന്നു. പിന്നെ എന്താ പ്രശ്നം?"

"കുമാരാ എന്റെ മക്കൾടേം പേരക്കുട്ടികളുടേം പ്രശ്നമല്ല. നാട്ടിലുള്ള മറ്റുപിള്ളാരുടെ കാര്യമാ... പാവങ്ങളുടെ സർക്കാർ വന്നിട്ടും ഈ സ്വാശ്രയം ഒരു പ്രശ്നം തന്നെയാ..ഇനിദേ സമരം വരാൻ പോണൂ."

"എന്റെ കൊച്ചൂട്ടാ ഈ സ്വാശ്രയ കോളേജ്‌ ഉണ്ടാക്കണകാലാത്തേ ജാതിമത വർഗ്ഗ വർണ്ണ രാഷ്ടീയ വ്യത്യാസം ഏതുമില്ലാത്ത അതിന്റെ ശിൽപികൾക്കും അവർക്ക്‌ താങ്ങുംതണലുമായ രാഷ്ടീയകക്ഷികൾക്കും ചില ലക്ഷ്യങ്ങൾ ഒക്കെ ഉണ്ടായിരുന്നു.അവർ അതനുസരിച്ചുതന്നെയാണ്‌ നിയമം ഉണ്ടാക്കീതും ഇന്നീകാണുന്നതൊക്കെ കെട്ടിപ്പൊക്കിയതെന്നും തലക്കകത്ത്‌ ആളുതാമസം ഉള്ള ആർക്കും അറിയാവുന്നതാണ്‌.എന്നാലും എല്ലാവർഷവും സ്വാശ്രയ കോളേജ്‌ അഡ്മിഷൻ എന്നുകേൾക്കേണ്ടതാമസം വിദ്യാർത്ഥിസംഘടനാ നേതാക്കന്മാർ പത്രസമ്മേളനം നടത്തുവാനും സമരപ്രഖ്യാപനം നടത്തുവാനും ഒക്കെ തുടങ്ങും."

"എന്റെ കുമാരാ പിന്നെ പിള്ളരുതന്നെ അല്ലെയോ ഇതിനൊക്കെ മുന്നിട്ടിറങ്ങേണ്ടത്‌?"
"കൊച്ചൂട്ടാ നമ്മുടെ നാട്ടിൽ കൊല്ലങ്ങളായുള്ള ഒരു ഏർപ്പാടാണ്‌ കോളേജ്‌ തുറക്കുമ്പോൾ കുറച്ചുപിള്ളാരെയും കൂട്ടി സെക്രട്ടേറിയേറ്റിലേക്കോ കളക്ട്രേറ്റിലേക്കോ ഒരുമാർച്ച്‌. മഴക്കാലത്ത്‌ മാക്രികരയുന്നപോലെ കാര്യമറിയാതെ പിള്ളാർ അവിടെ കിടന്ന് തൊണ്ടപൊട്ടി അലറിവിളിക്കും.പോലീസിനു നേരെ കല്ലെറിയും അടിമേടിക്കും തലപൊളിയും,പിന്നെ സമരക്കാർ വഴിയിൽ കണ്ടവന്റെ വണ്ടിയും കെ.എസ്‌.ആർ.ടിസിബസ്സും ഒക്കെ തല്ലിപ്പൊളിക്കും. ടിവിക്കാർ അത്‌ ലൈവായി കാണിക്കും.ഒരു നാലഞ്ചുദിവസം ഇതിങ്ങിനെ തുടരും.പേരിനു ഒരു ചർച്ച. കരാർ ഒപ്പിടൽ.ഒപ്പിട്ടതിന്റെ പിറ്റേന്ന് കോടതിയിൽ പോയി അതിന്റെ സാധുത പരിശോധിക്കൽ.പിന്നെ ഫീസുനിശ്ചയിക്കാൻ ഒരു കമ്മീഷനോ കമ്മറ്റിയോ അതോടെ തീർന്നു.ഇല്ലേ?"
"അതു നീ പറഞ്ഞത്‌ ശരിയാ.കൊച്ചൂട്ടാ ഈ ബഹളങ്ങൾക്കിടയിൽ സ്വാശ്രയക്കാർ കാശും വാങ്ങി ക്ലാസും തുടങ്ങിയിട്ടുണ്ടാകും.ക്ലാസുതുടങ്ങി കുറച്ചുകഴിയുമ്പോൾ അടുത്ത ഘട്ടം ഫീസടക്കേണ്ടസമയം ആകും.അന്നേരം കാണാം ചിലരുടെ ആത്മഹത്യ.സ്വാശ്രയ മാനേജ്മെന്റിനെതിരെ സമരക്കാർ വീണ്ടും ചീറിയടുക്കുന്നു.ചെടിച്ചട്ടിയും ജനൽ ചില്ലും അടിച്ചും ഉടച്ചും പ്രതിഷേധിക്കുന്നു.പതിവു പത്രസമ്മേളനങ്ങൾ ശക്തമായ പ്രക്ഷോഭപരിപാടികളുടെ പ്രഖ്യാപനങ്ങൾ..."

"ഇങ്ങനെയൊക്കെ അല്ലേ കുമാരാ സമരം അല്ലാതെ നിരാഹാരം കിടന്നാൽ ഇക്കാലത്ത്‌ ആരാ ഗൗനിക്കുക? അപ്പോ കുമാരൻ പറഞ്ഞോണ്ട്‌ വരുന്നത്‌ ഈ സമരം ഒന്നും വേണ്ടന്നാണോ? ഈ അന്യായത്തെ എതിർക്കേണ്ടേ?"
"അല്ല അറിയാമേലാഞ്ഞിട്ടുചോദിക്കുവാന്നേ.കാട്ടിൽ കഞ്ചാവ്‌ തോട്ടം വച്ചുപിടിപ്പിക്കുന്നപോലെയോ കള്ളവാറ്റ്‌ തുടങ്ങുന്നതുപോലെയോ ഒക്കെ രഹസ്യമായിട്ടൊന്നുമല്ലല്ലോ ഇത്‌ ആരംഭിച്ചത്‌. അനുമതിനൽകുമ്പോൾ സ്വാശ്രയക്കാർ ഫീസുവാങ്ങും എന്ന് അറിയത്തില്ലായിരുന്നോ?സ്വാശ്രയക്കാർ കാശുണ്ടാക്കുവാനല്ലേ കാശുചിലവാക്കി ഇതൊക്കെ കെട്ടിപ്പൊക്കിയിരിക്കുന്നേ? അപ്പോ അവർക്ക്‌ അതിനുള്ള ഈനാം കിട്ടണ്ടേ?
ഈ സമരം ചെയ്യുന്നവന്മാർക്ക്‌ കാലണമുടക്കമുണ്ടോ?

"എന്നാലും കുമാരാ ഇത്‌ അന്യായമല്ലേ? കാശില്ലാത്തവനും ജീവിക്കണ്ടേ അവരുടെ മക്കൾക്ക്‌ പഠിക്കണ്ടേ? എനിക്കൊന്നും മനസ്സിലാകുന്നില്ല."
"കൊച്ചൂട്ടാ ഒരു ഉദാഹരണം പറഞ്ഞുതരാം.നമ്മുടെ നാട്ടിൽ കോടികൾ ചിലവിട്ടു പടുത്തുയർത്തിയ പഞ്ചനക്ഷത്ര ബാറുകൾ ഉണ്ട്‌ ഇഷ്ടം പോലെ കള്ളുകുടിയന്മാരും ഉണ്ട്‌. കയ്യിൽ കാലണക്ക്‌ വകയില്ലാത്ത ഏതേലും ഒരുത്തൻ അവിടെ കയറി ഒന്ന് പൂസാവണമെന്ന് പറഞ്ഞ്‌ ഇന്നേവര സമരം പിടിച്ചിട്ടുണ്ടോ. ഇല്ല അവൻ സർക്കാർ വക ബീവറേജിൽ കയറി ലോക്കൽ വേടിച്ച്‌ അടിച്ച്‌ ഫിറ്റാകും വാളുവെക്കും അത്രതന്നെ.അല്ലാതെ കണ്ടവൻ കാശുമുടക്കിയിടത്ത്‌ കള്ളിനു സബ്സിഡി വേണം എന്ന് പറഞ്ഞാൽ ഒടമസ്ഥൻ സമ്മതിക്കോ."
"അതാരാ സമ്മതിക്കാ.വല്യ ബാറിൽ ഒരു പെഗ്ഗടിക്കണേൽ വല്യ കാശുവരില്ലേ? പക്ഷെ വിദ്യാഭ്യ്സോം കള്ള്‌ കച്ചവടോം എങ്ങനാ കുമാരാ ഒരുപോലെ ആകുന്നേ?"

"ഇക്കാലത്ത്‌ അങ്ങനെയാ കൊച്ചൂട്ടാ.ഇതൊക്കെ ഒരു ബിസിനസ്സാ....ഇനി അതുപോട്ടെ കള്ളും വിദ്യാഭ്യാസവും വിടുക കൊച്ചൂട്ടൻ എരുമയെ വളർത്തുന്നുണ്ടല്ലോ. നാളെ ആരെലും വന്ന് ഈ പുഞ്ചപ്പാടത്ത്‌ എരുമയെ തിന്നാൻ വിടുന്നതുകൊണ്ട്‌ ഇനിമുതൽ പാൽ സോസ്റ്റിയിൽ പകുതിപാൽ ഫ്രീയായി നൽകണം എന്ന് പറയുന്നതിൽ എന്തേലും ന്യായമുണ്ടോ? കൊച്ചൂട്ടൻ സമ്മതിക്കോ?"

"അതെവിടത്തെ ന്യായം .ഞാനല്ലെ എരുമയ്ക്ക്‌ ചിലവിനു കൊടുക്കുന്നേ? കൊല്ലം കൊല്ലം തൊഴുത്തുകെട്ടണ്ടേ? കറവക്കാരനു കാശുകൊടുക്കണ്ടേ?കാശില്ലാത്തവൻ പാലുകുടിക്കണ്ട ഞാൻ നിർബന്ധിക്കുന്നില്ലല്ലോ?"
"അതാ ഞാൻ പറഞ്ഞത്‌ കയ്യിൽ കാശില്ലാത്തവർ സ്വാശ്രയത്തിൽ പോയി പഠിക്കണം എന്ന് ആരും നിർബന്ധിക്കുന്നില്ല."
"അതേ ഈ സ്വാശ്രയം ഉള്ളതോണ്ട്‌ എത്രപിള്ളാരാ ആത്മഹത്യചെയ്യുന്നേ?"
"കൊച്ചൂട്ടാ കാശുമുടക്കി അതൊക്കെ പണിതിട്ടിരിക്കുന്നത്‌ കണ്ടവനു കയറിനിരങ്ങാൻ അല്ല.മുടക്കിയതു പലിശയും പലിശേടേ പലിശയുംകൂട്ടി തിരിച്ചുപിടിക്കാനാണ്‌. അപ്പോൾ ഫീസുവാങ്ങും ഫീസടക്കാൻ പറ്റാത്തവരെ പുറത്താക്കും.അതിനു കെട്ടിടത്തിന്റെ മേളീന്ന് ചാടീട്ടും,കെട്ടിത്തൂങ്ങീട്ടും കാര്യമില്ല.വെറുതെ കുടുമ്പത്തിനു പോകും അത്രതന്നെ."

"കുമാരാ നമ്മുടെ നേതാക്കന്മാർ ഈ സ്വാശ്രയക്കാരെ മൂക്കുകയർ ഇടും എന്നല്ലേ അണികളോട്‌ പറയുന്നേ?"
"ഹോ ഈ കൊച്ചൂട്ടനു മരുന്നിനു പോലും ബുദ്ധിയില്ലല്ലോ? നേതാക്കന്മാരുടെ മക്കൾ സമരമില്ലാ സ്കൂളിലും, സ്വദേശത്തേയും വിദേശസത്തെയും സ്വാശ്രയ കോളേജിലും പഠിക്കുമ്പോൾ അണികളുടെ മക്കൾ ക്ലാസുംകളഞ്ഞ്‌ തല്ലും കൊണ്ട്‌ തലയുംപൊളിച്ച്‌ സമരം നടത്തുന്നു.ഏതെങ്കിലും നേതാവിന്റെ മോനേ ഈ സമരത്തിന്റെ മുമ്പിൽ കാണാൻ പറ്റുമോ? ഇതൊക്കെ ഒരു റിയാലിറ്റി ഷോ അത്രതന്നെ...ഇവരുടെ വക്കും കേട്ട്‌ ഇതിന്റെ പുറകെ പോകാതെ അവനവന്റെ കാര്യം നോക്കുന്നതാ നല്ലതെന്നുള്ള ബോധം ഇവറ്റകൾക്കൊക്കെ എന്നാ വരിക."

"നീ പറഞ്ഞത്‌ ശരിയാ കുമാരാ...കാശൂള്ളൊർടേം നേതാക്കന്മാരുടെം മക്കൾ വല്യ വല്യ സ്ഥലങ്ങളിൽപഠിക്കുന്നു, ഉദ്യോഗം നേടുന്നു. നമ്മൾ മുണ്ടും മുറുക്കിയുടുത്ത്‌ ഇല്ലാത്ത കാശുമുടക്കി പിള്ളാരെ പള്ളിക്കൂടത്തിൽ വിടുന്നു.കണ്ടവന്റെ വാക്കും കേട്ട്‌ കാര്യമറിയാതെ അവർ സമരവും സിന്ദാബാധും ആയി നടക്കുന്നു....പകുതിക്ക്‌ പഠിപ്പുംനിർത്തി നാട്ടിൽ തെണ്ടിത്തിരിഞ്ഞു നടക്കുന്നു. ഒടുക്കം ചിലർ വല്ല കൊട്ടേഷൻ ടീമിലും ചെന്നുചാടുന്നു.ഇതോണ്ട്‌ തന്തതള്ളാർക്ക്‌ വല്ല കാര്യവുമുണ്ടോ? "

"അതാ കൊച്ചൂട്ടാ പറഞ്ഞത്‌ ഇനിയുള്ള കാലത്ത്‌ അവനവന്റെ കാര്യം കൂടെ നോക്കീട്ടുമതി സമരവും സിന്ദാബാദും എന്ന്."

1 comment:

paarppidam said...

ഫോണിൽ വിളിച്ച്‌ അരാഷ്ടീയമാണീ പോസ്റ്റെന്ന് പറഞ്ഞ സുഹൃത്തിനോടും സമാന ചിന്താഗതിക്കരോടും ഒന്നേ പറയുവാൻ ഉള്ളൂ....ഈ സംഭാഷണം സമകാലിക യാദാർത്ഥ്യങ്ങൾ അല്ലേ മുന്നോട്ട്‌ വെക്കുന്നത്‌?