Friday, November 27, 2009

ഭീകരത നമ്മെ തേടിയെത്തുമ്പോൾ.

നമ്മുടെ മാതൃരാജ്യത്തിന്റെ സാമ്പത്തീക തലസ്ഥാനത്ത്‌ ഭീകരന്മാർ താണ്ടവമാടിയിട്ട്‌ ഒരു വർഷം കടന്നുപോകുന്നു.
മാതൃരാജ്യത്തിൽ നുഴഞ്ഞുകയറി യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ച്‌ നിരപരാധികളെ കൊന്നൊടുക്കിയ കൊടും ഭീകരന്മാരെ കീഴ്പ്പെടുത്തുവാൻ ഉള്ള ശ്രമത്തിനിടയിൽ ജീവനർപ്പിച്ച ധീരജവാന്മാർക്കും,അപ്രതീക്ഷിതമായി ഉണ്ടായ ഭീകരതാണ്ടവത്തിൽ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട സാധുക്കൾക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു.ജീവൻ വെടിഞ്ഞവരുടെ കുടുമ്പാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേർന്നുകൊണ്ടും (ഭീകരന്റെ മനുഷ്യാവകാശത്തെ പറ്റി പറയുന്നവർക്ക്‌ എന്താണാവോ ഈ കുടുമ്പങ്ങളോട്‌ പറയുവാൻ ഉണ്ടാകുക?) അന്ന് ആ ഓപ്പറേഷനിൽ പങ്കെടുത്ത മുഴുവൻ ധീരന്മാർക്കും അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ടും...

ഭീകരതയുടെ രൗദ്രതാണ്ടവമാടുന്ന നാടുകളിൽ നിന്നും എത്തുന്ന വാർത്തകളും ചിത്രങ്ങളും നെടുക്കുന്നതാണ്‌.രക്തവും മാംസവും ചിതറിയ ജീവനറ്റതും സ്ഫോടനത്തിൽ ചിതറിയ പാതിജീവനുള്ള നിരപരാധികളുടെ ശരീരങ്ങളും കണ്ട്‌ നാം വെറുങ്ങലിച്ചുനിൽക്കാറുണ്ട്‌.ഓരോ തവണ ഇത്തരം വാർത്തകൾ വരുമ്പോളും ഭാഗ്യം നമ്മുടെ നാട്ടിൽ ഇതൊന്നും ഇല്ലല്ലോ അല്ലെങ്കിൽ നമ്മുടെ നാട്‌ ഇതിൽ നിന്നും വിമുക്തമാണ്‌ എന്ന് നാം ഓരോരുത്തറും ആശ്വസിക്കാറുണ്ട്‌. വിവിധ മതവിഭാഗത്തിൽ പെടുന്നവർ തമ്മിൽ പൊതുവിൽ ശാന്തവും സമാധാനപരവുമായി സഹവർത്തിത്വത്തോടെ കഴിയുന്ന ഒരു സമൂഹമാണ്‌ കേരളം. അങ്ങിങ്ങു ചില അസ്വസ്ഥതകൾ സൃഷ്ടിക്കുവാൻ തൽപര കക്ഷികൾ ശ്രമിച്ചാലും പെട്ടന്നുതന്നെ കേരളീയസമൂഹം അതിനെ തിരിച്ചറിയുക പതിവുണ്ട്‌.എന്നാൽ ഇന്നു നാം കേട്ടുകൊണ്ടിരിക്കുന്ന വാർത്തകൾ നമ്മുടെ സമൂഹത്തിനു മുകളിൽ ഭീകരന്മാരായ കഴുകന്മാർ ചിറകുവിരിക്കുവാൻ തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനകളിലേക്കാണ്‌ വിരൽ ചൂണ്ടുന്നത്‌.ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഭീകരതയുടെ വിത്തുപാകുവാനും അതിനെ നട്ടുനനയ്ക്കുവാനും ഉള്ള ശ്രമങ്ങളെ അലംഭാവത്തോടെ കാണുവാൻ സാധാരണക്കാർക്കും സമാധാനകാംഷികൾക്കും ആകില്ല.

തീവ്രവാദികൾ സൃഷ്ടിക്കുന്ന സ്ഫോടനമോ/വെടിവെപ്പോ സൃഷ്ടിക്കുന്ന നാശനഷ്ടവും,ജീവനഷ്ടവും അരക്ഷിതത്വവും സമൂഹത്തിനു മൊത്തത്തിൽ ഉണ്ടാകുന്നതണ്‌.അത്‌ ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമായി ഉണ്ടാകുന്നതല്ല അതുകൊണ്ടുതന്നെ ഇതിനെതിരെ ശക്തമായി തന്നെ നേരിടുവാൻ ഇവിടത്തെ ഭരണകൂടത്തോടൊപ്പം ജനങ്ങളും ഗൗരവപൂ‍ൂർവ്വം മുന്നോട്ടുവരേണ്ടിയിരിക്കുന്നു.അന്താരാഷ്ട്രഭീകരന്മാർ ഇന്ത്യയിൽ വിധ്വംസകപ്രവർത്തനങ്ങൾ നടത്തുവാൻ ശ്രമിക്കുമ്പോൾ നിർഭാഗ്യവശാൽ അവരെ സഹായിക്കുവാൻ മലയാളികളും ഉണ്ടായി എന്ന വാർത്തകൾ സമാധാനപ്രേമികളായ മലയാളിയെ സംബന്ധിച്ചേടത്തോളം ഞെട്ടൽ ഉണ്ടാക്കുന്നതാണ്‌.താൻ ചെയ്യുന്നപ്രവർത്തികൊണ്ട്‌ തനിക്കുൾപ്പെടെ സമൂഹത്തിനുണ്ടാകുന്ന ദുരന്തങ്ങളെ കുറിച്ച്‌ ചിന്തിച്ചാൽ ഏതൊരാൾക്കും ഇത്തരം ഒരു കാര്യങ്ങളോട്‌ സഹകരിക്കുവാൻ ആകില്ല.എന്തിന്റെ പേരിലായാലും ഭീകരപ്രവർത്തനം തികച്ചും ബാലിശവും അർത്ഥശൂന്യവും ജനാധിപത്യവിരുദ്ധവുമായ കാര്യം ആണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക്‌ തിരിച്ചറിയാനാകും. അൽപം പണത്തിനോ അല്ലെങ്കിൽ നിരഥകമായ ഏതെങ്കിലും വിശ്വാസങ്ങളുടേ പേരിലോ ആരെങ്കിലും ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു എങ്കിൽ അവരെ പിന്തിരിപ്പിക്കുക എന്നത്‌ സമൂഹത്തിന്റെ മൊത്തർം ഉത്തരവാദിത്വം ആണ്‌. നിർഭാഗ്യവശാൽ ചിലപ്പോഴെങ്കിലും ഇത്തരം അപകടകരമായ കൂട്ടുകെട്ടുകളിൽ പെടുന്നവർ നിയമസംവിധാനത്തിന്റെ കൈകളിൽ പിടിക്കപ്പെടുമ്പോഴോ അല്ലെങ്കിൽ രാജ്യരക്ഷയ്ക്കായി അഹോരാത്രം പ്രവർത്തിക്കുന്ന സൈനീകരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടലോ അതിൽ ദുരൂഹതയും, സംശയവും ഉന്നയിച്ച്‌ ഒരു വിഭാഗം മുന്നോട്ടുവരും.

മറ്റൊരു വിഭാഗം നമ്മുടെ ചില ബുദ്ധിജീവികൾ/സാംസ്കാരിക (?) ജീവികൾ ആണ്‌. ഭീകരന്മാരുടെ കേരള/കൊച്ചി സന്ദർശനത്തെ പറ്റിയും സാമ്പത്തീക ഇടപാടുകളെ പറ്റിയും ധാരാളം വാർത്തകൾ വരുന്നു.നമുക്കറിയാം കണ്ണൂരിലോ മറ്റോ രാഷ്ടീയപ്രവർത്തകർ "ബോംബെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന" പോലെ അല്ല യദാർത്ഥ ഭീകരന്മർ ഉണ്ടാക്കുന്ന സ്പ്‌ഃഒടനങ്ങളൂം അതിന്റെ നാശനഷ്ടവും.എന്നാൽ രാഷ്ടീയപ്രവർത്തകരുടെ "ബോംബ്‌ സംസ്കാരത്തെ" വിചാരണചെയ്യുകയും വിമർശിക്കുകയും ചെയ്യുന്നവർ(തീർച്ചയായും അത്‌ വേണ്ടതാണ്‌) ദൗർഭാഗ്യവശാൽ ഇത്തരം വാർത്തകളോട്‌ കുറ്റകരമായ മുനമോ മൗനസമാനമായ വിശദീകരണമോ പാലിച്കുകൊണ്ട്‌ തങ്ങളുടെ മാളങ്ങളിൽ ഉറങ്ങുന്നു,ഇത്തരം വാർത്തകൾ അവരെ അസ്വസ്ഥരാക്കില്ല എന്നുവേണം ഇതിൽ നിന്നും കരുതുവാൻ.ഭീകരതയെ കുറിച്ച്‌ വലിയതോതിൽ പ്രസംഗിക്കുകയും എഴുതുകയും ചെയ്യുന്ന ബുജികൾ വേണ്ടുവോളം ഉള്ള നാടാണ്‌ നമ്മുടേത്‌.എന്നാൽ അത്തരക്കാർ നാം ഇന്നുകേൾക്കുന്ന കേൾക്കുന്ന ഭീതിജനകമായ വാർത്തകളെ കുറിച്ച്‌ എന്തുകൊണ്ടോകാര്യമായൊന്നും പറയാറോ എഴുതാറോ ഇല്ല ബുജികൾ. ഒരു പക്ഷെ മൃദുഹിന്ദുത്വം ,ഭീകരന്റെ മനുഷ്യാവകാശം, ഓണം മേലാളന്റെ ആഘോഷമാണോ കീഴാളന്റെ മേലുള്ള കടന്നുകയറ്റമാണോ എന്നൊക്കെ ഗവേഷണം നടത്തുന്ന സുഖമോ സംതൃപ്തിയോ അത്തരക്കാർക്ക്‌ ലഭിച്ചെന്നിരിക്കില്ല ഇതുപോലുള്ള പൊള്ളുന്ന യാദർത്ഥ്യങ്ങൾക്കുനേരെ മുഖാമുഖം സംസാരിക്കുമ്പോൾ ഉണ്ടാകുന്ന "എതിർപ്പുകളെ" ഭയന്നാകാം.അല്ലെങ്കിൽ ബുദ്ധിജീവിയെന്നാൽ ഭൂരിപക്ഷ ഭീകരത/അമേരിക്കൻ ഭീകരത എന്നിവയെപറ്റിമാത്രം സംസാരിക്കുവാൻ ഉള്ള ആളുകൾ ആണ്‌ എന്ന ഒരു തെറ്റായ ബോധം ആകാം അവരെ ഈ നിശ്ശബ്ദതക്ക്‌ നിരബന്ധിതരാക്കുന്നത്‌.ഭീകരതയ്ക്ക്‌ മതമില്ലെന്നും അതുകൊണ്ടുതന്നെ അതിനെ മുഖനോക്കാതെ എതിർക്കണം എന്നുമാണ്‌ സമാധാന കാംഷികളായ ഏതൊരാളുടേയും നിലപാടെന്ന മനസ്സിലാക്കാൻ പോലും ഇത്തരക്കാർക്ക്‌ ആകുന്നില്ല എങ്കിൽ അത്‌ ബുദ്ധിജീവി എന്ന നിലയിൽ അവരുടെ പരാജയം ആയിവേണം കരുതുവാൻ. അതുമല്ലെങ്കിൽ അവരുടെ നട്ടെല്ലില്ലയമ.

മതതീവ്രവാദം അത്‌ ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും ഒരു പോലെ എതിർക്കപ്പെടേണ്ടതും തിരുത്തപ്പെടേണ്ടതുമാണ്‌. വലിപ്പചെറുപ്പമോ സംഘടിത അസംഘടിത വോട്ടുകളോ ആയിരിക്കരുത്‌ മാനദണ്ടം. കേരളത്തിന്റെ മണ്ണിൽ അസ്വസ്ഥതയുടെ വിത്തുവിതക്കുവാൻ അനുവദിക്കാതിരിക്കുക എന്നത്‌ നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുവാൻ അനിവാര്യമാണ്‌ എന്ന ബോധം ഉണ്ടാകേണ്ടിയിരിക്കുന്നു.ഭീകരതയോടുള്ള സന്ധിയില്ലാസമരത്തിൽ മതവും രാഷ്ടീയവും ഒരു വിഘാതമാകാതിർക്കട്ടെ. മറ്റുള്ള നാടുകളിൽ നിന്നും വരുന്ന ഭീകരതാണ്ടവത്തിന്റെ ദൃശ്യങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകാതിരിക്കട്ടേ.

2 comments:

Anil cheleri kumaran said...

good post.

paarppidam said...

ഈ ലേഖനം എഴുതിയതിന്റെ പേരിൽ ഒരു സന്ധ്യ എന്ന പേരിൽ വായനക്കാരി(?) പി.ഡി.ഫ് ഫോർമാറ്റിൽ ഒരു മെയിൽ അയച്ചിരുന്നു. എന്തായാലും അവർക്ക് ഇവിടെ കമന്റായി അതിടാമായിരുന്നു.കൂറ്റുതൽ ആളുകൾക്ക് വായിക്കാമല്ലോ?

അനുദിനം വരുന്ന വാർത്തകൾ ഒരു പക്ഷെ ഈ വ്വായനക്കാരി (?) യും ശ്രദ്ധിക്കുന്ന്നുണ്ടാകും എന്ന് കരുതുന്നു.