Saturday, December 05, 2009

ഉത്സവാരവങ്ങൾ ആരംഭിക്കുമ്പോൾ



ഉത്സവകേരളം സജീവമാകുകയാണ്. ഏതാനും മാസങ്ങളുടെ ഇടവേളക്ക് ശേഷം താളമേള വർണ്ണ വിസ്മയങ്ങൾകൊണ്ടും ഗജവീരന്മാരെകൊണ്ടും വെടിക്കെട്ടുകൊണ്ടും കേരളത്തിലെ ഉത്സവപ്പറമ്പുകൾ ശ്രദ്ധേയമാകുവാൻ പോകുന്നു.ഉത്സവപ്രേമികൾക്കിനി ആനന്ദത്തിന്റെ വസന്തകാലം. ആകും ഇനി ചർച്ചകളിൽ ഇടം പിടിക്കുകആനയെകുറിച്ചും മേളത്തെ കുറിച്ചും വെടിക്കെട്ടിനെ കുറിച്ചും ഉള്ള പ്രതീക്ഷകളും ഓർമ്മകളും ആയിരിക്കും.
(പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ ഞാൻ ഒരു നിമിഷം ഒന്ന് മനസ്സുകോണ്ട് നാട്ടിൽ പോയപ്പോൾ കേട്ടത്...ഇതുപോലെ ഉള്ള സംസാരങ്ങൾ അവർക്കിടയിൽ എപ്പോഴും ഉണ്ടായേക്കാം)
ടാ നീ അറിഞ്ഞാ തെച്ചിക്കോട്ടുകാവിന്റെ നീരുകാലം കഴിയുവാൻ പോകുന്നു.... മിക്കവാറും ഒരുമാസത്തിനുള്ളിൽ അഴിക്കും... ആ‍ന ഒന്നുകൂടെ മിനുങ്ങീട്ടുണ്ടത്രേ!!
അതുപറയാനുണ്ടോ ആ പാപ്പാൻ മണിയില്ലേ ആള് പുല്യാടാ...ഭയങ്കര ശ്രദ്ധയാ ആനേടെ കാര്യത്തിൽ....
ഇമ്മടെ വിഷ്ണൂന്റെ നീരു ഒലിക്കാൻ തുടങ്ങീട്ടേ ഉള്ളൂന്നാ കേട്ടെ....
പാപ്പാൻ പിന്നേം മാറോ?
ആർക്കറിയാം...അവനു തെച്ചിക്കോട്ടിന്റെ പോലെ ഒരു സ്ഥിരം പാപ്പാൻ അത്യാവശ്യാ...
അതുശര്യാ..പിന്നേ ഇത്തവണ തെച്ചിക്കോട്ടിനു ഏക്കം ഒരു ലക്ഷം കടക്കുന്നാ തോന്നണേ...കർണ്ണനും മോശമില്ലത്ത ഏക്കം ഉണ്ടാകും....
ഉം..നീയ്യാ പുത്തംകുളം അനന്ദപത്മനാഭനെ കണ്ടോ ഹോ എന്താ വലുപ്പമിഷ്ടാ...കഴിഞ്ഞ തവണ ഷൂട്ടേഴ്സാർ കൊണ്ടന്ന ആനയല്ലേ? ..കഴിഞ്ഞതവണ ഉത്രാളീൽ അവനല്ലേ ഷൈൻ ചെയ്തേ...ഇപ്രാവശ്യം അവർ തെക്കുന്ന് വേറേ ഏതോ ഒരെണ്ണത്തിനെ ഏറക്കണുണ്ട്‌....
ഏതിനാണ്ടാ?
അതറിയില്ല തൽക്കാലം സപെൻസാണെന്നാ കേട്ടെ...
തൃക്കടവൂർ ശിവരാജു എന്നൊരു ചുള്ളൻ തെക്കുണ്ട്‌..ചിമിട്ട്‌ സാധനാന്നാ കേട്ടേ..നല്ല ചുണയുള്ള മൊതലാത്രേ...
എന്തിനാ തെക്കോട്ട്‌ പോണേ ഇമ്മടെ കാളിദാസൻ മോശ‍ാ? ഏത്‌? ഇമ്മടെ അന്നകരയുള്ള ചിറക്കൽ കാളിദാസൻ ഒരു ഒന്നൊന്നര ആനയല്ലേ? വിഷ്ണൂന്റെ ഒപ്പം നിൽക്കും....
ഉവ്വ വിഷ്ണു ഒരു പിടുത്തം പിടിച്ചാ പാർത്ഥൻ വരെ മാറിനിൽക്കും...
ഉം...പാർത്ഥനും വിഷ്ണും ഒപ്പത്തിനൊപ്പാ...അത്‌ കാണണമെങ്കിൽ നീ പൊക്കുളങ്ങര വാ അപ്പോ കാണാ.. കഴിഞ്ഞകൊല്ലം എന്തായിരുന്നു മത്സരം ഒപ്പം ആ പൂതൃക്കോവിൽ വിനായകനും ഉണ്ട്യിരുന്നു...
ഞാനിന്നാള്‌ ഗുരുവായൂർ പോയപ്പോ ഇന്ദ്രസെന്നെ കണ്ടു...എന്താ ഭംഗീന്നറിയോ? അതുനേരാ...എന്നാലും എനിക്കിഷ്ടം വലിയകേശവനേയാ.... എന്താ അതിന്റെ ഒരു അഴക്.
അപ്പോ പാമ്പാടിരാജനോ? അതിപ്പോ കുട്ടങ്കുളങ്ങര അർജ്ജുനൻ മോശാ? ബാസ്റ്റ്യൻ വിനയശങ്കറില്ലേ? പട്ടത്ത്‌ ശ്രീകൃഷ്ണൻ അങ്ങനെ എന്തോരം ആനകൾ ഉണ്ട്‌... ഒന്നുപോ ഗട്യേ....മഠത്തിൽ വരവിനു ചമയം കെട്ടി തിരുവമ്പാടി ശിവസുന്ദർ വന്നാലുണ്ടല്ലോ...ങാ അത്‌ ഒന്ന് വേറെതന്ന്യാ...

അതെ ആനക്കഥകളും കാര്യങ്ങളുമായി കാഴ്ചക്കാരുടെ കണ്ണിനും കാതിനും മനസ്സിനും ആഹ്ലാദം പകർന്നുകൊണ്ട്‌ അവരുടെ മുന്നിലേക്ക്‌ മറ്റൊരു ഉത്സവകാലം കൂടെ കടന്നു വരുന്നു. ആനപ്രേമികൾ അവരുടെ ഇഷ്ടതാരങ്ങളെ കുറിച്ച്‌ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. പ്രവാസലോകത്തെ ആനപ്രേമികളെ സംബന്ധിച്ച്‌ ഉത്സവാരവങ്ങൾ മനസ്സിൽ തിരതല്ലുകയാണ്‌.അവർക്ക്‌ നഷ്ടമാകുന്ന ആ നിമിഷങ്ങളെ വാക്കുകൾകൊണ്ട്‌ കുറിക്കുവാൻ കഴിയുന്നതല്ല. ചെറിയ ഒരു ഒഴിവുകാലത്ത്‌ നാട്ടിലെത്തിയപ്പോൾ പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ നഷ്ടപ്പെടുന്ന ഉത്സവകാലത്തിന്റെ/ആനക്കാഴ്ചകളുടെ ഓർമ്മകൾക്ക്‌ അൽപമൊരു ആശ്വാസത്തിനായി എടുത്ത ഏതാനും ചിത്രങ്ങൾ.വരാൻ പോകുന്ന ഉത്സവകാലത്തിനു മുമ്പ്‌ പ്രവാസലോകത്തെ ആന/ഉത്സവ പ്രേമികൾക്കായി ഏതാനും ചിത്രങ്ങൾ....


ഉത്സവപ്പറമ്പിലെ മത്സര വീര്യം......വിഷ്ണു തെച്ചിക്കോട്ടുകാവ് (പഴയ ചിത്രം)
ശിങ്കാരി മേളത്തിന്റെ ലഹരിയിൽ....

ഈ വർഷത്തെ പറമ്പന്തുള്ളി (തൃശ്ശൂർ പാവറട്ടിക്കടുത്ത്) ഷഷ്ടിയുടേ കാവടിചന്തങ്ങൾ..



ആട്ടക്കാരെയുംകാത്ത്...

നിലക്കാവടിയുടെ ഭംഗി...



ദേവനൃത്തത്തിന്റെ സൌന്ദര്യം..


No comments: