Monday, December 28, 2009

കാട്ടാനയെ ശല്യപ്പെടുത്താതയ്യപ്പഭക്താ...

ഇക്കഴിഞ്ഞ ദിവസമാണ്‌ ശബരിമല ദർശനം കഴിഞ്ഞു വരുന്ന ഭക്തനെയും ബന്ധുവിനേയും ഒരു ഒറ്റയാനായ ചുള്ളിക്കൊമ്പൻ ആക്രമിച്ചത്‌.ഈ ആക്രമണത്തിൽ അനുമോൻ എന്ന പതിനഞ്ചുകാരൻ കൊല്ലപ്പെടുകയുണ്ടായി.ബൈക്കിൽ വരികയായിരുന്ന സംഘം ആനയെ കണ്ട്‌ നിർത്തിയ ബസ്സിനെ മറികടന്ന് ആനക്കരികിലൂടെ പോകുവാൻ ശ്രമിക്കുകയാണത്രെ ഉണ്ടായത്‌.രണ്ടു ബൈക്കുകൾ ആനയെ മറികടന്നുപോയെങ്കിലും മൂന്നാമത്തെ ബൈക്കിൽ ഉള്ളവർ ആനയുടെ മുമ്പിൽ വീഴുകയും ആന അതിൽ ഒരാളെ ആക്രമിച്ച്‌ കൊല്ലുകയും ആണുണ്ടായത്‌. ദൗർഭാഗ്യകരമാണ്‌ ആ സംഭവം.എന്നാൽ ഇവിടെ പൂർണ്ണമായും ആനയെ കുറ്റപ്പെടുത്തുവാനോ ആകില്ല.ഒറ്റയാനും ചുള്ളിക്കൊമ്പനുമായ ഒരാനയുടെ സാന്നിധ്യം കണ്ടാൽ അത്‌ അപകടകാരിയാണെന്ന് തിരിച്ചറിയുവുന്നതേ ഉള്ളൂ.ഇവിടെ ആനയെ കബളിപ്പിച്ച്‌ കടന്നുപോകുവാൻ ഉള്ള ശ്രമമാണ്‌ ഉണ്ടായിരിക്കുന്നതത്രെ.ഒരു പക്ഷെ തനിക്കരികിലൂടെ കടന്നുപോകുന്ന ബൈക്കുകളുടെ ശബ്ദമായിരിക്കാം അവനെ പ്രകോപിതനാക്കിയത്‌. അതിനടുത്ത ദിവസവും അതെ ചുള്ളിക്കൊമ്പൻ മറ്റൊരാളെ ആക്രമിച്ചുകാലൊടിക്കുകയും ചെയ്തു.ഇവിടെ ഇരുട്ടിൽ നിന്നിരുന്ന ആനയെ പ്രകോപിപ്പിച്ചപ്പോൾ ആണ്‌ അവൻ ആക്രമകാരിയായതെന്ന് പറയുന്നു. രണ്ടു സംഭവങ്ങളിലും അയ്യപ്പഭക്തരുടെ ഭാഗത്തുനിന്നുമുണ്ടായ പ്രവർത്തനങ്ങളുടെ ഫലമായാണ്‌ ആക്രമിക്കപ്പെട്ടതെന്ന് വ്യക്തം.

കാടും അതിനോടനുബന്ധിച്ചുള്ള ജീവജാലങ്ങൾ നിറഞ്ഞ ഒരു പ്രദേശത്തുകൂടെ കടന്നുപോകുമ്പോൾ അതിന്റേതായ ജാഗ്രത പാലിക്കേണ്ടതുണ്ട്‌,പ്രത്യെകിച്ച്‌ കാട്ടാനകൾ ഉള്ളയിടങ്ങളിൽ.മനുഷ്യ ഗന്ധം ലഭിച്ചാൽ അവ അത്യന്തം ജാഗ്രതയോടെ അനങ്ങാതെ നിൽക്കും.ഇതിൽതന്നെ ഒറ്റയാന്മാർ വളരെ അപകടകാരികൾ ആയിരിക്കും പൊതുവെ. വന്യമൃഗങ്ങളുടെ ആവാസകേന്ദ്രങ്ങളിലൂടെ യാത്രചെയ്യുമ്പോൾ അവയെ പ്രകോപിക്കുവാൻ തുനിയുന്നത്‌ അപകടം ക്ഷണിച്ചുവരുത്തും.യാത്രാമധ്യ വന്യജീവിസാന്നിധ്യം കണ്ടാൽ ആ വഴി ഒഴിവാക്കുകയോ അല്ലെങ്കിൽ അവ അവിടെനിന്നും മാറിപ്പോയതിനുശേഷം കടന്നുപോകുകയോ ആണ്‌ ഉചിതം.

കാനനക്ഷേത്രമായ ശബരിമലയെ സംബന്ധിച്ച്‌ അവിടേക്ക്‌ ചെല്ലുന്ന മനുഷ്യർ അവശ്യം മനസ്സിലാക്കേണ്ട ഒരു കാര്യമാണ്‌. ശബരിമല ദർശനത്തിനുപോകുന്നവർ പാലിക്കേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ്‌ ക്ഷമയും സഹജീവികളോടുള്ള കാരുണ്യവും.സഹജീവിയെന്നതിൽ പക്ഷിമൃഗാദികളും പെടും.പുലിവാഹനനായ അയ്യപ്പന്റെ പൂങ്കാവനമെന്നറിയപ്പെടുന്ന ശബരിമലയിലെ ജീവജാലങ്ങളെ സംരക്ഷിക്കുവാനും ശല്യപ്പെടുത്താതിരിക്കുവാനും അയ്യപ്പഭക്തൻ ബാധ്യസ്ഥനാണ്‌. മനുഷ്യന്റെ കയ്യേറ്റത്തിൽ നിന്നും അൽപം ഇടമാണ്‌ ആനകൾ അടക്കം ഉള്ള വന്യജീവികൾക്ക്‌ അധിവസിക്കുവാൻ ഉള്ളത്‌.ആ ആനത്താരകളെ വെട്ടിമുറിച്ച്‌ റോഡുകൾ സൃഷ്ടിക്കുമ്പോൾ ഇടക്കെങ്കിലും അവ അതുവഴി കടന്ന് വന്നേക്കാം.ആ സമയത്ത്‌ അൽപം ക്ഷമയോടെ വാഹനം നിർത്തി അവർ കടന്ന് പോകുന്നത്‌ വരെ കാത്തിരിക്കുക.സംഘമായി നിന്ന് ചെണ്ടകൊട്ടിയോ ശബ്ദമുണ്ടാക്കിയോ അവയെ നമ്മുടെ സഞ്ചാരവഴികളിൽ നിന്നും മാറ്റാം.

കഴിഞ്ഞവർഷം ശബരിമല റൂട്ടിൽ ഒരു വളവിൽ ഒരാന ബസ്സുകൾക്ക്‌ വഴിമാറി നിൽക്കുന്ന ചിത്രം ഓർത്തുപോകുകയാണ്‌.എത്രമര്യാദയോടെ ആണ്‌ ആ ആന വഴിയൊതുങ്ങി നിൽക്കുന്നത്‌. അതെ കാനനത്തിന്റെ അവകാശികളെ ശല്യപ്പെടുത്താതെ അയ്യപ്പനെ വണങ്ങിപ്പോരുവാൻ ശ്രമിക്കുക.ആനകളെ അവരുടെ പാട്ടിനു വിട്ടേക്കുക.

2 comments:

paarppidam said...

ഇക്കഴിഞ്ഞ ദിവസമാണ്‌ ശബരിമല ദർശനം കഴിഞ്ഞു വരുന്ന ഭക്തനെയും ബന്ധുവിനേയും ഒരു ഒറ്റയാനായ ചുള്ളിക്കൊമ്പൻ ആക്രമിച്ചത്‌.ഈ ആക്രമണത്തിൽ അനുമോൻ എന്ന പതിനഞ്ചുകാരൻ കൊല്ലപ്പെടുകയുണ്ടായി.ബൈക്കിൽ വരികയായിരുന്ന സംഘം ആനയെ കണ്ട്‌ നിർത്തിയ ബസ്സിനെ മറികടന്ന് ആനക്കരികിലൂടെ പോകുവാൻ ശ്രമിക്കുകയാണത്രെ ഉണ്ടായത്‌.രണ്ടു ബൈക്കുകൾ ആനയെ മറികടന്നുപോയെങ്കിലും മൂന്നാമത്തെ ബൈക്കിൽ ഉള്ളവർ ആനയുടെ മുമ്പിൽ വീഴുകയും ആന അതിൽ ഒരാളെ ആക്രമിച്ച്‌ കൊല്ലുകയും ആണുണ്ടായത്‌. ദൗർഭാഗ്യകരമാണ്‌ ആ സംഭവം.എന്നാൽ ഇവിടെ പൂർണ്ണമായും ആനയെ കുറ്റപ്പെടുത്തുവാനോ ആകില്ല.ഒറ്റയാനും ചുള്ളിക്കൊമ്പനുമായ ഒരാനയുടെ സാന്നിധ്യം കണ്ടാൽ അത്‌ അപകടകാരിയാണെന്ന് തിരിച്ചറിയുവുന്നതേ ഉള്ളൂ....

ആര്‍ദ്ര ആസാദ് / Ardra Azad said...

തൊടുപുഴയിലിറങ്ങിയ പുലിയെ തല്ലികൊന്ന നാട്ടുകാരുടെ വീരസം ചേര്‍ത്തുവായിക്കു.

കാട്ടുമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് ടൂറടിക്കാനല്ല, ഫുഡ് കിട്ടാനുള്ള വഴിനോക്കിയെന്നാണ് എന്റെ വിശ്വാസം.ആന മാത്രമല്ല, പുലിയും, മാ‍നും,മുയലുമെല്ലാം സംരക്ഷിക്കപെടെണ്ടതു തന്നെ.