Monday, December 28, 2009

കാട്ടാനയെ ശല്യപ്പെടുത്താതയ്യപ്പഭക്താ...

ഇക്കഴിഞ്ഞ ദിവസമാണ്‌ ശബരിമല ദർശനം കഴിഞ്ഞു വരുന്ന ഭക്തനെയും ബന്ധുവിനേയും ഒരു ഒറ്റയാനായ ചുള്ളിക്കൊമ്പൻ ആക്രമിച്ചത്‌.ഈ ആക്രമണത്തിൽ അനുമോൻ എന്ന പതിനഞ്ചുകാരൻ കൊല്ലപ്പെടുകയുണ്ടായി.ബൈക്കിൽ വരികയായിരുന്ന സംഘം ആനയെ കണ്ട്‌ നിർത്തിയ ബസ്സിനെ മറികടന്ന് ആനക്കരികിലൂടെ പോകുവാൻ ശ്രമിക്കുകയാണത്രെ ഉണ്ടായത്‌.രണ്ടു ബൈക്കുകൾ ആനയെ മറികടന്നുപോയെങ്കിലും മൂന്നാമത്തെ ബൈക്കിൽ ഉള്ളവർ ആനയുടെ മുമ്പിൽ വീഴുകയും ആന അതിൽ ഒരാളെ ആക്രമിച്ച്‌ കൊല്ലുകയും ആണുണ്ടായത്‌. ദൗർഭാഗ്യകരമാണ്‌ ആ സംഭവം.എന്നാൽ ഇവിടെ പൂർണ്ണമായും ആനയെ കുറ്റപ്പെടുത്തുവാനോ ആകില്ല.ഒറ്റയാനും ചുള്ളിക്കൊമ്പനുമായ ഒരാനയുടെ സാന്നിധ്യം കണ്ടാൽ അത്‌ അപകടകാരിയാണെന്ന് തിരിച്ചറിയുവുന്നതേ ഉള്ളൂ.ഇവിടെ ആനയെ കബളിപ്പിച്ച്‌ കടന്നുപോകുവാൻ ഉള്ള ശ്രമമാണ്‌ ഉണ്ടായിരിക്കുന്നതത്രെ.ഒരു പക്ഷെ തനിക്കരികിലൂടെ കടന്നുപോകുന്ന ബൈക്കുകളുടെ ശബ്ദമായിരിക്കാം അവനെ പ്രകോപിതനാക്കിയത്‌. അതിനടുത്ത ദിവസവും അതെ ചുള്ളിക്കൊമ്പൻ മറ്റൊരാളെ ആക്രമിച്ചുകാലൊടിക്കുകയും ചെയ്തു.ഇവിടെ ഇരുട്ടിൽ നിന്നിരുന്ന ആനയെ പ്രകോപിപ്പിച്ചപ്പോൾ ആണ്‌ അവൻ ആക്രമകാരിയായതെന്ന് പറയുന്നു. രണ്ടു സംഭവങ്ങളിലും അയ്യപ്പഭക്തരുടെ ഭാഗത്തുനിന്നുമുണ്ടായ പ്രവർത്തനങ്ങളുടെ ഫലമായാണ്‌ ആക്രമിക്കപ്പെട്ടതെന്ന് വ്യക്തം.

കാടും അതിനോടനുബന്ധിച്ചുള്ള ജീവജാലങ്ങൾ നിറഞ്ഞ ഒരു പ്രദേശത്തുകൂടെ കടന്നുപോകുമ്പോൾ അതിന്റേതായ ജാഗ്രത പാലിക്കേണ്ടതുണ്ട്‌,പ്രത്യെകിച്ച്‌ കാട്ടാനകൾ ഉള്ളയിടങ്ങളിൽ.മനുഷ്യ ഗന്ധം ലഭിച്ചാൽ അവ അത്യന്തം ജാഗ്രതയോടെ അനങ്ങാതെ നിൽക്കും.ഇതിൽതന്നെ ഒറ്റയാന്മാർ വളരെ അപകടകാരികൾ ആയിരിക്കും പൊതുവെ. വന്യമൃഗങ്ങളുടെ ആവാസകേന്ദ്രങ്ങളിലൂടെ യാത്രചെയ്യുമ്പോൾ അവയെ പ്രകോപിക്കുവാൻ തുനിയുന്നത്‌ അപകടം ക്ഷണിച്ചുവരുത്തും.യാത്രാമധ്യ വന്യജീവിസാന്നിധ്യം കണ്ടാൽ ആ വഴി ഒഴിവാക്കുകയോ അല്ലെങ്കിൽ അവ അവിടെനിന്നും മാറിപ്പോയതിനുശേഷം കടന്നുപോകുകയോ ആണ്‌ ഉചിതം.

കാനനക്ഷേത്രമായ ശബരിമലയെ സംബന്ധിച്ച്‌ അവിടേക്ക്‌ ചെല്ലുന്ന മനുഷ്യർ അവശ്യം മനസ്സിലാക്കേണ്ട ഒരു കാര്യമാണ്‌. ശബരിമല ദർശനത്തിനുപോകുന്നവർ പാലിക്കേണ്ട പ്രധാന കാര്യങ്ങളിൽ ഒന്നാണ്‌ ക്ഷമയും സഹജീവികളോടുള്ള കാരുണ്യവും.സഹജീവിയെന്നതിൽ പക്ഷിമൃഗാദികളും പെടും.പുലിവാഹനനായ അയ്യപ്പന്റെ പൂങ്കാവനമെന്നറിയപ്പെടുന്ന ശബരിമലയിലെ ജീവജാലങ്ങളെ സംരക്ഷിക്കുവാനും ശല്യപ്പെടുത്താതിരിക്കുവാനും അയ്യപ്പഭക്തൻ ബാധ്യസ്ഥനാണ്‌. മനുഷ്യന്റെ കയ്യേറ്റത്തിൽ നിന്നും അൽപം ഇടമാണ്‌ ആനകൾ അടക്കം ഉള്ള വന്യജീവികൾക്ക്‌ അധിവസിക്കുവാൻ ഉള്ളത്‌.ആ ആനത്താരകളെ വെട്ടിമുറിച്ച്‌ റോഡുകൾ സൃഷ്ടിക്കുമ്പോൾ ഇടക്കെങ്കിലും അവ അതുവഴി കടന്ന് വന്നേക്കാം.ആ സമയത്ത്‌ അൽപം ക്ഷമയോടെ വാഹനം നിർത്തി അവർ കടന്ന് പോകുന്നത്‌ വരെ കാത്തിരിക്കുക.സംഘമായി നിന്ന് ചെണ്ടകൊട്ടിയോ ശബ്ദമുണ്ടാക്കിയോ അവയെ നമ്മുടെ സഞ്ചാരവഴികളിൽ നിന്നും മാറ്റാം.

കഴിഞ്ഞവർഷം ശബരിമല റൂട്ടിൽ ഒരു വളവിൽ ഒരാന ബസ്സുകൾക്ക്‌ വഴിമാറി നിൽക്കുന്ന ചിത്രം ഓർത്തുപോകുകയാണ്‌.എത്രമര്യാദയോടെ ആണ്‌ ആ ആന വഴിയൊതുങ്ങി നിൽക്കുന്നത്‌. അതെ കാനനത്തിന്റെ അവകാശികളെ ശല്യപ്പെടുത്താതെ അയ്യപ്പനെ വണങ്ങിപ്പോരുവാൻ ശ്രമിക്കുക.ആനകളെ അവരുടെ പാട്ടിനു വിട്ടേക്കുക.

Thursday, December 24, 2009

എല്ലാ വായനക്കാർക്കും കൃസ്തുമസ്സ്‌ പുതുവൽസരാശംസകൾ

നക്ഷത്രങ്ങൾ മിന്നുന്ന തെളിഞ്ഞ ആകാശമുള്ള മഞ്ഞുപെയ്യുന്ന രാവ്‌,എങ്ങും ദീപാലങ്കാരങ്ങൾ. കരോൾ പാടി നീങ്ങുന്ന സംഘങ്ങൾ,പള്ളികളിലെ പാതിരാകുറുബാന. ഈ ക്രിസ്തുമസ്സ്‌ രാവിൽ വയനാട്ടിലെ കാര്യമ്പാടി പള്ളിയുടെ ചിത്രം മനസ്സിൽ തെളിഞ്ഞുവരുന്നു. ഒരു മാലാഘയുടെ മുഖമുള്ള അവൾ തൂവെള്ള നിറമുള്ള പുത്തൻ ഉടുപ്പുമിട്ട്‌ ഉൽസാഹത്തോടെ കൂട്ടുകാരികൾക്കൊപ്പം പടിക്കെട്ടുകൾ കയറിപ്പോകുമ്പോൾ ആരെയോ പാളിനോക്കുന്നതും, അമ്മച്ചിയെന്നുവിളിക്കുന്ന അന്നാമ്മച്ചേട്ടത്തിയും സജിയും മറ്റുസുഹൃത്തുക്കളും ചേർന്ന് പങ്കുവെക്കുന്ന ക്രിസ്തുമസ്സ്‌ കേക്കും. പിന്നെ അന്തിക്കാട്ടെ പുത്തൻപീടിക പള്ളിയിലെ അലങ്കാരവിളക്കുകൾ കാണുവാൻ സുഹൃത്തുക്കൾക്കൊപ്പം പോകുന്നതും അന്തോണ്യേട്ടനെപ്പോലുള്ളവർ കൃസ്തുമസ്സ്‌ ആഘോഷ ലഹരിയിൽ പള്ളിപ്പാടത്ത്‌ സ്വർലോഗം കണ്ട്‌ നടക്കുന്നതും,സുഹൃത്തുക്കളോ ബന്ധുക്കളോ അയക്കുന്ന ക്രിസ്തുമസ്സ് നവവത്സരാശംസാകാർഡുകൾ എല്ലാം ഈ മണലാരണ്യത്തിലെ ചേറിയ മുറിക്കുള്ളിൽ കേക്ക്‌ മുറിക്കുമ്പോൽ ഒരുനിമിഷം ഓർത്തുപോകുന്നു. ഒരു ക്രിസ്തുമസ്സ്‌ ദിനത്തിലാണ്‌ എന്റെപ്രിയപ്പെട്ട ജൂജൂസ്‌ തളിക്കുളം ഭൂജാതനായതും.

പുൽക്കൂട്ടിൽ പിറന്ന ആ ഉണ്ണി എന്റെ മനസ്സിൽ മറ്റു ദൈവീക സങ്കൽപ്പങ്ങളിൽ നിന്നും എന്നും വേർപ്പെട്ടു നിന്നിരുന്നു. സമാധാനത്തിന്റെയും ത്യാഗത്തിന്റേയും സന്ദേശവാഹകനായ ആ ഉണ്ണിയുടെ തിരുപ്പിറവിയുടെ ഓർമ്മപുതുക്കൽ വേളയിൽ എല്ലാ വായനക്കാർക്കും എന്റെയും വിനിയുടേയും ആശംശകൾ....

Saturday, December 05, 2009

ആന ചിത്രങ്ങൾ...-1


നീർക്കോളിന്റെ ദിനങ്ങളിൽ നിൽക്കുന്ന ഇവന്റെ പേരറിയില്ല...
നീരാട്ടുകഴിഞ്ഞൊരാൾ കെട്ടും തറിയിലേക്ക്.....

എന്നെ ഒന്ന് അഴിച്ചു വിടെടാ... ഞാനിപ്പോ അവനെ ശരിയാക്കിത്തരാം....


ആനക്കുളിയുടെ രസങ്ങളിലേക്ക്...

ഒരു ആന സുന്ദരി...


ദാ‍ ഗൾഫുകാർക്ക് വേണ്ടിയല്ലെ... അല്പം ബുദ്ധിമുട്ടാണെണെങ്കിലും ഞാൻ വേണേൽ ഇങ്ങനെ പോസുചെയ്യാം..ദുബായിൽ ചെന്നിട്ട്‌ നാലാളെ കാണിച്ചേക്കണം..

ദാ ഇങ്ങനെയും ഒരു പോസിൽ എടുത്തോ ആശാനേ....





ഉത്സവാരവങ്ങൾ ആരംഭിക്കുമ്പോൾ



ഉത്സവകേരളം സജീവമാകുകയാണ്. ഏതാനും മാസങ്ങളുടെ ഇടവേളക്ക് ശേഷം താളമേള വർണ്ണ വിസ്മയങ്ങൾകൊണ്ടും ഗജവീരന്മാരെകൊണ്ടും വെടിക്കെട്ടുകൊണ്ടും കേരളത്തിലെ ഉത്സവപ്പറമ്പുകൾ ശ്രദ്ധേയമാകുവാൻ പോകുന്നു.ഉത്സവപ്രേമികൾക്കിനി ആനന്ദത്തിന്റെ വസന്തകാലം. ആകും ഇനി ചർച്ചകളിൽ ഇടം പിടിക്കുകആനയെകുറിച്ചും മേളത്തെ കുറിച്ചും വെടിക്കെട്ടിനെ കുറിച്ചും ഉള്ള പ്രതീക്ഷകളും ഓർമ്മകളും ആയിരിക്കും.
(പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ ഞാൻ ഒരു നിമിഷം ഒന്ന് മനസ്സുകോണ്ട് നാട്ടിൽ പോയപ്പോൾ കേട്ടത്...ഇതുപോലെ ഉള്ള സംസാരങ്ങൾ അവർക്കിടയിൽ എപ്പോഴും ഉണ്ടായേക്കാം)
ടാ നീ അറിഞ്ഞാ തെച്ചിക്കോട്ടുകാവിന്റെ നീരുകാലം കഴിയുവാൻ പോകുന്നു.... മിക്കവാറും ഒരുമാസത്തിനുള്ളിൽ അഴിക്കും... ആ‍ന ഒന്നുകൂടെ മിനുങ്ങീട്ടുണ്ടത്രേ!!
അതുപറയാനുണ്ടോ ആ പാപ്പാൻ മണിയില്ലേ ആള് പുല്യാടാ...ഭയങ്കര ശ്രദ്ധയാ ആനേടെ കാര്യത്തിൽ....
ഇമ്മടെ വിഷ്ണൂന്റെ നീരു ഒലിക്കാൻ തുടങ്ങീട്ടേ ഉള്ളൂന്നാ കേട്ടെ....
പാപ്പാൻ പിന്നേം മാറോ?
ആർക്കറിയാം...അവനു തെച്ചിക്കോട്ടിന്റെ പോലെ ഒരു സ്ഥിരം പാപ്പാൻ അത്യാവശ്യാ...
അതുശര്യാ..പിന്നേ ഇത്തവണ തെച്ചിക്കോട്ടിനു ഏക്കം ഒരു ലക്ഷം കടക്കുന്നാ തോന്നണേ...കർണ്ണനും മോശമില്ലത്ത ഏക്കം ഉണ്ടാകും....
ഉം..നീയ്യാ പുത്തംകുളം അനന്ദപത്മനാഭനെ കണ്ടോ ഹോ എന്താ വലുപ്പമിഷ്ടാ...കഴിഞ്ഞ തവണ ഷൂട്ടേഴ്സാർ കൊണ്ടന്ന ആനയല്ലേ? ..കഴിഞ്ഞതവണ ഉത്രാളീൽ അവനല്ലേ ഷൈൻ ചെയ്തേ...ഇപ്രാവശ്യം അവർ തെക്കുന്ന് വേറേ ഏതോ ഒരെണ്ണത്തിനെ ഏറക്കണുണ്ട്‌....
ഏതിനാണ്ടാ?
അതറിയില്ല തൽക്കാലം സപെൻസാണെന്നാ കേട്ടെ...
തൃക്കടവൂർ ശിവരാജു എന്നൊരു ചുള്ളൻ തെക്കുണ്ട്‌..ചിമിട്ട്‌ സാധനാന്നാ കേട്ടേ..നല്ല ചുണയുള്ള മൊതലാത്രേ...
എന്തിനാ തെക്കോട്ട്‌ പോണേ ഇമ്മടെ കാളിദാസൻ മോശ‍ാ? ഏത്‌? ഇമ്മടെ അന്നകരയുള്ള ചിറക്കൽ കാളിദാസൻ ഒരു ഒന്നൊന്നര ആനയല്ലേ? വിഷ്ണൂന്റെ ഒപ്പം നിൽക്കും....
ഉവ്വ വിഷ്ണു ഒരു പിടുത്തം പിടിച്ചാ പാർത്ഥൻ വരെ മാറിനിൽക്കും...
ഉം...പാർത്ഥനും വിഷ്ണും ഒപ്പത്തിനൊപ്പാ...അത്‌ കാണണമെങ്കിൽ നീ പൊക്കുളങ്ങര വാ അപ്പോ കാണാ.. കഴിഞ്ഞകൊല്ലം എന്തായിരുന്നു മത്സരം ഒപ്പം ആ പൂതൃക്കോവിൽ വിനായകനും ഉണ്ട്യിരുന്നു...
ഞാനിന്നാള്‌ ഗുരുവായൂർ പോയപ്പോ ഇന്ദ്രസെന്നെ കണ്ടു...എന്താ ഭംഗീന്നറിയോ? അതുനേരാ...എന്നാലും എനിക്കിഷ്ടം വലിയകേശവനേയാ.... എന്താ അതിന്റെ ഒരു അഴക്.
അപ്പോ പാമ്പാടിരാജനോ? അതിപ്പോ കുട്ടങ്കുളങ്ങര അർജ്ജുനൻ മോശാ? ബാസ്റ്റ്യൻ വിനയശങ്കറില്ലേ? പട്ടത്ത്‌ ശ്രീകൃഷ്ണൻ അങ്ങനെ എന്തോരം ആനകൾ ഉണ്ട്‌... ഒന്നുപോ ഗട്യേ....മഠത്തിൽ വരവിനു ചമയം കെട്ടി തിരുവമ്പാടി ശിവസുന്ദർ വന്നാലുണ്ടല്ലോ...ങാ അത്‌ ഒന്ന് വേറെതന്ന്യാ...

അതെ ആനക്കഥകളും കാര്യങ്ങളുമായി കാഴ്ചക്കാരുടെ കണ്ണിനും കാതിനും മനസ്സിനും ആഹ്ലാദം പകർന്നുകൊണ്ട്‌ അവരുടെ മുന്നിലേക്ക്‌ മറ്റൊരു ഉത്സവകാലം കൂടെ കടന്നു വരുന്നു. ആനപ്രേമികൾ അവരുടെ ഇഷ്ടതാരങ്ങളെ കുറിച്ച്‌ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. പ്രവാസലോകത്തെ ആനപ്രേമികളെ സംബന്ധിച്ച്‌ ഉത്സവാരവങ്ങൾ മനസ്സിൽ തിരതല്ലുകയാണ്‌.അവർക്ക്‌ നഷ്ടമാകുന്ന ആ നിമിഷങ്ങളെ വാക്കുകൾകൊണ്ട്‌ കുറിക്കുവാൻ കഴിയുന്നതല്ല. ചെറിയ ഒരു ഒഴിവുകാലത്ത്‌ നാട്ടിലെത്തിയപ്പോൾ പ്രവാസത്തിന്റെ തിരക്കുകൾക്കിടയിൽ നഷ്ടപ്പെടുന്ന ഉത്സവകാലത്തിന്റെ/ആനക്കാഴ്ചകളുടെ ഓർമ്മകൾക്ക്‌ അൽപമൊരു ആശ്വാസത്തിനായി എടുത്ത ഏതാനും ചിത്രങ്ങൾ.വരാൻ പോകുന്ന ഉത്സവകാലത്തിനു മുമ്പ്‌ പ്രവാസലോകത്തെ ആന/ഉത്സവ പ്രേമികൾക്കായി ഏതാനും ചിത്രങ്ങൾ....


ഉത്സവപ്പറമ്പിലെ മത്സര വീര്യം......വിഷ്ണു തെച്ചിക്കോട്ടുകാവ് (പഴയ ചിത്രം)
ശിങ്കാരി മേളത്തിന്റെ ലഹരിയിൽ....

ഈ വർഷത്തെ പറമ്പന്തുള്ളി (തൃശ്ശൂർ പാവറട്ടിക്കടുത്ത്) ഷഷ്ടിയുടേ കാവടിചന്തങ്ങൾ..



ആട്ടക്കാരെയുംകാത്ത്...

നിലക്കാവടിയുടെ ഭംഗി...



ദേവനൃത്തത്തിന്റെ സൌന്ദര്യം..