Saturday, February 20, 2010

പൊക്കുളങ്ങര & ആയിരംകണ്ണി ഉത്സവം.

ആനയും ഉത്സവവും ലഹരിയായി സിരകളിൽ നുരയുന്ന നാളൂകളാണ്‌ ജനുവരി മുതൽ-മെയ്‌ വരെ ഉള്ള മാസങ്ങൾ.ഉത്സവപ്പറമ്പുകളിലെ പുരുഷാരത്തിൽ സ്വയം മറന്ന് തെച്ചിക്കോട്ടുകാവിനു ഇരുപുറവും പരസ്പരം തലയുയർത്തി മൽസരിക്കുന്നു പാർത്ഥന്റേയും,കർണ്ണന്റേയും വിഷ്ണുശങ്കറിന്റേയും കുതിപ്പുകൾ കണ്ട്‌. ശിങ്കാരിമേളത്തിന്റെ ലഹരിയിൽ സ്വയം മറന്ന്, പഞ്ചവാദ്യത്തിന്റേയും,ചെണ്ടമേളത്തിന്റേയും നാദവിസ്മയത്തിൽ അലിഞ്ഞങ്ങിനെ നിൽക്കുന്ന നിമിഷങ്ങൾ.പൊക്കുളങ്ങരയിലേയും,ആയിരംകണ്ണിയിലേയും വാടാനപ്പള്ളിയിലേയൂം,പെരിങ്ങോട്ടുകരയിലേയും,പുത്തൻ പള്ളിക്കാവിലേയും,ഉത്രാളിക്കാവിലേയും അങ്ങിനെ അങ്ങിനെ എത്രയോ ഉത്സവപ്പറമ്പുകൾ ഓർമ്മയിലേക്ക്‌ കടന്നുവരുന്നു.


ഉത്സവപ്രേമികൾക്ക്‌ കണ്ണിനും കാതിനും മനസ്സിനും ആഹ്ലാദമേകിക്കൊണ്ട്‌ വീണ്ടും പൊക്കുളങ്ങര-ആയിരംകണ്ണി ഉത്സവം എത്തിയിരിക്കുന്നു. സഹോദരിമാരായ ദേവിമാർ ആണ്‌ പൊക്കുളങ്ങരയിലും ആയിരംകണ്ണിയിലും എന്നാണ്‌ വിശ്വസം. ഫെബ്രുവരി 21 ഞായറാഴ്ചയും 22 തിങ്കളാഴ്ചയും ആയിട്ടാണ്‌ ഉത്സവം. രണ്ടിടത്തും തിടമ്പേറ്റുന്നത്‌ അഴകിലും തലയെടുപ്പിലും ഒന്നാമനായ ആനക്കേരളത്തിന്റെ അഭിമാനം തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനാണ്‌. ഇവനെ കൂടാതെ മന്ദലാംകുന്ന് കർണ്ണൻ,പുത്തംകുളം അനന്ദപത്മനാഭൻ,ഗുരുവായൂർ വലിയകേശവൻ,പട്ടത്ത്‌ ശ്രീകൃഷ്ണൻ, ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ, ചെർപ്ലശ്ശേരി പാർത്ഥൻ,ചിറക്കൽ കാളിദാസൻ തുടങ്ങി മറ്റു പ്രമുഖ ആനകളും ഉണ്ടാകും. പൊക്കുളങ്ങര ഉത്സവത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നാണ്‌ തൊട്ടടുത്തുള്ള തിരുമംഗലം ശിവക്ഷേത്രത്തിൽ പോയി തിരിച്ചുവരിക എന്നത്‌.അവിടെ അൽപസമയം പഞ്ചവാദ്യം ഉണ്ടാകും. പരമശിവന്റെ നടയിൽ വച്ച്‌ യുവതാരൺങ്ങളായ വിഷ്ണുവും പാർത്ഥനും നടത്തുന്ന "തലപിടുത്തം" കാണികളെ ആവേശം കൊള്ളിക്കാറുണ്ട്‌. കാണികളുടെ ആവേശാരവങ്ങൾ ഇരുവർക്കും പ്രചോദനമാകും.പാപ്പാന്മാർ കുത്തിപ്പൊക്കാതെ തന്നെ ആണ്‌ ഈ രണ്ടാനകളുടേയും പ്രകടനം. ചോദ്യം ചെയ്യപ്പെടാത്ത തന്റെ തലയെടുപ്പിന്റെ പ്രൗഡിയിൽ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ ഇതുകണ്ട്‌ "പുഞ്ചിരിക്കാറുമുണ്ട്‌". തിരിച്ചെത്തി പൊക്ക്ക്കുളങ്ങര ഭഗവതിയുടെ നടയിൽ കൂട്ടിയെഴുന്നള്ളിപ്പ്‌.ആനപ്രജാപതി തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രൻ പങ്കെടുക്കുന്നതിനാൽ ഇവിടെ തിടമ്പ്‌ ആർക്കെന്നകാര്യത്തിൽ സംശയം ഇല്ല. പിന്നെ തർക്കം വരുന്നത്‌ ഇവനു ഇടം കൂട്ടും വലം കൂട്ടും ആരെന്നാണ്‌.ഇവിടെ മിക്കവാറും പട്ടത്ത്‌ ശ്രീകൃഷണനുതന്നെ ആകും. ഇടം കൂട്ട്‌ പുത്തംകുളം അനന്ദപത്മനാഭനോ വിഷ്ണുശങ്കറിനോ ആകും. ഇവിടെ തലയെടുപ്പാണ്‌ മാനദണ്ടം എങ്കിൽ വലം കൂട്ട്‌ ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ തന്നെ ആയിരിക്കും.

വാടാനപ്പള്ളിയിൽ നിന്നും നാലുകിലോമീറ്റർ വടക്കുമാറി നാഷ്ണൽ ഹൈവേയിൽ നിന്നും ഇരുനൂറു മീറ്റർ കിഴക്ക്‌ ടിപ്പുസുൽത്താൻ റോഡിലാണ്‌ ആയിരം കണ്ണി അമ്പലം.ഉത്സവത്തിന്റെ കാര്യത്തിൽ പ്രസിദ്ധമാണ്‌ കാതോട്‌ ട്രസ്റ്റിനു കീഴിലുള്ള ഈ ചെറിയ ക്ഷേത്രം.
മുപ്പത്തിമൂന്ന് ഉത്സവക്കമ്മറ്റികൾ പങ്കെടുക്കുന്നതാണ്‌ ആയിരം കണ്ണിയിലെ ഉത്സവം.മുൻകാലങ്ങളിൽ ഇവിടെ നാൽപത്തഞ്ചോളം ആനകൾ അണിനിരന്നിരുന്നു. സ്ഥലക്കുറവും ആനകൾ തമ്മിൽ നിശ്ചിത അകലം പാലിക്കണം എന്ന നിയമവും മൂലം ആനകളുടെ എണ്ണം കുറച്ചു.വഴിപാടുപൂരങ്ങൾ രാവിലെ നടത്തും. ഉച്ചക്ക്‌ ആയിരം കണ്ണിഭഗവതി ആനപ്പുറത്ത്‌ തൊട്ടടുത്തുള്ള ദേവന്റെ അമ്പലത്തിൽ പോയി അനുമതിയും അനുഗ്രഹവും വാങ്ങി മടങ്ങിവരുന്നതോടെ ആണ്‌ പൂരം ആരംഭിക്കുന്നത്‌.തുടർന്ന് ചേറ്റുവ മുതൽ വാടാനപ്പള്ളിവരെ ഉള്ള പത്തുകിലോമീറ്റർ ഏരിയായിൽ നിന്നും വിവിധ കമ്മറ്റികളുടെ പൂരങ്ങൾ ആനയും പഞ്ചവാദ്യവും,ശിങ്കാരിമേളം,കുതിര,മയിലാട്ടം,കരകാട്ടം,കാവടി,ദേവനൃത്തം,തെയ്യം തുടങ്ങി വിവിധങ്ങളായ പരിപാടികളുമായി ക്ഷെത്രത്തിലേക്ക്‌ വരുന്നു. ഇവരെ സ്വീകരിച്ച്‌ വരിവരിയായി നിർത്തുന്നു. തുടർന്നാണ്‌ കൂട്ടിയെഴുന്നള്ളിപ്പ്‌. ഇവിടെയും തിടമ്പ്‌ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനുതന്നെ. കർണ്ണനാകും മിക്കവാറും വലംകൂട്ട്‌.(രാവിലെ ക്ഷേത്രാങ്കണത്തിൽ ആനയെ അളന്ന് സ്ഥാനങ്ങൾ നിർണ്ണയിക്കും)ൻ.ചെണ്ടയിൽ വിസ്മയം തീർക്കുന്ന വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറമേളത്തിന്റെ അമരക്കാരൻ പെരുവനം കുട്ടന്മാരാർ ഇവിടെ കൊട്ടാൻ വരാറുണ്ട്‌.ഇത്തവണ ഒരു പക്ഷെ സിനിമാതാരം ജയറാം ചെണ്ടയിൽ നാദവിസ്മയം തീക്കുവാൻ എത്തും എന്ന ഊഹാപോഹം ഉണ്ട്‌. വൈകീട്ട്‌ ആറരയോടെ പകൽ പൂരം അവസാനിക്കുന്നു.

വൈകീട്ട്‌ ഷൂട്ടേഴ്സ്‌ ക്ലബ്ബിൽ നിന്നും ഉള്ള കാവടി,ശിങ്കാരിമേളം,അമ്മങ്കുടം,തെയ്യം തുടങ്ങി വിവിധ പരിപാടികൾ ക്ഷേത്രാങ്കണത്തിലേക്ക്‌ എത്തുന്നു.ഇതുപോലെ വേറെയും കമ്മറ്റികളിൽ നിന്ന്ഉം വിവിധ ഘോഷയാത്രകൾ ഉണ്ടാകും.
പുലർച്ചെ പൂരം 3 മണിയോടെ ആരംഭിക്കും.

----------------------------

ജെ.പിയും,ഷിനുവും,കുട്ടാപ്പുവും,കണ്ണനും,രജനീഷും,സനാഫും, പാലാഴിമാണിക്യം റിയാഷും ഒക്കെ നഷ്ടമാകുന്ന ഉത്സവത്തിന്റെ ആഹ്ലാദനിമിഷങ്ങളെ കുറിച്ച്‌ പരസ്പരം പറയുമ്പോളും സി.ഡി അടുത്ത ആഴ്ച വരും എന്നുള്ള ഒരാശ്വസം മാത്രം.തൽക്കാലം നാളെയും മറ്റന്നാളും ഉത്സവം മനസ്സിൽകാണും

1 comment:

paarppidam said...

ഉത്സവപ്രേമികൾക്ക്‌ കണ്ണിനും കാതിനും മനസ്സിനും ആഹ്ലാദമേകിക്കൊണ്ട്‌ വീണ്ടും പൊക്കുളങ്ങര-ആയിരംകണ്ണി ഉത്സവം എത്തിയിരിക്കുന്നു. സഹോദരിമാരായ ദേവിമാർ ആണ്‌ പൊക്കുളങ്ങരയിലും ആയിരംകണ്ണിയിലും എന്നാണ്‌ വിശ്വസം. ഫെബ്രുവരി 21 ഞായറാഴ്ചയും 22 തിങ്കളാഴ്ചയും ആയിട്ടാണ്‌ ഉത്സവം. രണ്ടിടത്തും തിടമ്പേറ്റുന്നത്‌ അഴകിലും തലയെടുപ്പിലും ഒന്നാമനായ ആനക്കേരളത്തിന്റെ അഭിമാനം തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനാണ്‌. ഇവനെ കൂടാതെ മന്ദലാംകുന്ന് കർണ്ണൻ,പുത്തംകുളം അനന്ദപത്മനാഭൻ,ഗുരുവായൂർ വലിയകേശവൻ,പട്ടത്ത്‌ ശ്രീകൃഷ്ണൻ, ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ, ചെർപ്ലശ്ശേരി പാർത്ഥൻ,ചിറക്കൽ കാളിദാസൻ തുടങ്ങി മറ്റു പ്രമുഖ ആനകളും ഉണ്ടാകും