Sunday, October 08, 2006

ഒരു ഗുനിയാ ദുസ്വപ്നം....

രണ്ടീസം പനിയുടെ ശക്തമായ ആക്രമണത്തെ ചെറുത്തുനില്‍ക്കുവാനുള്ള പോരാട്ടത്തിലായിരുന്നു ഞാന്‍.പെനഡോള്‍കൊണ്ടുള്ള പോരാട്ടം വിജയിച്ചില്ല മാത്രമല്ല ടി.വി യില്‍ ചിക്കന്‍ ഗുന്യാ ചിക്കന്‍ ഗുന്യാ ന്നുള്ള വാര്‍ത്തകളും ഉയര്‍ന്നുവരുന്ന മരണങ്ങളും കേട്ടതോടെ ഒരു വെള്ളിടി എവിട്ന്നാന്നറിയില്ല അങ്ങ്ട്‌ വെട്ടി. പിന്നെ ഒട്ടും താമസിച്ചില്ല കിട്ടിയ നമ്പര്‍ കറക്കി ഒരു കുറുമാലി കീരിയെ(അവന്‍ പുലിയാന്ന് സ്വയം വിശേഷിപ്പിക്കുമന്‍ങ്കിലും ഞങ്ങള്‍ പൊതുവേ അല്‍പ്പം ലോകവിവരം ഉള്ളവര്‍ അതിനോട്‌ തീരെ യോജിക്കാറില്ല,കുറുമാലീന്ന് നേരെ നെടുമ്പാശ്ശേരി-ഗള്‍ഫിലെ എയര്‍പ്പോര്‍ട്ട്‌. പിന്നെ ഓഫീസ്‌ ടു ഫ്ലാറ്റ്‌ താഴത്തെ കോള്‍ഡ്സ്റ്റോര്‍ അത്ര തന്നെ,അവന്റെ കൂടെ ജോലി ചെയ്യുന്ന അറബികള്‍ ജീവിക്കാന്‍ വേണ്ടി ഇപ്പോ മലയാളം വരെ പഠിച്ചെന്നാണ്‌ പാരമൊഴി)കൂട്ടി അടുത്തുള്ള ആശൂത്രീല്‍ക്ക്‌ തെറിച്ചു. അവിടെ നേഴ്സ്മാരോട്‌ സൗഹൃദം സ്ഥപിക്കുന്ന തിരക്കില്‍ അവനെന്റെ കാര്യം മറന്നു.

ഡോക്ടറുടെ മുന്നില്‍ അവശനായി പ്രത്യ്ക്ഷപ്പെട്ട എന്നെ നേഴ്സ്‌ പനിപരിശോധിക്കാനും പ്രഷര്‍ ചെക്കുചെയ്യാനും സഹായിച്ചുകൊണ്ടിരുന്നു.ഇതിനിടയില്‍ "ഇത്‌ സാധാരണ ഉള്ള പനിയാന്നേ, പേടിക്കാനൊന്നുമില്ലന്നേ" എന്ന തെക്കന്‍ സ്ലാങ്ങില്‍ ഒരു ആശ്വസിപ്പിക്കലും.

"റെസ്റ്റെടുക്കണം പിന്നെ തണുത്തവെള്ളം, കോഴിമുട്ട ഇവ ഒഴിവാക്കണം" തുടങ്ങിയ പതിവ്‌ ഉപദേശങ്ങള്‍ ആന്റിബയോട്ടിക്കുകള്‍ കുറിച്ച സ്ലിപ്പിനോടൊപ്പം കിട്ടി.

"സാര്‍ ഒരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കൂടെ വേണം" എന്റെ അപേക്ഷ കേള്‍ക്കേണ്ട താമസം അതും എഴുതിത്തന്നു. ഒരു വേള നാട്ടിലെ ആശൂത്രീം ഡോക്ടറുടെ മുഖത്ത്‌ മെഡിക്കല്‍ ലീവ്‌ എഴുതിത്തരാനുള്ള മടിയും തുടര്‍ന്ന് മേശയില്‍ വെക്കുന്ന അമ്പതിന്റെ നോട്ടും മനസ്സില്ലാമനസ്സോടെ പുള്ളി മെഡിക്കല്ലീവ്‌ ലെറ്ററില്‍ എഴുതി സൈഞ്ചെയ്യുന്ന രംഗവും എല്ലാം ഓര്‍ത്തുപോയി.
"ഹേയ്‌ ഡോണ്ട്‌ വറി, ഇറ്റ്‌ ഈസ്‌ നോര്‍മല്‍.....കൂടുതല്‍ ചിന്തിക്കാനൊന്നും ഇല്ല പെട്ടെന്ന് ശര്യാവും" പുള്ളിക്കാരന്‍ ആംഗലേയത്തില്‍ ആശ്വസിപ്പിച്ചു. എനിക്കുപറയാമ്പറ്റോ ഞാന്‍ നാട്ടിലെ ആശൂത്രീടെ കാര്യം ആലോചിച്ചോണ്ടിരിക്കാന്നും താങ്കള്‍ വിചാരിക്കുന്ന പോലല്ല അതൊന്നും ഒരിക്കലും നേരെയാവില്ലാന്നു.



പുറത്തിറങ്ങി നോക്കുമ്പോ കുറുമാലിക്കാരന്റെ പൊടിപോലുമില്ല.തിരക്കിനിടയില്‍ മൊബെയില്‍ എടുക്കാനും മറന്നതിനാല്‍ ഒന്ന് വിളിക്കാനും പറ്റില്ല. പിന്നെ ആസ്പത്രി മുഴുവന്‍ അവനെ പേരെടുത്തു വിളിച്ച്‌ നടക്കാന്തക്ക ശേഷി തോണ്ടക്കില്ലാത്തതിനാലും നിശ്ശബ്ദത പാലിക്കുക എന്ന് മലയാളത്തിലും ഇംഗ്ലീഷിലും മാത്രം എഴുതിവെച്ചിട്ടുള്ളതിനാലും തിരികെ പോരാന്‍ ഒരു ടാക്സിവിളിക്കേണ്ടി വന്നു.

ഫ്ലാറ്റില്‍ ഏത്തിയപാടെ ഡോക്ടര്‍ അനായാസമായി എഴുതുകയും മെഡിക്കല്‍ഷോപ്പുകാരന്‍ തപ്പിയെടുത്ത്‌ തന്നതുമായ ഒരു നട മരുന്നടിച്ചുകിറുങ്ങി ഏതാണ്ട്‌ പകുതി ബോധത്തോടെ കിടപ്പായി.അപ്പോള്‍ കണ്ടത്‌ സ്വപ്നാനാണോ സത്യാണോന്നറിയില്ല അത്‌ ഏതാണ്ടിങ്ങനെ ഒക്കെ ആയിരുന്നു.
ടിവിയില്‍ വീണ്ടും ചിക്കന്‍ ഗുന്യാ ഗുന്യാ ന്നുള്ള വാര്‍ത്തയും ചര്‍ച്ചയും പിന്നെ മിന്നിമറയുന്ന ദൃശ്യങ്ങളും. റിപ്പോര്‍ട്ടര്‍ ആശൂത്രീടെ മുമ്പിലും കൊതുകുകളുടെ സംസ്ഥന സംഘടനാ പ്രതിനിധി ആലപ്പുഴസ്റ്റുഡിയോയിലും,കോഴിക്കോട്ടുനിന്നും കവിയും സാംസ്ക്കാരിക പ്രവര്‍ത്തകനുമായ ഒരാള്‍ പിന്നെ ഏതോ രാഷ്ട്രീയ പര്‍ട്ടിയുടെ നേതാവ്‌ ഗുനിയാ ബധിതപ്രദേശത്തെ നാട്ടുകാരന്‍ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളിലുമായുള്ള ചര്‍ച്ച തുടരുന്നു.

സാംസക്കാരിക നായകന്‍" ഇത്‌ ലോക കമ്പോള ശക്തികള്‍ എല്ലായിടത്തും പിടിമുറുക്കുന്നതിന്റെ ഒരു ഭാഗമാണെന്നേ ഞാന്‍ കാരുതുന്നുള്ളൂ. ആലപ്പുഴയേക്കുറിച്ച്‌ പറഞ്ഞാല്‍ ആഭാഗങ്ങളില്‍ നിന്നും ഒരുപാട്‌ സാംസക്കാരിക വളര്‍ച്ച ആധുനിക കേരളത്തിനുണ്ടായിട്ടുണ്ട്‌ അതിനെ തകിടം മറിക്കുക എന്നതാണ്‌ ഇതിലൂടെ ലക്ഷ്യമാക്കുന്നത്‌.ഇതിന്റെ ഒരു മറുവശം കൂടെനാം കാണേണ്ടതുണ്ട്‌ ഇത്തരം പകര്‍ച്ചവ്യാധികള്‍ പലപ്പോഴും മികച്ച സാഹിത്യ രചനകള്‍ക്ക്‌ ഇടയാകാറുണ്ട്‌.ഉദാഹരണമായി "ലൗ ഇന്ത കോളറാ ടൈം" എന്നപോലെ ലൗ ഇന്ത ഗുനിയാടൈം ഒരു കവിതാസമാഹാരത്തെക്കുറിച്ച്‌ ഞാന്‍ ആലോചിച്ചുകൊണ്ടിരിക്കയാണ്‌."ചില വരികള്‍ ചൊല്ലാന്‍ തുടങ്ങുന്നു...

"മിസ്റ്റര്‍ താങ്കളിലേക്ക്‌ തിരിച്ചുവരാം ഇപ്പോള്‍ ഗുനിയാ പരത്തുന്ന കൊതുകുകളുടെ ആലപ്പുഴയിലെ ഏരിയാ നേതാവ്‌ ലൈനിലുണ്ട്‌.

"ഹലോ മിസ്റ്റര്‍ ഗുന്യാ താങ്കള്‍ക്ക്‌ കേള്‍ക്കാമോ?"
'കേള്‍ക്കാം"
"എന്തുകൊണ്ടാണ്‌ ഇങ്ങനെ തുടരെ തുടരെ നിങ്ങള്‍ ഒരു പ്രത്യേക ജില്ലയെ ലക്ഷ്യം വെച്ച്‌ വിവിധ തരത്തില്‍ ആക്രമണം നടത്തുന്നത്‌? എന്താണ്‌ ഇപ്പോഴത്തെ ആക്രമണത്തിനു കാരണം?"

"ടൂറിസത്തിനു അനുകൂലമായ സ്ഥലത്തൊക്കെ രോഗം പരത്തുക എന്നത്‌ ഞങ്ങളും രോഗാണുക്കളുടെ ആഗോള കമ്പനിയുമായുള്ള ഉടമ്പടിയുടെ ഭാഗമാണ്‌. ഞങ്ങള്‍ക്കതില്‍ നിന്നും പിന്മാറാന്‍ സാധിക്കില്ല.കരാര്‍ ലംഘിച്ചാല്‍ അതു കനത്ത സാമ്പത്തിക ബാധ്യതയാണ്‌ വരുത്തിവെക്കുക"

"ശ്രീ മുക്കന്‍ കൊതുകുകളുടെ പ്രധിനിധി പറയുന്നു അവര്‍ രോഗാണുക്കളുടെ കമ്പനിയുമായുണ്ടാക്കിയ കരാര്‍ അനുസരിച്ച്‌ ഇത്ര പേരില്‍ രോഗം പരത്തണമെന്ന്.ഒരു പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍ എന്താണ്‌ നിങ്ങള്‍ക്ക്‌ ഇക്കാര്യത്തില്‍ പറയാനുള്ളത്‌"

"ഒരിക്കലും നീതീകരിക്കന്‍ പറ്റാത്ത കാര്യമാണവര്‍ പറയുന്നത്‌. അവര്‍ ആക്രമണം ഉടന്‍ നിര്‍ത്തിവെക്കണം. ഇല്ലെങ്കില്‍ ശക്തമായ തിരിച്ചടിയായിരിക്കും അധികാരികളില്‍ നിന്നും ജനങ്ങളില്‍ നിന്നും ഉണ്ടാവുക"

സാംസ്ക്കാരികനായകന്‍:"ഞങ്ങള്‍ ഗുനിയാക്കെതിരായി കോഴിക്കോട്‌ ഒരു കവിയരങ്ങും സാംസ്ക്കാരിക സമ്മേളനവും നടത്തും. ഇവിടെ സാമ്രാജ്യത്വ ശക്തികളുടെ ചട്ടുകമായ ഗുനിയായാണിതിനെല്ലാം കാരണം"

"ശ്രീ ഗുന്യാ താങ്കള്‍ കേട്ടുവല്ലോ ശക്തമായ നടപടികള്‍ ആണ്‌ നിങ്ങള്‍ക്ക്‌ നേരെ ഉണ്ടാവുക എന്നാണ്‌ മറുവിഭാഗത്തിന്റെ താക്കീത്‌.നിങ്ങളാണിതില്‍ പ്രതിസ്ഥനത്ത്‌ എന്നാണിവര്‍ ആരോപിക്കുന്നത്‌. എന്താണ്‌ ഇക്കാര്യത്തില്‍ നിങ്ങളുടെ അഭിപ്രായം?"

"ഞങ്ങളുടെ എത്ര കൊതുകുകളെ ഇവര്‍ക്ക്‌ പ്രതികളാക്കാനും പിടികൂടാനോ കൊല്ലാനോ പറ്റി? ഞങ്ങളോ അതോ ഇതിനെതിരെ നടപടി എടുക്കേണ്ട അധികൃതരോ ആരാണ്‌ കുറ്റക്കാര്‍ എന്ന് വളരെവ്യക്തമാണ്‌. ഇവിടെ ഞങ്ങളെ സമ്പന്തിച്ചേടത്തോളം വളരെ സുരക്ഷിതമായ ഒരു മേഘലയാണ്‌. പിന്നെ ഇവര്‍ പറയുന്ന നടപടിയൊക്കെ വെറുതെ പത്രങ്ങളിലും ടിവി വാര്‍ത്തകളിലും ഒതുങ്ങും. നിങ്ങള്‍ നേരത്തെ കാണിച്ച ദൃശ്യങ്ങളില്‍ നിന്നുതന്നെ അവിടത്തെ ആശുപത്രികളുടെ സ്ഥിതി മനസ്സിലാക്കാവുന്നതാണ്‌.ഞങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയതിനു ശേഷം നിരവധി പേര്‍ മരിക്കുകപോലും ചെയ്തിട്ടും അധികൃതര്‍ ഞങ്ങളുടെ പ്രവര്‍ത്തനംകൊണ്ടാണ്‌ മരണം എന്ന് പറയാന്‍ തയ്യാറായിരുന്നില്ല. ഭീഷണികളോ മറ്റു നടപടികളോ ഞളുടെയടുത്ത്‌ വിലപ്പോകില്ല മാത്രമല്ല മറ്റു ചില വൈറസ്സുകളുമായി ഞങ്ങള്‍ ഇതിനിടയില്‍ കരാര്‍ ഉണ്ടാക്കിക്കഴിഞ്ഞു. ഇതുകഴിഞ്ഞിട്ടുവേണം അടുത്ത ആക്രമണം തുടങ്ങാന്‍. ഇതിനു വേണ്ട എല്ലാ സഹകരണവും ഇന്നത്തെ സാഹചര്യത്തില്‍ അധികാരികളില്‍ നിന്നും ഉണ്ടാവു എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌."


ഇതിനിടയില്‍ ഒരു കക്ഷി ഇടപെടുന്നു
"ഞങ്ങള്‍ നാട്ടുകാര്‍ക്ക്‌ പറയാനുള്ളത്‌ നിങ്ങള്‍ ഞങ്ങള്‍ സാധാരണക്കാരെ ആക്രമിക്കാതെ ഇതിനുത്തരവാദിത്വപ്പെട്ടവരെ ആക്രമിക്കണമെന്നതാണ്‌.ജീവിക്കാന്‍ അരിമേടിച്ചില്ലേലും തിരിമേടിക്കേണ്ട ഒരു ഗതികേടിലാണ്‌ ഞങ്ങള്‍ ഇപ്പോള്‍"

"ജീവിക്കാന്‍ അരിമേടിച്ചില്ലേലും തിരിമേടിക്കേണ്ട ഒരു ഗതികേടിലാണ്‌ എന്നാണ്‌ നാട്ടുകാര്‍ പറയുന്നത്‌. എന്താണ്‌ നിങ്ങളുടെ മറുപടി"

തുടര്‍ന്ന് ഗുന്യായുടെ മറുപടി

"അവരെ നിങ്ങളാണ്‌ ശമ്പളംകൊടുത്ത്‌ നിലനിര്‍ത്തിയിരിക്കുന്നത്‌ ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ല. മാത്രമല്ല അവരുടെ അനാസ്ഥ തുടര്‍ന്നില്ലേല്‍ അത്‌ ഞങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബധിക്കും.പിന്നെ തിരിയെക്കുറിച്ച്‌ അവര്‍ കൃത്യമായി ഞങ്ങള്‍ക്ക്‌ റൊയല്‍റ്റിതരുന്നുണ്ട്‌.ഈയ്യിടെ ചൈ..ക്കാരുടെ ഒരു തിരിസംഘം ഇവിടെ വന്നിരുന്നു,ഞങ്ങള്‍ ചില നിര്‍ദ്ധേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്‌ മിക്കവാറും ഇരു പക്ഷത്തിനും ദോഷമുണ്ടാക്കാത്തരീതിയിലുള്ള തിരികള്‍ ഉടന്‍ വിപണിയില്‍ ഇറങ്ങും "

"എന്താണീ ഇരുപക്ഷത്തിനും ദോഷം ഉണ്ടാകാത്തരീതിയില്‍ ഉള്ള തിരികള്‍ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌? ഒന്ന് വ്യക്തമാക്കാമോ?"

"വിപണിയില്‍ വന്തോതില്‍ വിറ്റഴിക്കാവുന്നതും എന്നാല്‍ ഞങ്ങള്‍ കൊതുകുകള്‍ക്ക്‌ ആരോഗ്യപ്രശ്നം ഉണ്ടാക്കാത്തതും നാട്ടുകാര്‍ക്ക്‌ ആരോഗ്യശ്നങ്ങള്‍ ഉണ്ടാക്കുന്നതുമ്മായ തിരികള്‍. കൂടാതെ ഇത്തരം തിരികള്‍ ഉണ്ടാക്കുന്ന പുതിയ രോഗങ്ങള്‍ പുതിയമരുന്നുകള്‍ക്ക്‌ വിപണിയൊരുക്കുന്നതും ആയിരിക്കണം."

"എന്താണ്‌ ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്‌. ഇത്‌ ആരോഗ്യരംഗത്തു നിലനില്‍ക്കുന്നു എന്ന് കരുതാവുന്ന ഒരു വലിയ മാഫിയായുടെ രൂപം വ്യക്തമാക്കുകയാണൊ?"

"അതു നിങ്ങള്‍ മാധ്യമക്കാരുടെ സ്ഥിരം പ്രയോഗമാണെന്നെ പറയാനൊക്കൂ.കാര്യങ്ങള്‍ ജനങ്ങള്‍ മനസ്സിലാക്കുകയും അതിനനുസരിച്ച്‌ പ്രവര്‍ത്തിക്കാതിര്‍ക്കുകയും ചെയ്യാത്തിടത്തോളം ഇത്തരം കാര്യങ്ങള്‍ ഇവിടെ തുടര്‍ന്നുകൊണ്ടിരിക്കും"

"ശ്രീ വിക്കന്‍, മിസ്റ്റര്‍ ഗുന്യായുടെ പുതിയ വെളിപ്പെടുത്തല്‍ താങ്കള്‍ എങ്ങിനെ നോക്കിക്കാണുന്നു?"

"തീര്‍ച്ചയായും ഇക്കാര്യത്തില്‍ ഞങ്ങളും ഗുന്യായുടെ അഭിപ്രായത്തോട്‌ യോജിക്കുന്നു. വിലകുറഞ്ഞ തിരികള്‍ വരട്ടെ ഇക്കാര്യത്തില്‍ കേന്ദ്രസഹായം ഉടന്‍ വേണം ഇവിടത്തെ സാധാരണക്കാര്‍ക്ക്‌ റേഷങ്കടവഴി തിരി സബ്സീഡിയോടെ നല്‍കണം.വിദേശകമ്പനികളുടെ പുതിയ പ്ലാന്റുകള്‍ ഇവിടെ സ്ഥാപിക്കണം ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഒരു സംഘത്തെ വിദേശത്തേക്കയക്കണം എന്നാണെന്റെ അഭിപ്രായം. തന്നെയുമല്ല നിങ്ങള്‍ കൊതുകുകള്‍ പുതിയ വൈറസ്സുകളേയും അതിന്റെ മരുന്നുകമ്പനികളേയും ഉടന്‍ ഇന്റ്രൊഡ്യൂസ്‌ ചെയ്യണം"

സാംസ്ക്കാരികപ്രവര്‍ത്തകന്‍: "ഇത്‌
ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ ശക്തമായ ഒരു സാംസ്കാരിക ജനകീയ ഗുനിയാവിരുദ്ധ കൂട്ടായ്മയുടെ അനിവാര്യതയിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌. എന്റെ പുതിയകവിതയില്‍ ഇതേക്കുറിച്ച്‌ പരാമര്‍ശിക്കുന്നുണ്ട്‌....

പ്രതിഷേധക്കാരുടേം പ്രസ്ഥാവനക്കാരുടേം വിവിധ ദൃശ്യങ്ങള്‍.

"നന്ദി ശ്രീ... മിസ്റ്റര്‍ ഗുനിയാ മിസ്റ്റര്‍ മുക്കന്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന്‌.നമ്മള്‍ക്ക്‌ സമയപരിമിതി ഉള്ളതിനാല്‍ ഈ ചര്‍ച്ച ഇവിടെ വച്ച്‌ നിര്‍ത്താം. തീര്‍ച്ചയായും ഞങ്ങളും മനസ്സിലാക്കുന്നത്‌ അഥവാ മനസ്സിലാക്കാന്‍ കഴിയുന്നത്‌ കാര്യങ്ങള്‍ കൃത്യമായി നടപ്പാക്കാന്‍ കഴിയാത്ത ഒരു സംവിധാനം നിലനില്‍ക്കുന്നിടത്തൊക്കെ നിങ്ങള്‍ക്കെല്ലാം വിജയിക്കാനാകും എന്നാണ്‌."


എന്റെ മനസ്സില്‍ ഗുന്യായുടെ ഭീതി മെല്ലെമെല്ലെ വര്‍ദ്ധിക്കാന്‍ തുടങ്ങി.കാരണം മറ്റൊന്നുമല്ല കഴിഞ്ഞയാഴ്ച കല്യാണത്തിനു നാട്ടില്‍പോയ പോളിനെ ഫോണ്‍ വിളിച്ചതിന്റന്നു രാത്രിയിലാണ്‌ എനിക്ക്‌ പനി തുടങ്ങിയത്‌. ഇനി ഫോണിലൂടങ്ങാണ്‍ ഗുന്യാ വരോ? പിന്നെം ചില രംഗങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. വീട്ടുകാര്‍ എന്റെ എല്‍ ഐ സീടെ പോളിസി പുതുക്കീട്ടുണ്ടാവോ? ഇനി പുതുക്യാതന്നെ കാശുകിട്ടാന്‍ എത്രകൊല്ലം ഒരോരോ ഓഫീസു കയറി ഇറങ്ങേണ്ടിവരും എന്നൊക്കെ. ഇതിനിടയില്‍ എപ്ലോ എന്റെ ഉണ്ടായിരുന്ന ബോധംകൂടെ പോയി.

പിന്നെ ഏതാണ്ട്‌ ഉച്ചയോടെ നമ്മുടെ കുറുമാലി ചുള്ളന്‍ നേഴ്സുമാരുമായുള്ള ബ്ലോഗ്ഗിങ്ങും കമന്റ്സും കഴിഞ്ഞ്‌ കുറച്ച്‌ ഫ്രൂട്സുമായി എത്തി എന്നെ വിളിച്ചുണര്‍ത്തിയപ്പ്പ്പോഴാണ്‌ ഞാന്‍ ജീവനോടെ ഇരിപ്പുണ്ടെന്ന് അറിയുന്നെ.



*ആരേയും കളിയാക്കാനോ അല്ലെങ്കില്‍ ദുരന്തത്തെ പരിഹാസപൂര്‍വ്വം കാണാനോ അല്ല മറിച്ച്‌ ചിക്കന്‍ ഗുന്യാബാധിച്ച്‌ ആളുകള്‍ മരിക്കുന്നത്‌ തുടരുകയും എന്നാല്‍ അധികൃതര്‍ക്ക്‌ ഇതിനെ ഇതുവരെ എന്തുകൊണ്ട്‌ നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത്‌ ചിന്തിക്കേണ്ടവിഷയമാണ്‌.സംഭവത്തെ ഇത്രയും മോശമായ രീതിയിലേക്ക്‌ എത്തിച്ച നിരുത്തരവാദപരമായ സംവിധാനത്തോടുള്ള എതിര്‍പ്പാണ്‌ അല്‍പ്പം വൈകിയാണെങ്കിലും കുറിപ്പിടുവാന്‍ കാരണം.അധികൃതര്‍ തുടക്കത്തില്‍ തന്നെ വേണ്ട മുങ്കരുതല്‍ സ്വീകരിക്കാഞ്ഞതെന്തെ? ഇവര്‍ മനുഷ്യജീവനെ വളരെ നിസ്സാരമായിട്ടാണോ കാണുന്നത്‌?

12 comments:

paarppidam said...

ഒരു ഗുനിയാ ദുസ്വപ്നം....ആണ്ടെ കെടക്കുന്നു ഒരു പോസ്റ്റ്‌..!

Rasheed Chalil said...

കുമാര്‍ജീ നല്ല സ്വപ്നം.

പിന്നെ ലോകത്ത് വിലയില്ലാത്ത ഒന്നേയുള്ളൂ മനുഷ്യ ജീവന്‍. അല്ല കയ്യില്‍ കാശില്ലാത്തവന്റെ ജീവന്‍. അതിന്റെ സംരക്ഷണത്തില്‍ ആര്‍ക്കും താല്പര്യം കാണില്ല.

ഇടിവാള്‍ said...

ഇന്നാളൊരു എസ്.എം.എസ് വന്നിരിക്കുന്നു !

“ചിക്കുന്‍ ഗുനിയാ ആശംസകള്‍” !! എന്നു പറഞ്ഞ് !

പുള്ളി said...

മറ്റൊരു എസ്‌. എം . എസ്‌ നാട്ടില്‍നിന്ന് കേട്ടത്‌:
നിന്റെ ചുവന്ന ചുണ്ടുകള്‍...
വേഗം മിടിയ്ക്കുന്ന ഹൃദയം...
ചൂടുള്ളനിശ്വാസം...
വിറയ്ക്കുന്ന ശരീരം...

സംശയമില്ല ചികുന്‍ഗുനിയ തന്നെ !

മുസ്തഫ|musthapha said...

നല്ല ആക്ഷേപഹാസ്യം... :)

അധികൃതര്‍ക്ക് പരസ്പരം കുറ്റപ്പെടുത്താന്‍ തന്നെ സമയം കമ്മി, പിന്നല്ലേ... നടപടികള്‍ !

കണ്ണൂരാന്‍ - KANNURAN said...

മറ്റൊരു എസ്.എം.എസ്. I'll catch you first, I'll take you 2 bed, I'll make you hot, I'll make you pain, I'll make you tired, I'll make you vomit. Do you know who am I?

I AM CHICKUN GUNIA!!!!!!!!!
വിലപ്പെട്ട മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുമ്പോള്‍ അതിലും തമാശ കണ്ടെത്തുന്നു നാം.....

സുല്‍ |Sul said...

പിന്നെ കുറുമാലി ചുള്ളനു പനിപിടിചൊ?

സൂര്യോദയം said...

പരിസരശുചിത്വം പാലിക്കുക എന്നത്‌ ഓരോ പൗരന്റെയും ഉത്തരവാദിത്ത്വമാണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്താന്‍ ഒരു ദുരന്തം വേണ്ടിവന്നോ? ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കട്ടെ ഓരോരുത്തരും...

paarppidam said...

സുല്ലേ കുറുമാലി ചുള്ളന്‍ തന്റെ ഇഷ്ട്ടദൈവം ഗീബല്‍സിനെ ആരാധിച്ചുകോണ്ട്‌ അവനെനിക്കെതിരെ പാരകള്‍ എസ്‌.എം.എസ്‌ വഴി ചിക്കന്‍ ഗുനിയയേക്കാള്‍ മാരകമായ പ്രകാശന്റെ വേഗത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കാണ്‌....അവനൊരു പാരാനന്ദസ്വാമികളാണേ!

പരിസരശൊചിത്വം പണ്ടേ ഇമ്മക്കില്ലാത്ത കാര്യല്ലെ!


നന്ദി ഇത്തിരിവെട്ടം,ഇടിവാള്‍,പുള്ളി,അഗ്രജന്‍,കണ്ണൂരാന്‍ ( ഞാന്‍ ഒരിക്ക പറഞ്ഞിട്ടുള്ളതാ കണ്ണൂരാന്‍ പറ്റില്ലാന്ന്, വേണമെങ്കില്‍ കോണ്ടാക്റ്റ്‌ ലെന്‍സ്‌ ഊരാം)സുല്‍,സൂര്യോദയം......

paarppidam said...

ഭാഗ്യം ചിക്കന്‍ ഗുനിയാ ട്രോഫിക്കുവേണ്ടി ക്രിക്കറ്റുകളി നടത്താഞ്ഞത്‌! അല്ലെങ്കില്‍ മെല്ലിച്ച്‌ കൊതുകിന്റെ പോലുള്ള ഓരോ മോഡലുകളെ അണിനിരത്തി ഗുനിയാ ഫാഷന്‍ വീക്കൊന്നും കണ്ടക്റ്റ്‌ ചെയ്യാഞ്ഞാമതി!

paarppidam said...

ആലപ്പുഴയില്‍ ചിക്കന്‍ ഗുനിയാ ബാധിച്ചുമരിച്ചതായി കരുതി അധികൃതര്‍ നല്‍കിയ ആശ്വാസധനം മരിച്ചയാളുടെ ബന്ധുക്കള്‍ നിരസ്സിച്ചതായി വാര്‍ത്തകണ്ടു. അദ്ദേഹം മരിച്ചത്‌ ചിക്കന്‍ ഗുനിയാ ബാധിച്ചല്ലെന്നും അതിനാല്‍ തന്നെ സര്‍ക്കാര്‍ ഗുനിയാബാധിതര്‍ക്ക്‌ നല്‍കുന്ന സഹായം വാങ്ങുവാന്‍ തങ്ങള്‍ അനര്‍ഹരാണെന്നും വെളിപ്പെടുത്തിയ നല്ല മനസ്സുകള്‍ക്ക്‌ അഭിനന്ദനങ്ങള്‍. തികച്ചും മാതൃകാപരമായ ഒരു തീരുമാനം.

paarppidam said...

മൂന്നുവർഷത്തിനിപ്പുറം വീണ്ടും ഒരു ഗുനിയാക്കാലം. ഇന്നും പോസ്റ്റിന്റെ വിഷയങ്ങളിൽ മാറ്റം വല്ലതും ഉണ്ടോ?