Friday, February 29, 2008

ആയിരം കണ്ണി ഉത്സവം മാര്‍ച്ച്‌-13 ന്‌.


തൃശ്ശൂര്‍ ജില്ലയിലെ പടിഞ്ഞാറുഭാഗം വലപ്പാടുമുതല്‍ ചേറ്റുവ വരെ അറിയപ്പെടുന്നത്‌ മണപ്പുറം എന്നാണ്‌. മണപ്പുറത്തെ ഏറ്റവും വലിയ ഉത്സവം ആയ ആയിരം കണ്ണി ഉത്സവം മാര്‍ച്ച്‌ 13 ന്‌ ആണ്‌.വാടാനപ്പള്ളിയില്‍ നിന്നും കഷ്ടിച്ച്‌ മൂന്നുകിലോമീറ്റര്‍ വടക്കുമാറി ഈസ്റ്റ്‌ ടിപ്പുസുല്‍ത്താന്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ഈ ചെറിയ ക്ഷേത്രത്തില്‍ ഉത്സവത്തിനു എത്തുന്നത്‌ ആയിരങ്ങളാണ്‌.ജില്ലയിലെ അറിയപ്പെടുന്ന മല്‍സരപ്പൂരമായ ആയിരംകണ്ണിയില്‍ നാല്‍പതിലധികമാനകള്‍പങ്കെടുക്കാറുണ്ടെങ്കിലും അധികൃതരുടെ കര്‍ശനനിര്‍ദ്ദേശത്തെതുടര്‍ന്ന് ഇത്തവണ പകല്‍പ്പൂരത്തിനു അണിനിരക്കുന്നത്‌ മുപ്പത്തിമൂന്ന് ഗജവീരന്മാരായിരിക്കും.വഴിപാടുപൂരങ്ങള്‍ രാവിലെ എട്ടുമുതല്‍ പതിനൊന്നുമണിവരെ ആയിരിക്കും ഉണ്ടാകുകതിടമ്പ്‌ തലയെടുപ്പിന്റെയും ആനയഴകിന്റേയും കേരളത്തിലെ തമ്പുരാന്‍ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍ ഉറപ്പിച്ചുകഴിഞ്ഞു..

മണപ്പാടുകമ്മറ്റി,ഷൂട്ടേഴ്സ്‌ പോയന്റ്‌,ഹരിശ്രീ എലൈറ്റുപടി,വീരസവര്‍ക്കര്‍ ഉത്സവകമ്മറ്റി, ചന്തപ്പടി,ഏത്തായ്‌,ഗോള്‍ഡന്‍ മൈതാനം തുടങ്ങിയവരാണ്‌ ഈ ഉത്സവത്തിനു പ്രധാനമായും തലയെടുപ്പുള്ള ഗജവീരന്മാരെ അണിനിരത്താറുള്ളത്‌.മണപ്പാടുദേശം വര്‍ഷങ്ങളായി അണിനിരത്തിയിരുന്നത്‌ കണ്ടമ്പുള്ളിബാലനാരായണന്‍ എന്ന ആനയെ ആയിരുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരം കൂടിയ നാട്ടാനയായി അറിയപ്പെട്ടിരുന്ന കണ്ടമ്പുള്ളി ചരിഞ്ഞതോടെ ആരായിരിക്കും ഇനി ഒന്നാമന്‍ എന്ന തര്‍ക്കം ഉത്സവപ്രെമികള്‍ക്കിടയില്‍ സജീവമായിരിക്കുന്നു. ചുള്ളിപ്പറമ്പില്‍ സൂര്യനാണോ അതോ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനാണോ എന്നതാണ്‌ പ്രധാന തര്‍ക്കം. പൊക്കത്തില്‍ സൂര്യന്‍ അല്‍പം മികച്ചുനിന്നേക്കാമെങ്കിലും അഴകിലും നടപ്പിലും തെളിഞ്ഞകൊമ്പനായ തെച്ചിക്കോട്ടുകാവ്‌ ഒറ്റനിലവിലും തലയെടുപ്പിലും സൂര്യനെ കവച്ചുവെക്കും എന്നാണ്‌ ഭൂരിപക്ഷം ആനപ്രേമികളും പറയുന്നത്‌.

ഇതിനോടകം തന്നെ വിവിധ കമ്മറ്റിക്കാര്‍ തങ്ങളുടെ ആനകളെ പ്രഖ്യാപിച്ചുകഴിഞ്ഞു.പലരും ഫ്ലക്സുകളും സ്ഥാപിച്ചു. ഇത്തവണ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ അണിനിരത്തിക്കൊണ്ട്‌ ഉത്സവപ്പറമ്പിലേക്ക്‌ വീരസവര്‍ക്കര്‍ ഉത്സവക്കമ്മറ്റി എത്തുമ്പോള്‍ പൊക്കുളങ്ങര കിഴക്കുഭാഗത്തുള്ള ഷൂട്ടേഴ്സ്‌ പോയന്റ്‌ യുവരാജന്‍ ചുള്ളിപ്പറമ്പില്‍ വിഷ്ണുശങ്കറുമായാണ്‌.തന്റെ തലയെടുപ്പുകൊണ്ട്‌ ശ്രദ്ധേയനായ വിഷ്ണു ഇതിനോടകം നീരില്‍ നിന്നും അഴിച്ച്‌ ഉത്സവങ്ങളില്‍ പങ്കെടുക്കുവാന്‍ തുടാങ്ങിയിരിക്കുന്നു.വിഷ്ണുശങ്കറിന്റെ സാന്നിദ്ധ്യം ഒന്നുമാത്രം മതി ഉത്സവപ്പറമ്പുകളില്‍ യുവജനങ്ങളെ ഇളക്കിമറിക്കുവാന്‍.അവന്റെ തലപിടുത്തത്തിന്റെ പ്രത്യേകത ഒന്ന് കാണേണ്ടകാഴ്ചതന്നെയാണ്‌.ഉ

ത്സവങ്ങളുടെ തിരക്കുകാരണം കോള്‍ഷീറ്റില്ലാത്ത അവസ്ഥയിലാണ്‌ ആനകളിലെ സൂപ്പര്‍താരം തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‌.എങ്കിലും ഉത്സവപ്രേമികള്‍ അവനെ ഇത്തവണ ആയിരം കണ്ണിയിലേക്ക്‌ നേരത്തെ തന്നെ ബുക്കുചെയ്തു.കഴിഞ്ഞവര്‍ഷം തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രനെ മറ്റൊരു ഉത്സവത്തിനായി വന്‍ തുകക്കായിരുന്നു അവിടത്തെ ഒരുകമ്മറ്റിക്കാര്‍ റാഞ്ചിക്കൊണ്ടുപോയത്‌. ആ ക്ഷീണം ഇത്തവണ തീര്‍ക്കുവാനായി വാശിയോടെ വീരസവര്‍ക്കര്‍ ഉത്സവക്കമ്മറ്റി അവനെ നേരത്തെ സ്വന്തമാക്കി.വളരെ മനോഹരമായ ഒരു ഫ്ലക്സാണ്‌ അവര്‍ ഏഴാം കല്ലില്‍ ഒരുക്കിയിരിക്കുന്നത്‌. ആദ്യം സ്ഥാപിച്ച്‌ ഫ്ലക്സ്‌ ചില സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചിരുന്നു എങ്കിലും അല്‍പം മാറി അവര്‍ മറ്റൊരു ഫ്ലക്സ്‌ സ്ഥാപിച്ചു.

ഗുരുവായൂര്‍ പത്മനാഭനും ശങ്കരന്‍ കുളങ്ങര ഗണപതിയും എല്ലാം നിറഞ്ഞുനിന്നിരുന്നിടത്തേക്ക്‌ അവരുടെ അസാന്നിധ്യത്തില്‍ ഇനിയാര്‌ എന്ന ചോദ്യത്തിനു ഉത്തരവുമായി എത്തിയ താരങ്ങളാണ്‌ തെച്ചിക്കോട്ടുകാവും,വിഷ്ണുശങ്കറും,ചരിഞ്ഞ സാജ്പ്രസാദും എല്ലാം.വിഷ്ണു എന്ന യുവരാജന്റെ താരോദയത്തിനു പിന്നില്‍ ഷൂട്ടേഴ്സ്‌ പോയന്റിന്റെ അക്ഷീണപ്രയത്നം ഒന്നുമാത്രമാണ്‌.ഷൂട്ടേഴ്സ്‌ പോയന്റ്‌ എന്നും കാഴ്ചക്കാര്‍ക്ക്‌ കണ്ണിനും മനസ്സിനും കുളിരേകുന്ന ദൃശ്യവിരുന്ന് ഒരുക്കാറുണ്ട്‌.അവരും തങ്ങളുടെ അഭിമാനമായ വിഷ്ണുശങ്കറിന്റെ ഫ്ലക്സുകള്‍ ഇതിനോടകം സ്ഥാപിച്ചുകഴിഞ്ഞു.ദേവനൃത്തം, കാവടി,ശിങ്കാരിമേളം തുടങ്ങി നിരവധി പരിപാടികളുടെ അകമ്പടിയോടെയാണ്‌ ആയിരം കണ്ണിയിലേക്ക്‌ വിഷ്ണുശങ്കര്‍ എന്ന യുവരാജന്റെ നേതൃത്വത്തില്‍ അവര്‍ ആയിരം കണ്ണിയിലെത്തുക.

ഹരിശ്രീ എലൈറ്റുപടിയും ഉത്സവത്തിനു മാറ്റുകൂട്ടുവാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്‌.ഇത്തവണ അവര്‍ അണിനിരത്തുന്നത്‌ കര്‍ണ്ണന്‍ എന്ന ഏറനാടിന്റെ അഭിമാനത്തെ ആണ്‌.സൂര്യനെ അണിനിരത്തി ഉത്സവത്തിനെത്തുന്നത്‌ പുളിഞ്ചോട്‌ സെന്റര്‍ ആണ്‌.വിവിധ കമ്മറ്റിക്കാര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ സൂര്യന്‍ രണ്ടാം സ്ഥാനത്തേക്ക്‌ തള്ളപ്പെട്ടു എന്നാണ്‌ അറിയുവാന്‍ കഴിഞ്ഞത്‌.ചന്തപ്പടി കമ്മറ്റി ഒരു അവസരം സ്ഥിരമായി കൊണ്ടുവന്നിരുന്നത്‌ ഗുരുവായൂര്‍ പത്മനാഭനെ ആയിരുന്നു.ഇടാക്കാലത്ത്‌ അവനെ പുറത്തു പൂരങ്ങള്‍ക്കയക്കാതെ വന്നപ്പോള്‍ അവര്‍ ആനയെ മാറ്റി.വീണ്ടും പത്മനാഭന്‍ ഉത്സവപ്പറമ്പുകളില്‍ എത്തിയെങ്കിലും ആയിരംകണ്ണിയില്‍ എത്താറില്ലെന്നാണ്‌ അറിഞ്ഞത്‌. ഇത്തവണയും പത്മനാഭന്റെ സാന്നിദ്ധ്യം ഉണ്ടാകാന്‍ വഴിയില്ല.

പൂതൃക്കോവില്‍ വിനായകന്‍ എന്ന പുതുമുഖം ആദ്യമായി എത്തുന്ന പൂരം കൂടെയാണ്‌ ഇത്തവണ ആയിരം കണ്ണിയിലേത്‌.അവന്റെ മിന്നുന്ന പ്രകടനത്തിനായി കാണികള്‍ കാത്തിരിക്കുന്നു. കര്‍ണ്ണനും ചെര്‍പ്ലശ്ശേരി പാര്‍ത്ഥനും നാണു എഴുത്തശ്ശന്‍ ശ്രീനിവാസനും ബാസ്റ്റ്യന്‍ വിനയ ചന്ദ്രനും, ചുള്ളിപ്പറമ്പില്‍ ശ്രീറാമും എല്ലാം തലേക്കെട്ടും അണിഞ്ഞു തലയെടുപ്പോടെ എത്തും എന്നാണ്‌ ഉത്സവപ്രെമികള്‍ കരുതുന്നത്‌.

തളിക്കുളത്തെ എരണേഴത്ത്‌ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുക്കുവാന്‍ പോയപ്പോള്‍ അവിടെ ഒരു ആനപ്രേമി ചോദിച്ചു."ഇത്തവണ തിരുവമ്പാടി ശിവസുന്ദര്‍ ആയിരം കണ്ണിക്ക്‌ ഉണ്ടാകുമോ?""അറിയില്ല""കണ്ടില്ലെ അവന്റെ നില്‍പ്പ്‌, ആനാന്ന് പറഞ്ഞാല്‍ ശിവസുന്ദറും തെച്ചിക്കോട്ടുകാവും തന്നെ"തലയുയര്‍ത്തിപ്പിടിച്ച്‌ നില്‍ക്കുന്ന ശിവസുന്ദറിനെ നോക്കി അയാള്‍ പറഞ്ഞു.എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ പൂക്കോടന്‍ ശിവന്‍ തിരുവമ്പാടി ശിവസുന്ദറായതിനുശേഷം ആയിരം കണ്ണിയില്‍ ഇതുവരെ എത്തിയിട്ടില്ല.

ആനപ്രേമികളെ വേദനയില്‍ ആഴ്ത്തിയ സംഭവം ആയിരുന്നു കഴിഞ്ഞതവണ ആയിരംകണ്ണിയിലെ ഉത്സവപ്പറമ്പില്‍ നിറഞ്ഞുനിന്ന സാജ്പ്രസാദെന്ന കൊമ്പന്റെ അകാല വിയോഗം.കഴിഞ്ഞ വര്‍ഷം വീരസവര്‍ക്കര്‍ കമ്മറ്റിക്കാര്‍ പതിച്ച്‌ സാജ്പ്രസാദിന്റെ ചെവിയാട്ടിപ്പിടിച്ച്‌ തലയെടുപ്പോടെ നില്‍ക്കുന്ന പോസ്റ്ററുകള്‍ ഇനിയും ഒളിമങ്ങാതെ പല ചുമരുകളിലും നില്‍ക്കുന്നു.കണ്ടമ്പുള്ളിയും സാജ്പ്രസാദും കണ്ടമ്പുള്ളീ വിജയനും താരങ്ങളായി വിലസിയ ക്ഷേത്രമുറ്റത്ത്‌ ഇത്തവണ അവരുടെ തലയെടുപ്പുള്ള ഓര്‍മ്മകളുമായി ആനപ്രേമികള്‍ എത്തും .

പൊക്കുളങ്ങര്‍ ഉത്സവം മാര്‍ച്ച്‌ 12ന്‌. നാഷ്ണല്‍ ഹൈവേ 17 ല്‍ വാടാനപ്പള്ളിയില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ വടക്കുമാറി സ്ഥിതിചെയ്യുന്ന പൊക്കുളങ്ങര ഉത്സവം മല്‍സരപ്പൂരത്തിന്റെ മറ്റൊരു വേദിയാണ്‌. ഇവിടെയുംതിടമ്പ്‌ തെച്ചിക്കോട്ടുകാവ്‌ രാമചന്ദ്രന്‍.

1 comment:

മുസ്തഫ|musthapha said...

ഞങ്ങളുടെ ഗ്രാമത്തിലും ഒരു ‘ആയിരംകണ്ണി ക്ഷേത്ര‘മുണ്ട്.

ആയിരംകണ്ണി ക്ഷേത്രം - ആയിരംകണ്ണി ഉത്സവം
രണ്ടും ഒന്ന് വിശദീകരിക്കാമോ