Friday, January 01, 2010

പുതുവർഷം ആശംസിക്കുമ്പോൾ

അടുത്ത വർഷം ഞാൻ ആഗ്രഹിക്കുന്നവയിൽ പെട്ടെന്ന് ഓർമ്മയിൽ വരുന്ന ചില കാര്യങ്ങൾ...

മലയാളിക്കും കുടുമ്പത്തിനും അന്നം കഴിക്കുവാൻ അവസരമൊരുക്കുന്ന ഗൾഫിലും മറ്റു പ്രവാസ ലോകങ്ങളിലും കൂടുതൽ ഐശ്വര്യവും സാമ്പത്തീക പുരോഗതിയും ഉണ്ടകട്ടെ. നാൽപതിൽ പരം ആളുകൾ അതി ധാരുണമായി കൊല്ലപ്പെട്ട ബോട്ടപകടം നടന്നത്‌ മറന്ന് കേരളത്തിലേക്ക്‌ സ്വന്തം റിസ്കിൽ കൂടുതൽ ടൂറിസ്റ്റുകൾ വരട്ടെ. അപകടത്തിന്റെ ഉത്തരവാദിത്വം ശൂന്യതയിൽ ലയിച്ച വാർത്ത കേൾക്കുവാൻ ഈ വർഷം ഇടവരാതിരിക്കട്ടെ.

സർക്കാർ സഹായം പ്രതീക്ഷിക്കാതെകലാ കായിക പ്രതിഭകൾ സ്വന്തം കഴിവിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ.
സമരത്തൊഴിലാളികൾക്ക്‌ ഒരു വർഷം കൂടെ കാത്തിരിക്കേണ്ടിവരും എന്തേലും ഒരു നല്ല കോള്‌ ഒത്തുവരുവാൻ.അതിനാൽ അവർക്ക്‌ ആശംസയൊന്നും ഇല്ല. കേടുകൂടാതെ ഓടുവാൻ ഒരുവർഷം കഴിയുന്നതുവരെ ആയുസ്സുണ്ടെങ്കിൽ ലോഫ്ലോർ ബസ്സുകൾ അവർക്ക്‌ കൂടുതൽ അവസരങ്ങൾ ഒരുക്കിവച്ചിട്ടുണ്ട്‌.

തെച്ചിക്കോട്ടുകാവിൽ തുടങ്ങി പുത്തങ്കുളം ശിവനിൽ അവസാനിക്കുന്ന കേരളത്തിൽ ഗജസമ്പത്തിനു യാതൊരു കോട്ടവും തട്ടതിരിക്കട്ടെ.അതോടൊപ്പം അവരൊക്കെ കൂടുതൽ കൂടുതൽ ഉത്സവപ്പറമ്പുകളിൽ കടന്നുചെല്ലട്ടെ. പ്രകാശ്‌ ശങ്കർ എന്ന ആനയെ നിഷ്ടൂരമായി പീഠിപ്പിച്ചുകൊന്നവർക്കെതിരെ നടപടി വല്ലതും ഉണ്ടെങ്കിൽ അത്‌ കടലാസിൽ നിന്നും പുറത്ത്‌ വരുവാൻ ഇടയാകട്ടെ.

കേരളം നേരിടുന്ന കടുത്ത ഭീതിയായ മുല്ലപ്പെരിയാറിന്റെ ദുരവസ്ഥക്ക്‌ ഈ വർഷം പരിഹാരമുണ്ടാകട്ടെ.അധികാരികളുടെ കണ്ണുതുറപ്പിക്കുവാനായി മജോജ്‌ രവീന്ദ്രനെപ്പോലുള്ളവർ മുന്നോട്ടുവെച്ച ആശയത്തെ ഹൃദയത്തിലേറ്റിയ മുഴുവൻ ബ്ലോഗ്ഗേഴ്സിനും നന്ദി.കുറുമാനും,വിശാലേട്ടനും മടക്കം എഴുത്തു ചുരുക്കിയവർ കൂടുതൽ മികച്ച രചനകളുമായി ബ്ലോഗ്ഗ്‌ രംഗത്തെ സജീവമാക്കട്ടെ.ബെർളി കൂടുതൽ അടിപൊളിയാകട്ടെ,ചേലനാട്ട്‌ രാജീവേട്ടൻ സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങളുമായി വായനക്കാരന്റേയും സമൂഹത്തിന്റേയും കണ്ണുതുറപ്പിക്കട്ടെ,ജി.പി രാമചന്ദ്രൻ കെ.ഈ.എൻ മുന്നോട്ടുവെക്കുന്ന കേരളത്തെ സംബന്ധിച്ച്‌ തികച്ചും അർത്ഥശൂന്യമായ ഇരവാദ സിദ്ധാന്തങ്ങളിൽ(കേരളസമൂഹത്തിന്റെ യദാർത്ഥ ഇരകൾ ദളിതരും, ആദിവാസികളുമാണ്‌) നിന്നും യാദാർത്ഥ്യങ്ങളിലേക്ക്‌ കടന്ന് കൂടുതൽ മികച്ച നിരൂപണങ്ങളും സാമൂഹ്യവിഷയങ്ങളും കൊണ്ട്‌ ബ്ലോഗ്ഗിനെ സമ്പുഷ്ടമാക്കട്ടെ.ഇവരെ കൂടാതെയുള്ള ആൺ- പെൺപ്രജകൾ കൂടുതൽ നല്ല രചനകളുമായി വരട്ടെ...

രാഷ്ടീയത്തിൽ ഈ വർഷം പുതിയ പ്രതീക്ഷയൊന്നും കാണുന്നില്ല.ലാവ്ലിനും,പി.ഡി.പിയും അകത്തുകടന്നാൽ പിന്നെ മുരളിയും ഗ്രൂപ്പ്‌ വിശേഷങ്ങളും കുറച്ച്‌ വിവാദവും അൽപം പെൺവിഷയവും അല്ലാതെ കേരളരാഷ്ടീയത്തിൽ ഒരു പുരോഗതിയും ഉണ്ടാകും എന്ന് തോന്നുന്നില്ല. വിവാദങ്ങളിലും വാചക കസർത്തുകളിലും അല്ലാതെ കേരളത്തിന്റെ പുരോഗതിയ്ക്കായി ഇവർ എന്തു ചെയ്യും എന്ന് കാത്തിരുന്നു സമയം കളയുവാൻ എനിക്ക്‌ സമയം ഇല്ല.

മന്ത്രിയുടെ പ്രസ്ഥാവനയും പ്രഖ്യാപനവും ഒന്നും ആരോഗ്യം രക്ഷിക്കില്ല.പരമാവധി പനിപിടിപെടാതെ അവനവൻ സൂക്ഷിക്കുക.റോഡ്‌ ടാക്സ്‌ അടച്ചു എന്ന് കരുതി റോഡ്‌ നന്നാക്കും എന്ന് പ്രതീക്ഷിക്കാതെ ശ്രദ്ധിച്ച്‌ വാഹനം ഓടിക്കുക.ടൂവീലറുമായി പുറത്തിറങ്ങിയാൽ ചുരുങ്ങിയത്‌ 100 രൂപ പിഴ ഉറപ്പാണെന്ന് ഓർമ്മവെച്ച്‌ വല്ല നിവൃത്തിയും ഉണ്ടെങ്കിൽ റോഡിൽ ഇറങ്ങാതിരിക്കുക.ടിപ്പർ ആക്രമണങ്ങൾ എപ്പോഴും കുഞ്ഞുങ്ങൾക്കു നേരെ ഉണ്ടാകും എന്ന ബോധത്തോടെ അവരെ സ്കൂളിൽ പറഞ്ഞയക്കുക.

മാധ്യമങ്ങളിൽ പതിവു വിഭവങ്ങളുടേയും ചർദ്ധിലുകളുടേയും ദുർഗ്ഗന്ധം ഒഴിവാകട്ടെ.നികേഷ്‌ കുമാർ ഈ വർഷം കൂടുതൽ മികച്ച വാർത്തകളും വാർത്താ അവതരണവുമായി ഉഷാറാകട്ടെ.മലയാള വാർത്താ അവതാരണ രംഗത്ത ശക്തമായ സ്ത്രീസാന്നിധയമായ ഷാനിപ്രഭാകർ ചാട്ടുളിപോലുള്ള ചോദ്യങ്ങളുമായി രാഷ്ടീയ-സമൂഹ്യ രംഗത്തുള്ളവരെ "പൊരിക്കട്ടെ".മധ്യമ രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായ സിന്ധുസൂര്യകുമാറിനു "കവർ സോറിയിലൂടെ" തന്റെ കഴിവുകൾ കൂടുതൽ പ്രകടിപ്പിക്കുവാൻ കഴിയട്ടെ.

രൺജിത്തിന്റെ തൂലികയും ക്യാമറയും പുതുമയുള്ള ആവിഷ്കാരങ്ങൾ മലയാളിക്ക്‌ നൽകട്ടെ.സത്യേട്ടൻ അടുത്ത ചിത്രത്തിന്റെ തിരക്കഥ കൂടുതൽ സൂക്ഷ്മതയോടെ നടത്തട്ടെ.ഷാജികൈലാസും രൺജിപണിക്കരും തീപ്പൊരിചിതറുന്ന പ്രകടനങ്ങളുള്ള ചിത്രങ്ങൾ അണിയിച്ചൊരുക്കട്ടെ. പുതിയ പ്രതിഭകൾ ധാരാളം മലയാളസിനിമയിൽ കടന്നുവരട്ടെ. മോഹൻലാൽ തന്റെ നിലവാരത്തിനൊത്ത ചിത്രങ്ങൾ തിരഞ്ഞെടുത്ത ശക്തമായ നടന ചാരുത പ്രകടിപ്പിക്കട്ടെ. മമ്മൂക്ക ഇനിയും ഗംഭീരമായ പ്രകടനങ്ങൾ കാഴ്ചവെക്കട്ടെ. വിവാഹം കഴിക്കുന്ന നടികൾക്ക്‌ ചുരുങ്ങിയത്‌ ഒരുവർഷമെങ്കിലും ഭർത്താവിനോടൊപ്പം കഴിയുവാൻ സാധ്യമാകട്ടെ.

ബ്ലോഗ്ഗിലെ പ്രിയ കാർട്ടൂണിസ്റ്റുകളായ സുധീറേട്ടൻ,സുജിത്‌, സ്നേഹം കൊണ്ട്‌ അനുദിനം തടികൂടുന്ന സജീവേട്ടൻ,ഖാൻ പോത്തൻ കോട്‌ തുടങ്ങിയവർ സഖാവ്‌ വി.എസ്സും, കരുണാകരനും,മുരളിയും, മാന്മോഹൻസിങ്ങും,സോണിയായും,രമേശ്‌ ചെന്നിത്തലയും എല്ലാം നിറഞ്ഞുനിൽക്കുന്ന നിരവധി ഹാസ്യമൂഹൂർത്തങ്ങളും കുറിക്കുകൊള്ളുന്ന വിമർശനങ്ങളും ഉള്ള കാർട്ടൂണുകൾ തൂലികയിൽ നിന്നും പിറവിയെടുക്കട്ടെ എന്നും ആശംസിക്കുന്നു.ഇവരിൽ ചിലർ കേരള രാഷ്ടീയത്തിന്റെ പരിമിതിയിൽ നിന്നും ദേശീയവും അന്തർദ്ദേശീയവുമായ കൂടുതൽ വിഷയങ്ങളിലേക്ക്‌ കടന്നുചെല്ലട്ടെ.

നമ്മുടെ ജീവനും സ്വത്തിനും നിലനിൽപ്പിനും തന്നെ ഭീഷണിയാകുന്ന തീവ്രവാദത്തെ തടയിടുവാൻ ജനത്തിനും സർക്കാറിനും കഴിയട്ടെ.പ്രീണനം കൈവെടിഞ്ഞ്‌ യാദാർത്ഥ്യം തിരിച്ചറിഞ്ഞു പ്രവർത്തിക്കുവാൻ രാഷ്ടീയപ്രസ്ഥാനങ്ങൾക്ക്‌ കഴിയട്ടെ. ഭീകരന്മാർ നിയമത്തിന്റെ മുന്നിൽ എത്തപ്പെടട്ടെ വയ്ക്തമായ തെളിവുകളോടെ വിചാരണ അനന്തമായി നീണ്ടുപോകാതെ അവർ ശിക്ഷിക്കപ്പെടട്ടെ.

തെങ്ങിൽ കൂടുതൽ കള്ളൂണ്ടാകട്ടെ. കള്ളുഷാപ്പുകളിൽ കൂടുതൽ കള്ളുചിലവാകട്ടെ.അന്തിക്കാടടക്കം ഉള്ള ഇടങ്ങളിലെ ചെത്തുതൊഴിലാളീകൾ പട്ടിണിയാകാതിരിക്കട്ടെ.

ഏറെ പ്രതീക്ഷയോടെ ജനം അധികാരത്തിലേറ്റിയിട്ട്‌ മൂന്നുവർഷം കഴിഞ്ഞു.ഇനിയിപ്പോൾ ഭാക്കിയുള്ള ഒരുവർഷം പ്രതീക്ഷയോടെ തന്നെ അധികാരത്തിലേറ്റിയ ജനങ്ങൾക്കായി സഖാവ്‌ വി.എസ്സ്‌. പരിമിതികൾക്കുള്ള്ലിൽ നിന്നുകൊണ്ടാണേലും തന്നെക്കൊണ്ട്‌ കഴിയാവുന്നത്‌ വല്ലതും ചെയ്യട്ടെ.

ചന്ദ്രനിൽ വെള്ളമുണ്ടോന്ന് അന്വേഷിക്കുവാൻ നിൽക്കാതെ ഇന്ത്യെയിലെ കോടിക്കണക്കായ ആളുകൾക്ക്‌ കുടിവെള്ളമെത്തിക്കുവാൻ അധികാരികൾക്ക്‌ നല്ല ബുദ്ധിയുണ്ടാകട്ടെ..

മലയാളികളും മലയാളികളല്ലാത്തവരും പരമാവധി പ്രകൃതിചൂഷണം ഒഴിവാക്കിക്കൊണ്ടുള്ള കെട്ടിടങ്ങൾ നിർമ്മിക്കുവാൻ ഉത്സാഹിക്കട്ടെ.എനിക്ക്‌ കൂടുതൽ സുഹൃത്തുക്കളും കുറച്ച്‌ ശത്രുക്കളും മനസ്സിൽ കൂടുതൽ ആശയങ്ങളും, ജീവിതത്തിൽ നന്മയും സന്തോഷവും അക്കൗണ്ടിൽ കൂടുതൽ പണവും ഉണ്ടാകട്ടെ.

എഴുതിയാൽ ഒത്തിരിയുണ്ട്‌ എന്നാൽ തൽക്കാലം നിർത്തുന്നു.

അകാലത്തിൽ നമ്മെവിട്ടുപിരിഞ്ഞുപോയ ജ്യോനവൻ എന്ന ബ്ലോഗ്ഗറുടേയും,എ.കെ ലോഹിതദാസ്‌,ഭരത്‌ മുരളി,രാജൻ പി.ദേവ്‌ എന്നിവരെ ഒരിക്കൽ കൂടെ സ്മരിചുകൊണ്ട്‌......എല്ലാ വായനക്കാർക്കും പുതുവൽസരാശംസകൾ...

സ്നേഹത്തോടെ
എസ്‌.കുമാർ

1 comment:

paarppidam said...

മലയാളിക്കും കുടുമ്പത്തിനും അന്നം കഴിക്കുവാൻ അവസരമൊരുക്കുന്ന ഗൾഫിലും മറ്റു പ്രവാസ ലോകങ്ങളിലും കൂടുതൽ ഐശ്വര്യവും സാമ്പത്തീക പുരോഗതിയും ഉണ്ടകട്ടെ. ..